Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Saturday, March 16, 2019

ജൈവ കൃഷി

ജൈവ പച്ചക്കറിക്കൃഷിക്ക് വളം അടുക്കളയില്‍ നിന്നും
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ജൈവകൃഷിക്ക് പ്രചാരമേറുന്ന ഈ കാലത്ത് അടുക്കളയിൽ നിന്നും  ആവശ്യം കഴിഞ്ഞ് പുറന്തള്ളുന്ന വസ്തുക്കളെ എങ്ങനെ കാര്‍ഷികവിളകള്‍ക്കായി ഉപയോഗിക്കാമെന്ന്  നാമറിഞ്ഞിരിക്കണം.

ഒരുപാട് ഭക്ഷ്യ "പാഴ് വസ്തുക്കള്‍' നമ്മുടെ അടുക്കളയില്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ പച്ചക്കറിക്ക് ഉപയോഗിച്ച് നല്ലൊരു അടുക്കളത്തോട്ടം എങ്ങനെ ഉണ്ടാക്കാമെന്നും ഏതൊക്കെ സാധനങ്ങൾ ജൈവവളമായി മാറ്റാമെന്നും പരിശോധിക്കാം.

1. ചാരം:
   ~~~~~~
അടുക്കളയില്‍ വിറകുപയോഗിക്കുന്ന ഇടങ്ങളില്‍ ചാരം നിത്യേന ഉണ്ടാകും. മിക്ക പച്ചക്കറിക്കും ചാരം ഉപയോഗിക്കാം. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് മൂലകങ്ങള്‍ക്കുപുറമെ ഇത് കീടനാശിനിയായും പ്രയോഗിക്കാം. ഇലതീനിപ്പുഴുവിനു മുകളില്‍ ഇലയില്‍ ചാരം വിതറിയാല്‍ മതി. കൂടാതെ ഇതില്‍ ഒരുകിലോഗ്രാം ചാരം അരിച്ചെടുത്ത് അതില്‍ 200 ഗ്രാം ഉപ്പുപൊടി (പരലുപ്പ് പൊടിച്ചത്),}200 ഗ്രാം നീറ്റുകക്കപ്പൊടി എന്നിവ കൂട്ടിച്ചേര്‍ത്ത് കീടങ്ങളുള്ള ഭാഗത്ത് നന്നായി തൂവിക്കൊടുത്താല്‍ പുഴുക്കളും മുഞ്ഞയും മാറിക്കിട്ടും.

2. കഞ്ഞിവെള്ളവും കാടിവെള്ളവും:
    ~~~~~~~~~~~~~~~~~~~~~~~~   അരികഴുകിയ കാടിവെള്ളവും കഞ്ഞിവെള്ളവും വളര്‍ച്ച ത്വരിതമാക്കാന്‍ സഹായിക്കും. ചുവട്ടില്‍ ഒഴിച്ചുകൊടുത്താല്‍ മതി. മുഴുത്ത കഞ്ഞിവെള്ളം ഒഴിച്ചാല്‍ ചിത്രകീടം, മിലിമൂട്ട എന്നിവയെ നിയന്ത്രിക്കാനാവും.

3. മത്സ്യം കഴുകിയ വെള്ളവും മത്സ്യാവശിഷ്ടവും:
  ~~~~~~~~~~~~~~~~~~~~
ഇതു രണ്ടും പച്ചക്കറികള്‍, വാഴ എന്നിവയ്ക്ക് നല്ല വളമാണ്. മത്സ്യാവശിഷ്ടം വാഴയ്ക്ക് ഏറെ സമൃദ്ധിനല്‍കും. ചുവട്ടില്‍ ഇട്ട് അല്‍പ്പം മണ്ണ് മൂടിയാല്‍ മതി. മീന്‍ കഴുകിയ വെള്ളം പച്ചക്കറിക്ക് ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. അലങ്കാരച്ചെടികളില്‍ പ്രയോഗിച്ചാല്‍ ധാരാളം പൂക്കളുണ്ടാകും.

4. മാംസാവശിഷ്ടം:
   ~~~~~~~~~~~~~
മാംസാവശിഷ്ടം (എല്ല് ഉള്‍പ്പെടെ) തെങ്ങ്, കമുക് എന്നിവയ്ക്കും എല്ല് നുറുക്കിയത് പൂച്ചെടികള്‍ക്കും ഉത്തമമാണ്. എല്ലിലെ ഫോസ്ഫറസ് ഘടകം പ്രത്യേകം ഗുണംചെയ്യും.

5. പച്ചക്കറി-ഇലക്കറി-പഴവര്‍ഗ അവശിഷ്ടങ്ങള്‍:
~~~~~~~~~~~~~~~~~~~~~
ഇവ ചെടികളുടെ ചുവട്ടില്‍ ഇട്ട് അഴുകാന്‍ അനുവദിച്ചും അല്ലാത്തപക്ഷം വിവിധ കമ്പോസ്റ്റുകൾ വഴിയും ജൈവവളമാക്കാം. പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചാല്‍ ചെറിയ ചെലവില്‍ നല്ല ജൈവവളമുണ്ടാക്കി ഉപയോഗിക്കാം. ഇതുപയോഗിച്ച് മണ്ണിരക്കമ്പോസ്റ്റും- സാധാരണ കുഴികമ്പോസ്റ്റും നിര്‍മിച്ച് വളമാക്കിമാറ്റാം.

6. ചിരട്ടക്കരി:
  ~~~~~~~~~
ചിരട്ട കത്തിച്ച കരി ജലശുദ്ധീകരണത്തിനുപയോഗിക്കാം. കൂടാതെ ഇതു പൊടിച്ച് വെള്ളംചേര്‍ത്ത് ചാന്താക്കിമാറ്റി നടുന്ന സമയം തണ്ടിലും വേരിലും മുക്കിയാല്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും വേരുകള്‍ പെട്ടെന്നു മുളയ്ക്കാന്‍ സഹായിക്കുകയുംചെയ്യും.

7. തേയില, കാപ്പി, മുട്ടത്തോട്:
  ~~~~~~~~~~~~~~~~~~~~~
ഇവ  ചെടികള്‍ക്കു ചുറ്റും മണ്ണില്‍ വിതറിക്കൊടുക്കാം. തേയിലയും കാപ്പിയും വെയിലത്തിട്ടുണക്കിവേണം നല്‍കാന്‍. മുട്ടത്തോട് വളര്‍ച്ച ത്വരിതപ്പെടുത്തും. മുട്ടത്തോട് നേരിട്ട്  വലിച്ചെടുക്കാൻ ചെടികൾക്ക് അല്പം പ്രയാസമാണ് എന്നതുകൊണ്ട് എഗ്ഗ് അമിനോ ഉണ്ടാക്കിയും ഉപയോഗിക്കാം.  പൂച്ചെടികള്‍ക്കും ഇവ ഉത്തമമാണ്.

8. തേങ്ങാവെള്ളം:
  ~~~~~~~~~~~~~
തേങ്ങാവെള്ളം പാഴാക്കരുത്. കീടനാശിനിയായും ഉത്തേജകവസ്തുവായും ഉപയോഗിക്കാം. പയര്‍ പൂവിടുമ്പോള്‍ തളിച്ചാല്‍ ഉല്‍പ്പാദന വര്‍ധനവുണ്ടാക്കും. കൂടാതെ വിവിധ ജൈവ കീടനാശിനി കൂട്ടുകള്‍ക്കും തേങ്ങാവെള്ളം ഉപയോഗിക്കാം.

കൂടാതെ അടുക്കളയിലെ കഞ്ഞിവെള്ളം പാഴാക്കി കളയാതെ എടുത്തുവയ്ക്കുകയും രണ്ടുദിവസം കൂടുമ്പോൾ തോട്ടത്തിലെ ചെടികളിൽ തളിക്കുകയും വേണം. വരൾച്ച മൂലമുള്ള ജലദൗർലഭ്യം പരിഹരിക്കാൻ ഇതു സഹായകമാകും. അതിൽ ഒരുപിടി ചാരംകൂടി ചേർത്തു തളിച്ചാൽ കീടബാധയും തടയാം.

No comments:

Post a Comment