Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Wednesday, January 30, 2019

പുതയിടൽ

വേനലിന്റെ കാഠിന്യമേറിവരുന്നതിനൊപ്പം ജലദൌര്‍ലഭ്യവും ഏറിവരികയാണല്ലോ. ഭൂഗര്‍ഭജലത്തിന്റെയും വേനലിലും വറ്റാത്ത കുളങ്ങളുടെയും തോടുകളുടെയും  നീരുറവകളുടെയും എണ്ണം മുന്‍കാലങ്ങളെയപേക്ഷിച്ച് ക്രമാതീതമായി കുറഞ്ഞിരിക്കുനതായാണ് നാം കാണുന്നത്. വയല്‍ നികത്തലും, പാരമ്പര്യ ജലസ്രോതസ്സുകളായ കുളങ്ങളും തോടുകളും നികത്തലും അനിയന്ത്രിതമായ മണ്ണെടുപ്പും ഭൂമി നികത്തലുമെല്ലാം വരാനിരിക്കുന്ന വരള്‍ച്ചക്ക് മതിയായ കാരണങ്ങളാണ്. കേരളത്തില്‍ കൃഷിക്കുപയുക്തമായ ഭൂമേഖലകളില്‍പ്പലതും വേണ്ടത്ര ജലസേചനസൌകര്യങ്ങളില്ലാത്തതിനാല്‍ തരിശുഭൂമിയായിക്കിടക്കുന്ന കാഴ്ചകളുടെ വ്യാപ്തി ഓരോ വേനലുകള്‍ കഴിയുമ്പോഴും ഏറിവരികയാണല്ലോ. ഇത്തരുണത്തില്‍ ജലസംരക്ഷണവും, ലഭ്യമായ ജലത്തിന്റെ കാര്യക്ഷമമായ ഉപഭോഗവും കാര്‍ഷികമേഘലയില്‍ കാലികപ്രാധാന്യമര്‍ഹിക്കുന്നു. ദീര്‍ഘകാലവിളകളെക്കാള്‍ ദിനേന ജലസേചനമാവശ്യമായ പച്ചക്കറിവിളകളെയാണ് ഏറെയും വരള്‍ച്ചയുടെ കെടുതികള്‍ ബാധിക്കുക. ഈ സാഹചര്യത്തില്‍ ലഭ്യമായ ജലത്തിന്റെ ഉപയോഗക്ഷമത കൂട്ടി വിളകളെ സംരക്ഷിക്കുന്നതെങ്ങനെയൊക്കെയൊന്ന് നോക്കാം.

പുതയിടല്‍

നല്ലൊരു ശതമാനം കര്‍ഷകരും അവഗണിക്കുന്ന ഒരു കാര്‍ഷികപ്രക്രിയയാണ് പുതയിടല്‍. പ്ലാസ്റ്റിക്‌ ഷീറ്റ് ഉപയോഗിച്ചുള്ള പുതയേക്കാള്‍  മണ്ണിനും സസ്യങ്ങള്‍ക്കും ആവശ്യമായ ഒന്നാണ് വളരുന്ന മണ്ണിനുമേലെയുള്ള ജൈവപുത. ജൈവവസ്തുക്കൾ ഏതുതരത്തില്‍പ്പെട്ടതയാലും കത്തിച്ചുകളയാതെ അവയുപയോഗിച്ചുള്ള പുതയിടലിന്റെ വിവിധ ഗുണങ്ങള്‍ വിവരിക്കാം.
* സൂര്യപ്രകാശമേല്‍ക്കാത്തതിനാല്‍ മണ്ണില്‍നിന്നും ജലാംശം ബാഷ്പീകരിക്കുന്നത് തടയാന്‍ പുതയിടല്‍ സഹായിക്കുന്നതുമൂലം ജലസേചനത്തിന്റെ അളവും നല്ലൊരുപരിധിവരെ കുറയ്ക്കാനാവും.
* പുതയിടുന്ന ജൈവവസ്ത്തുക്കള്‍ ക്രമേണ വിഘടിച്ച് മണ്ണിലേക്ക് ചേരുകയും മണ്ണിലെ ജൈവാംശം (Organic Carbon Content) ഏറുകയും ചെയ്യും. ഇങ്ങനെ പരുവപ്പെടുന്ന മണ്ണിന് ജലാഗിരണശേഷിയും ജലനിര്‍ഗ്ഗമനശേഷിയും വായുസഞ്ചാരവും കൂടും. വായുസഞ്ചാരം കൂടുന്നതിനാല്‍ മണ്ണില്‍ വായുവിന്റെ അസാന്നിധ്യത്തില്‍ വളരുന്ന രോഗകാരികളായ സൂക്ഷ്മാണുക്കളുടെ എണ്ണത്തില്‍ കാര്യമായ കുറവനുഭവപ്പെടും.
* ജൈവവസ്ത്തുക്കള്‍ പണവും അധ്വാനവും മുടക്കി കമ്പോസ്റ്റ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നതിനുപകരം വിളകള്‍ക്ക് പുതയിട്ടാല്‍ ഈ വസ്തുക്കള്‍ മണ്ണിനെയും ജലത്തെയും സംരക്ഷിക്കുകയും ക്രമമായി മണ്ണിലേക്ക് കമ്പോസ്റ്റായി വിഘടിച്ചുചേരുകയും ചെയ്യും.
* മേല്‍മണ്ണ് ചൂടാകാത്തതിനാല്‍ മണ്ണിരകളും, സൂക്ഷ്മജീവികളും മിത്രസൂക്ഷ്മാണുക്കളും മണ്ണിന്റെ മേല്‍പ്പരപ്പില്‍ത്തന്നെ വിരാജിക്കുകയും സസ്യങ്ങള്‍ക്കാവശ്യമായ ജൈവപ്രക്രിയകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. പോഷകങ്ങള്‍ ആഗിരണം ചെയ്യാനായി സസ്യങ്ങളുടെ വേരുകളും മേല്‍മണ്ണിലേക്ക് കൂടുതലായി വളര്‍ന്നുകയറും.
* ജൈവസ്തുക്കളിലെ സൂക്ഷ്മമൂലകങ്ങളെ വിഘടിപ്പിച്ചുതരുന്ന മണ്ണിരകളും സൂക്ഷ്മാണുക്കളും മറ്റും ഈ ജൈവപുതയുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമൂലം സസ്യങ്ങള്‍ക്കാവശ്യമായ വിവിധ സൂക്ഷ്മമൂലകങ്ങള്‍ ക്രമമായി സസ്യങ്ങള്‍ക്ക് ലഭ്യമാവുന്നു.
* മണ്ണിലെ കാര്‍ബണ്‍ : നൈട്രജന്‍ അനുപാതം (C : N Ratio ) കൃഷിമണ്ണിന് അനുയോജ്യമാംവിധം ക്രമപ്പെടുന്നതുമൂലം സൂക്ഷ്മമൂലകങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പോഷകങ്ങള്‍ ആഗിരണം ചെയ്യാനാവുന്ന ലവണരൂപത്തില്‍ സസ്യങ്ങള്‍ക്ക് ലഭ്യമാവുന്നു.
* ഉണങ്ങിയതും പച്ചയുമായ എല്ലാ ജൈവവസ്തുക്കളും പുതയിടാനായി ഉപയോഗിക്കാം. എന്നാല്‍ പയറുവര്‍ഗ്ഗത്തില്‍പ്പെട്ട ചെടികളില്‍ നന്നായി മാംസ്യം (Protein) അടങ്ങിയിരിക്കുന്നതിനാല്‍ ഇവയുടെ ഇലകളും തണ്ടുകളും പുതയിടാന്‍ ഉപയോഗിക്കുന്നത് മണ്ണിനെ പോഷിപ്പിക്കും. പുതയിടാനായും മണ്ണില്‍ പച്ചിലവളമായും ഉപയോഗിക്കാനായി ശീമക്കൊന്ന വളര്‍ത്തിയാല്‍ മണ്ണില്‍ വളം ചേര്‍ക്കുന്നത് നല്ലൊരുശതമാനം വരെ കുറയ്ക്കാവുന്നതാണ്.

തുള്ളിനന (Drip Irrigation)

ജലനഷ്ടം ഒട്ടുമില്ലാത്ത വിവിധ ജലസേചനരീതികളിലൊന്നാണ് തുള്ളിനന. കൃഷിഭൂമിയുടെ ചെരിവും നടീല്‍ അകലവും കണക്കാക്കിവേണം തുള്ളിനന സമ്പ്രദായം നടപ്പിലാക്കേണ്ടത്. പക്ഷേ, ഈ ജലസേഷണസമ്പ്രദായം വ്യാപകമായി പച്ചക്കറിചെയ്യുന്ന മേഖലകളില്‍പ്പോലും ഇന്നും ഫലപ്രദമായി ഉപയോഗത്തില്‍ വന്നിട്ടില്ല. വെള്ളത്തില്‍ ലയിച്ചുചേരുന്ന വളങ്ങള്‍, ഗോമൂത്രം എന്നിവയും തുള്ളിനനക്കുപയോഗിക്കുന്ന വെള്ളത്തില്‍ ലയിപ്പിച്ചുചേര്‍ക്കാനാവുമെന്ന
സൌകര്യവും ഈ ജലസേചനരീതിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഓരോ വിളകള്‍ക്കും അവ വളരുന്ന മണ്ണിന്റെ സ്വഭാവമനുസരിച്ചും വേണം എത്രമാത്രം വെള്ളം ആവശ്യമെന്ന് കണക്കാക്കി തുള്ളിനന പദ്ധതി ക്രമീകരിക്കേണ്ടത്.

സമയബന്ധിതമായ ജലസേചനം

മുന്‍പ് പറഞ്ഞപോലെ പുതയിട്ട കൃഷിയിടങ്ങളില്‍ വിളകള്‍ക്കാവശ്യമായ അളവില്‍ മാത്രമേ ജലസേചനം നടത്തേണ്ടതുള്ളൂ. പലപ്പോഴും ആവശ്യത്തില്‍ക്കൂടുതലുള്ള ജലസേചനം സസ്യങ്ങള്‍ക്ക് ഉപകരിക്കില്ല. പകരം ജലനഷ്ടവും മണ്ണില്‍ച്ചേര്‍ത്ത വളങ്ങളുടെ ഒലിച്ചുപോകലിനും വഴിവെക്കുന്നു. രാവിലത്തേതിനേക്കാള്‍ സായന്തനങ്ങളില്‍ ജലസേചനം നടത്തുന്നതാണ് പകല്‍ സമയത്തെ ബാഷ്പീകരണനഷ്ടം തടയാന്‍ നല്ലത്.

കളനിയന്ത്രണം

മണ്ണിലെ വളം വലിച്ചെടുക്കുന്നപോലെത്തന്നെ മണ്ണിലെ ജലാംശത്തിലെ നല്ലൊരുഭാഗവും കളകളെടുക്കുന്നു. ആയതിനാല്‍ വേനല്‍ക്കാലം തുടങ്ങുംമുന്‍പേതന്നെ കളകള്‍ പറിച്ചോ മുറിച്ചുമാറ്റിയോ നിയന്ത്രിക്കണം. ഈ കളകളെക്കൊണ്ടുതന്നെ പുതയിടുകയുമാവാം.

വിളകളുടെ തെരഞ്ഞെടുപ്പ്

വെള്ളത്തിന്റെ ആവശ്യകത വിവിധ വിളകള്‍ക്ക് വ്യത്യസ്തമായ അളവിലാണ്. ഉദാഹരത്തിന് പൈനാപ്പിള്‍ കൃഷിയില്‍ വാഴക്കൃഷിയെ അപേക്ഷിച്ച് കുറഞ്ഞ അളവില്‍ ജലസേചനം മതിയാവും. പയര്‍ കൃഷിയില്‍ കോവല്‍ കൃഷിയേക്കാള്‍ അല്‍പ്പം കുറഞ്ഞ അളവില്‍ ജലസേചനമേ വേണ്ടൂ. ആയതിനാല്‍ വേനലിന്റെ കാഠിന്യം കൂടുതലുള്ള പ്രദേശങ്ങളില്‍ യുക്തിപൂര്‍വ്വം വേണം യോജിച്ച വിളകള്‍ തെരഞ്ഞെടുക്കാന്‍. ചീര, ഇലക്കറികള്‍, തക്കാളി, ചിലയിനം മുളകുകള്‍ എന്നിവയ്ക്ക് സൂര്യപ്രകാശം താരതമ്യേന കുറഞ്ഞയളവില്‍ മാത്രം മതിയെന്നതിനാല്‍ ഇവ ഇടവിളയായി കൃഷിചെയ്തും ജലം ലാഭിക്കാം.
ജൈവവസ്തുക്കള്‍ മണ്ണില്‍ ചേര്‍ക്കല്‍ : മണ്ണിന്റെ ജൈവഘടന മണ്ണിലെ ജലാഗിരണശേഷിയിലും ജലനിര്‍ഗ്ഗമനശേഷിയിലും പ്രധാന പങ്കുവഹിക്കുന്നു. കരിയിലകള്‍ മാത്രമല്ല, ലഭ്യമായ ജൈവാവശിഷ്ടങ്ങളെല്ലാം ഏതുസമയത്തും മണ്ണിലേക്ക് ചേര്‍ക്കാം. പ്രത്യേകിച്ചും ഉണങ്ങിയ ചകിരിച്ചോര്‍, ചകിരിത്തൊണ്ട്, അടക്കാത്തൊണ്ട് എന്നിവ വെള്ളം ആഗിരണം ചെയ്ത് സാവധാനം മണ്ണിലേക്ക് പ്രവഹിപ്പിക്കുന്നവയാണ്. വരിയായി നട്ട വിളകളുടെയിടയില്‍ വേനലിന് മുന്നോടിയായി ചാലുകള്‍ കീറി ജൈവവസ്തുക്കള്‍ ചേര്‍ക്കുന്നതും നല്ലൊരുപരിധിവരെ ഗുണം ചെയ്യും. കൂടാതെ കൃഷിയിടത്തിനോരത്തെ തോടുകള്‍, ചാലുകള്‍ എന്നിവയിലെ വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം നില്‍ക്കുന്ന ചണ്ടി, കുളവാഴ എന്നിവ കോരിയെടുത്ത് വിളകളുടെ തടങ്ങളില്‍ നിക്ഷേപിക്കുന്നത് നല്ലൊരളവില്‍ വിളകള്‍ക്ക് ജലാംശം പകരും.

പ്രൂണിംഗ്, പഴുത്ത ഇലകള്‍ നീക്കം ചെയ്യല്‍

സസ്യത്തിലെക്ക് ആഗിരണം ചെയ്ത ജലത്തിന്റെ സൂര്യതാപത്തിനാലും കാറ്റിനാലുമുള്ള ബാഷ്പീകരണനഷ്ടം സംഭവിക്കുന്നത് ഇലകളിലൂടെയാണ്. ആയതിനാല്‍ സസ്യങ്ങളിലെ വെയിലേല്‍ക്കാത്ത ഭാഗങ്ങളിലുള്ള ശാഖകള്‍, മഞ്ഞയായതും, മഞ്ഞയായിത്തുടങ്ങുന്നതുമായ ഇലകള്‍ എന്നിവ നീക്കം ചെയ്യുന്നത് ബാഷ്പീകരണംത്തോത് കുറക്കാന്‍ സഹായിക്കും.

തണലേകല്‍

വിത്ത്‌ മുളച്ചതും പറിച്ചുനട്ടതുമായ ചെറുപ്രായത്തിലുള്ള തൈകള്‍ക്ക് പുതിയ തളിരിലകള്‍ വരുംവരെ മിതമായ തണല്‍ നല്‍കി അമിതമായ ചൂടില്‍നിന്നും അതുമൂലം അധികമായി വേണ്ടിവരുന്ന വെള്ളത്തിന്റെ ആവശ്യകതയില്‍ കുറവ് വരുത്താനാകും.

ഇതിനെല്ലാം പുറമേ, വരും മഴക്കാലങ്ങളില്‍ ഭൂമിയില്‍ മഴവെള്ളം സംഭരിക്കാനുള്ള നടപടികള്‍ക്ക് എല്ലാ കര്‍ഷകരും ദീര്‍ഖവീക്ഷണത്തോടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് വേനല്‍ക്കലത്തെക്കുള്ള മുന്‍കരുതലാണ്. ഇപ്പോഴുള്ള കുളങ്ങള്‍, മഴക്കുഴികള്‍, തോടുകള്‍ എന്നിവ സംരക്ഷിക്കുകയും, സമയാനുസൃതമായി അറ്റകുറ്റപ്പണികള്‍ നടത്തി നിലനിറുത്തേണ്ടതുമാകുന്നു.

Friday, January 25, 2019

ആപ്പിൾ സൈഡർ വിനെഗർ  വീട്ടിൽനിര്മിക്കാം.....

ആപ്പിൾ സൈഡർ വിനെഗർ  വീട്ടിൽനിര്മിക്കാം.....

ഹൃദ്രോഗങ്ങൾക്കെതിരെ എപ്പോളും പറഞ്ഞു കേൾക്കുന്ന പേരാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ലോകത്താകമാനം നൂറ്റാണ്ടുകളായി ഉപയോഗിക്കപ്പെട്ടു വരുന്ന ഒന്നാണിത് നമ്മുടെ വീടുകളിൽ ചൊർക്ക എന്ന പേരിൽ നിർമ്മിച്ചിരുന്ന ഒന്നാണ് ഇത് ചേരുവകൾ മാത്രം മരുന്നെന് മാത്രം . സൈനസൈറ്റിസ്, പനി, ഫ്ലൂ പോലുള്ള രോഗബാധകളെ സുഖപ്പെടുത്താനുള്ള ഇതിന്‍റെ കഴിവ് പ്രശസ്തമാണ്. എല്ലാ ദിവസവും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കുന്നത് വഴി ദഹനം മെച്ചപ്പെടുകയും, രക്തസമ്മര്‍ദ്ധം, ക്ഷീണം, ആര്‍ത്രൈറ്റിസ്, രക്തസമ്മര്‍ദ്ധക്കുറവ്, കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ തുടങ്ങിയവ ഭേദമാക്കാനും സാധിക്കും. ആയിരക്കണക്കിന് വര്‍ഷങ്ങളായി പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ചുവരുന്നു.

ഇത്രയേറെ ഗുണങ്ങൾ ഉള്ള  ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വലിയ വിലകൊടുത്തു കടകളിൽ നിന്നും വാങ്ങാതെ നല്ല ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എങ്ങനെ വീട്ടിൽ നിർമിക്കാം എന്ന് നോക്കാം.

അരകിലോ ആപ്പിൾ ,ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളവും ആണ് ഇതിനു ആവശ്യം.

നന്നായി കഴുകി വൃത്തിയാക്കിയ ആപ്പിൾ തൊലിയോ കുരുവോ  തണ്ടോ ഒന്നുംതന്നെ കളയാതെ വലിയ കഷണങ്ങൾ ആക്കി മുറിക്കുക.

അരക്കിലോ ആപ്പിൾ മുറിച്ചത് ഒരു ഗ്ലാസ് ജാറിൽ ഇട്ടു വയ്ക്കുക ഇതിൽ 3 സ്പൂൺ പഞ്ചസാര, കാൽ സ്പൂൺ യീസ്റ്റ് എന്നിവ ചേർത്തു  നന്നായി മിക്സ് ചെയ്തുവയ്ക്കുക.

ഇതിൽ ബാക്കി വെള്ളവും കൂടി ചേർത്ത് മരത്തവി കൊണ്ട് നന്നായി ഇളക്കുക.

വായ് മൂടിക്കെട്ടി ഈർപ്പം ഇല്ലാത്ത സ്ഥലത്തു വയ്ക്കുക.

എല്ലാ ദിവസവും മരത്തവി കൊണ്ട് ഇളക്കി കൊടുക്കുക.

3  ആഴ്ചയാണ് ഇത് പാകമാകാൻ എടുക്കുന്ന സമയം.

അതിനുശേഷം ഇത് നാനായി അരിച്ചെടുത്തു ഗ്ലാസ് ബോട്ടിലിൽ സൂക്ഷിച്ചു വയ്ക്കാം.

ഇത് ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ വളരെക്കാലം കേടുകൂടാതെ ഇരിക്കും .

ചില നാട്ടറിവുകൾ

പച്ചക്കറി തൈകള്‍ ആരോഗ്യത്തോടെ വളരാന്‍ പണ്ടു മുതലേ കൃഷിക്കാര്‍ പ്രയോഗിക്കുന്ന ചില നാട്ടറിവുകളുണ്ട്. എളുപ്പത്തില്‍ പ്രയോഗിക്കാവുന്ന ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അടുക്കളത്തോട്ടത്തിലെ കൃഷി എളുപ്പമാക്കാം.

1. വെള്ളരി, കുമ്പളം എന്നിവയുടെ വിളവ് കൂട്ടാന്‍ ചെടിക്ക് 5-6 അടി നീളമാകുമ്പോള്‍ ചുറ്റി വളച്ച് വക്കുക. ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ ശിഖരങ്ങള്‍ പൊട്ടും, പെണ്‍ പൂക്കള്‍ കൂടി കായകള്‍ കൂടുതല്‍ ലഭിക്കും.

2. ബന്ദിപൂ അടുക്കളത്തോട്ടത്തില്‍ ഇടക്കിടക്ക് നട്ടാല്‍ നീരുറ്റി കുടിക്കുന്ന പ്രാണികളെയും തണ്ടു തുരപ്പന്റെ ആക്രമണത്തേയും ചെറുക്കാം.

3. 50 ഗ്രാം ഉലുവ ചതച്ച് പച്ചക്കറി തടത്തില്‍ ചേര്‍ത്താല്‍ തണ്ടു തുരപ്പന്‍ വരില്ല.

4. പാവല്‍, പടവലം എന്നിവയുടെ വള്ളികള്‍ പന്തലില്‍ പടരുന്നതിനു മുമ്പായി താഴോട്ടിറക്കി വച്ച് മണ്ണിട്ടു മൂടിയാല്‍ കൂടുതല്‍ വേരും ശിഖിരവുമുണ്ടാകും. ഇതു കായ്ഫലം വര്‍ദ്ധിപ്പിക്കും.

5. പാവല്‍, പടവലം, പയര്‍ എന്നിവ നടുന്നതിനു മുമ്പ് ചപ്പുചവറുകള്‍ തടത്തിലിട്ടു തീ കത്തിച്ചാല്‍ മത്തന്‍ വണ്ടുകള്‍, കായീച്ചകള്‍, നിമവിരകള്‍ എന്നിവയുടെ ഇരിപ്പിടങ്ങള്‍ നശിപ്പിക്കാം.

6. പാവല്‍, പടവലം, ചുരക്ക, പീച്ചില്‍ എന്നിവയുടെ പൂ കൊഴിച്ചില്‍ മാറാന്‍ 25 ഗ്രാം കായം പൊടിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതി.

7. പയറിന്റെ പൂ പൊഴിച്ചില്‍ തടയാന്‍ ചാരം വളമായി ഇടുക.

8. കൊല്ലുന്ന ബാറ്റ് ഉപയോഗിച്ച് പറക്കുന്ന കീടങ്ങളെ നശിപ്പിക്കാം. പന്തലിട്ടു വളര്‍ത്തുന്ന പച്ചക്കറികളിലാണ് ഇതു പ്രാവര്‍ത്തികമാവുക. രാവിലെയും വൈകുന്നേരവും വേണം ഇതു ചെയ്യാന്‍.

9. മത്തന്‍ വളളി നീട്ടുമ്പോള്‍ മുട്ടിന് മുട്ടിന് പച്ചച്ചാണകം ഒരോ പിടിവച്ചു കൊടുത്താല്‍ വേഗം വളരും. പെണ്‍പൂക്കള്‍ കൂടുതലായിരിക്കും, കായ് പിടുത്തം കൂടും.

10. തക്കാളിയുടെ കുറുനാമ്പ് രോഗത്തിന് ഒരു ലിറ്റര്‍ വെള്ളത്തില്‍ 40 ഗ്രാം പാല്‍ക്കായവും, 200 മി.ലി. പാലും ചേര്‍ത്തിളക്കി തളിക്കുക.

വാം കുമിൾ

#ടിപ്സ്

കപ്പ തണ്ട് നടുമ്പോൾ കൂട്ടത്തിൽ ഒരു ചോളവും നടുക ... നല്ല വിളവ് കിട്ടും ... വാം എന്ന മിത്ര ബാക്ടീരിയ അവിടെ കിട്ടുന്നു ( ചോളത്തിൽ നിന്ന് )  ഇങ്ങനെ നടുമ്പോൾ അതാണ് കാരണം ..
ചെയ്തു വിജയിച്ച അനുഭവമാണ്.
എന്താണ്  വാം എന്ന് നോക്കാം ..

വളമായും വരൾച്ച തടുക്കാനായും വാം കുമിൾ

( വിവരണം കടപ്പാട് ......മഞ്ജുഷ ആർ എസ്‌
കൃഷി ഓഫീസർ, നടത്തറ, തൃശൂർ )

വെസിക്കുലാർ ആർബസ്ക്കുലാർ

മൈക്കോറൈസ അഥവാ വാം മണ്ണിൽ പ്രകൃത്യാതന്നെ കണ്ടുവരുന്ന മിത്രകുമിളുകളാണ്‌. ഇവ മൈക്കോറൈസ എന്ന വിശാലമായ വിഭാഗത്തിലെ അംഗങ്ങളാണ്‌. മെക്കോ എന്നാൽ കുമിൾ എന്നും റൈസ എന്നാൽ സസ്യങ്ങളുടെ വേര്‌ എന്നുമാണ്‌ അർത്ഥം. സസ്യങ്ങളുടെ വേരും വേരിനോട്‌ ചേർന്ന്‌ കാണപ്പെടുന്ന കുമിളുകളും തമ്മിലുള്ള പരസ്പര സഹായകരമായ ബന്ധത്തെയാണ്‌ മൈക്കോറൈസ എന്ന പദം സൂചിപ്പിക്കുന്നത്‌.
ചെടികൾക്ക്‌ മണ്ണിലെ ഫോസ്ഫറസ്‌ ലഭ്യമാക്കുന്ന പ്രധാന ജീവാണുവളമാണ്‌ വാം കുമിളുകൾ. കേരളത്തിലെ മണ്ണിൽ ഫോസ്ഫറസിന്റെ അംശം കൂടുതലാണെങ്കിലും ചെടികൾക്ക്‌ ലഭിക്കുന്നത്‌ കുറവായിട്ടാണ്‌ പഠനങ്ങൾ കാണിക്കുന്നത്‌. വാം ഉപയോഗംമൂലം ഈ പ്രശ്നം പരിഹരിക്കാം.

പ്രവർത്തനരീതി
സസ്യങ്ങളുടെ വേരുകളുമായി കൂട്ടുകൂടുന്ന വാം കുമിളുകൾ വേരിനു പുറത്ത്‌ ഒരു ആവരണമായി വളരുകയും സൂക്ഷ്മമായ നാരുകൾ വേരിലെ കോശസ്തരത്തിനിടയിലേക്കും മണ്ണിലേക്കും നീണ്ടു വളരുകയും ചെയ്യുന്നു. അങ്ങനെ മണ്ണിനും വേരിനും ഇടയ്ക്കുള്ള ഒരു കണ്ണിയായി പ്രവർത്തിക്കുന്നു. ഇവ മണ്ണിൽ നിന്നും പ്രധാനമായും ഫോസ്ഫറസ്‌, സിങ്ക്‌, സൾഫർ എന്നീ മൂലകങ്ങൾ വലിച്ചെടുക്കുകയും വേരുകൾക്കുള്ളിൽ ഉണ്ടാക്കിയ സൂക്ഷ്മ അറകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ പൊട്ടാസ്യം, നൈട്രജൻ, സൂക്ഷ്മ മൂലകങ്ങൾ, വെള്ളം എന്നിവയും വലിച്ചെടുക്കുന്നു. വേരിനുള്ളിലെ അറകൾ ഇടയ്ക്കിടെ വിഘടിക്കുമ്പോൾ മൂലകങ്ങളും വെള്ളവും ചെടികൾക്ക്‌ ലഭിക്കുന്നു. അങ്ങനെ വേരുകളുടെ ഉപവേരുകളായി ഇവ പ്രവർത്തിക്കുന്നു.
വേരുകൾക്ക്‌ പോകാൻ കഴിയുന്നതിലുംദൂരത്തേക്ക്‌ കുമിൾ നാരുകൾ നീളുകയും അങ്ങനെ ജലം വലിച്ചെടുക്കാനുള്ള ചെടിയുടെശേഷികൂടുകയും ചെയ്യുന്നതിനാൽ വരൾച്ചാ പ്രതിരോധശേഷി കൂടുന്നു. വാം ഉപയോഗിച്ച ചെടികളിൽ വേരിന്റെ എണ്ണവും വളർച്ചയും കൂടുതലായി കാണാം.
വാം കുമിളുകൾ കോളനിയുണ്ടാക്കിയ ചെടികളുടെ വേരുകളിൽ രോഗകാരികളായ മറ്റു കുമിളുകൾ, നിമാവിരകൾ എന്നിവ കടക്കുന്നത്‌ തടഞ്ഞ്‌ ചെടിയുടെ രോഗ പ്രതിരോധശേഷി കൂട്ടുന്നു.
വേരുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ചില പ്രത്യേക വസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. കൂടാതെ വേരുപടലങ്ങൾക്കടുത്ത്‌ ജീവിക്കുന്ന ഉപകാരികളായ സൂക്ഷ്മാണുക്കളുടെ വളർച്ചയേയും പ്രോത്സാഹിപ്പിക്കുന്നു.
വാം കുമിൾ നാരുകൾ മൺതരികളെ യോജിപ്പിച്ച്‌ മണ്ണിലെ സൂക്ഷ്മ സുഷിരങ്ങളുടെ എണ്ണം കൂട്ടുകയും മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ആവശ്യത്തിന്‌ വെള്ളം സംഭരിക്കുവാനും അധികജലം വാർത്തുകളയുവാനുമുള്ള മണ്ണിന്റെ കഴിവ്‌ വർദ്ധിക്കുന്നു.
ഇവ ഒരു ചെടിയുടെ വേരിൽ നിന്നും അടുത്ത ചെടിയുടെ വേരിലേക്ക്‌ വളരുകയും അങ്ങനെ മണ്ണിനടിയിൽ ചെടികൾ തമ്മിലുള്ള ആശയ വിനിമയത്തിന്‌ അത്ഭുതകരമായ ഒരു സംവിധാനം ഉണ്ടാക്കുകയും ചെയ്യുന്നു.
കാബേജ്‌, കാരറ്റ്‌, ബീറ്റ്‌റൂട്ട്‌ തുടങ്ങിയവ ഉൾപ്പെടുന്ന ചില സസ്യകുടുംബങ്ങളൊഴിച്ച്‌ മിക്കവയിലും വാം കുമിളുകൾ ഫലപ്രദമാണ്‌. കപ്പ, വാഴ, പച്ചക്കറി തുടങ്ങിയ വിളകളിൽ ഇവ വളരെ പ്രയോജനപ്രദമാണെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

വാംകുമിളുകൾ ഉപയോഗിക്കുന്ന രീതി
വെർമിക്കുലൈറ്റ്‌, പെർലൈറ്റ്‌ തുടങ്ങിയവയോടൊപ്പം വാംകുമിൾ അടങ്ങിയ വേരുകഷ്ണം കലർത്തിയതാണ്‌ നമുക്ക്‌ വാങ്ങാൻ കിട്ടുന്നത്‌. കേരള കാർഷിക സർവ്വകലാശാല, സംസ്ഥാന കൃഷിവകുപ്പ്‌, പ്രൈവറ്റ്‌ കമ്പനികൾ തുടങ്ങിയവർ വാം കൾച്ചറുകൾ ഉൽപാദിപ്പിക്കുന്നു.
വിത്ത്‌, തൈകൾ, കപ്പത്തണ്ട്‌, വാഴക്കന്ന്‌ എന്നിവ നടുന്ന കുഴികളിൽ വാം കുമിൾ ഇട്ടതിനുശേഷം അതിനു തൊട്ട്‌ മുകളിലായി നടാവുന്നതാൺ്‌. വേരുകൾ വളർന്നിറങ്ങുമ്പോൾ അതിൽക്കൂടി കടന്നുപോകണം. ഗ്രോബാഗുകളിലും ചെടിച്ചട്ടിയിലും ഇതേ രീതിയിൽ തന്നെ ഉപയോഗിക്കാം.
വിത്ത്‌ പാകാനുള്ള തവാരണകളിൽ കലർത്തിയും ഉപയോഗിക്കാം. വിളകൾ നടുമ്പോൾ തന്നെ വാം ഉപയോഗിക്കുന്നതാണ്‌ ഏറ്റവും ഫലപ്രദം എങ്കിലും നടീൽ കഴിഞ്ഞ വിളകൾക്ക്‌ വേരിനു സമീപം 5-10 സെമീ. മണ്ണിനടിയിലായി വാം ഇട്ട്‌ മണ്ൺകൊണ്ട്‌ മൂടാം. വിത്തിടുമ്പോൾ ഒരു നുള്ള്‌ (5 ഗ്രാം) വാം കൾച്ചർ മതിയാകും. വാഴക്കന്നിന്‌ ഏകദേശം 50 ഗ്രാം വേണം.

ശ്രദ്ധിക്കുക:-
വാം കൾച്ചറും വളർന്നുവരുന്ന വേരും തമ്മിൽ നേരിട്ട്‌ ബന്ധമുണ്ടാകേണ്ടത്‌ അത്യാവശ്യമാണ്‌. അതിനാൽ വാം കൾച്ചറിന്റ തൊട്ടുമുകളിൽ വിത്തോ, ചെടിയോ നടുക.

(Please note)
വാം കുമിളുകളോടൊപ്പം കീടനാശിനിയോ, രാസവളമോ, കുമ്മായമോ ഉപയോഗിക്കരുത്‌. എന്നാൽ ജൈവവളങ്ങളും, സ്യൂഡോമോണാസ്‌, ട്രൈക്കോഡേർമ എന്നിവയും ഉപയോഗിക്കുന്നത്‌ ദോഷകരമല്ല. വാം കുമിളുകളിൽ നേരിട്ട്‌ സൂര്യപ്രകാശം പതിക്കരുത്‌.

വാം കുമിളുകൾ കർഷകർക്കുമുണ്ടാക്കാം
വാം ഉപയോഗം വ്യാപകമാകാത്തതിന്റെ ഒരു പ്രധാന കാരണം അതിന്റെ ലഭ്യതകുറവാണ്‌. കണ്ണാറ വാഴ ഗവേഷണ കേന്ദ്രം, തൃശ്ശൂർ, സംസ്ഥാന ബയോ കൺട്രോൾ ലബോറട്ടറി, തിരുവനന്തപുരം, തമിഴ്‌നാട്‌ കാർഷിക സർവ്വകലാശാല, കോയമ്പത്തൂർ എന്നിവിടങ്ങളിൽ വാം കുമിളുകൾ ലഭിയ്ക്കുന്നതാണ്‌. മറ്റു ജീവാണുക്കളെപ്പോലെ ലാബിൽ ഇവ ഉൽപാദിപ്പിക്കാൻ സാധ്യമല്ല. കാരണം വാം ജീവനുള്ള സസ്യങ്ങളുടെ വേരിൽ മാത്രമേ വളരുകയുള്ളൂ. കർഷകർക്ക്‌ കുറഞ്ഞ ചിലവിൽ അവരവരുടെ ആവശ്യത്തിന്‌ വാം കുമിളുകൾ ഉണ്ടാക്കിയെടുക്കാനുള്ള രീതി ദേശീയ വിള ആരോഗ്യകേന്ദ്രം (ചകജഒങ്ങ), ഹൈദരാബാദ്‌ വികസിപ്പിച്ചിട്ടുണ്ട്‌. ചോളം, മണിച്ചോളം തുടങ്ങിയ പുല്ല്‌ വർഗ വിളകളുടെ വേരിൽ ഇവയെ വളർത്തിയെടുക്കുകയാണ്‌ ഈ രീതിയിൽ ചെയ്യുന്നത്‌.
സാധാരണ ചെടിച്ചട്ടിയിലോ, ടാങ്കിലോ, പോളിത്തീൻ ഷീറ്റ്‌ വിരിച്ച കുഴിയിലോ ചെടികൾ സാധാരണ രീതിയിൽ വളർത്താം. ചെടി വളരുന്ന മാധ്യമത്തിൽ മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ. അണുവിമുക്തമാക്കിയ മണ്ണോ, പെർലൈറ്റ്‌, വെർമിക്കുലൈറ്റ്‌ തുടങ്ങിയ അണുവിമുക്ത മധ്യമത്തിലോ ഇവയെ വളർത്താം. മണ്ണ്‌ അണുവിമുക്തമാക്കുന്നതിനായി ശക്തമായ വെയിലിൽ 3-4 ദിവസം ഉണക്കിയെടുത്താൽ മതി. ഇത്തരം മണ്ണ്‌ സാധാരണ ചെടിച്ചട്ടിയിൽ നിറയ്ക്കുക. കുറച്ച്‌ മണ്ണ്‌ മുകളിൽ നിന്നു നീക്കി വാം കൾച്ചർ ഇട്ട്‌ അതിന്‌ മുകളിൽ വിത്തിടുക. അതിനുശേഷം സാധാരണപോലെ മണ്ൺകൊണ്ട്‌ മൂടുക. ചെടിച്ചട്ടിയിൽ നിന്ന്‌ വെള്ളം പുറത്തേക്ക്‌ ഒലിച്ചുപോകാത്ത വിധം നനച്ചു കൊടുക്കണം. നല്ല വളർച്ച കിട്ടാൻ വെർമി കമ്പോസ്റ്റ്‌ ചേർക്കാം. 2-3 മാസത്തിനകം വിളവെടുക്കാം. ഇതിനായി നന നിർത്തി ഒരാഴ്ച കഴിഞ്ഞ്‌ തണ്ട്‌ ചുവട്ടിൽ വെച്ച്‌ മുറിച്ച്‌ മാറ്റണം. ചെടിയുടെ വേര്‌ പതുക്കെ പൊട്ടിപ്പോകാതെ പുറത്തെടുക്കാം. ചെറുതായി നുറുക്കിയവേര്‌, വേരുപടലത്തിനടുത്തുള്ള മണ്ണിനോടൊപ്പവും, വെർമികമ്പോസ്റ്റിനൊപ്പവും കലർത്തി അടുത്ത കൃഷിക്കായി ഉപയോഗിക്കാം. ആറു മാസംവരെയൊക്കെ വൃത്തിയായ കവറിൽ വേര്‌ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്‌.

തെങ്ങിന് വളം ചെയ്യുമ്പോള്‍ ഇത്തിരി ശ്രദ്ധ വേണം

തെങ്ങിന്റെ തടം തുറന്ന് വളം ചെയ്ത് തുടങ്ങുന്ന സമയമാണല്ലോ. കേരളത്തിന്റെ ഉത്പാദന ക്ഷമതയുടെ ഇരട്ടിയിലധികമാണ് അയൽ സംസ്ഥാനങ്ങളിൽ. അശാസ്ത്രീയമായ വളപ്രയോഗം ഒഴിവാക്കിയാൽ മികച്ച വിളവ് നേടാം.
തെങ്ങിന്റെ തടം തുറക്കുന്നത് മുതൽ എല്ലാ കാര്യത്തിലും അൽപം ശ്രദ്ധ നല്ലതാണ്. തെങ്ങ് മുതൽ തടത്തിന്റെ വരമ്പ് വരെ 2 മീറ്റർ വ്യാസാർദ്ധത്തിൽ വേണം തടം തുറക്കാൻ . തടത്തിൽ ആദ്യം ഇടേണ്ടത് കുമ്മായമാണ്. ഒരു തെങ്ങിന് ഒരു കിലോ കുമ്മായം അല്ലെങ്കിൽ ഡോളൊമൈറ്റ് വേണം. മണ്ണ് പരിശോധനയിലൂടെ കുമ്മായത്തിന്റെ കൃത്യമായ അളവ് മനസ്സിലാക്കാം .
കുമ്മായത്തിന് ശേഷം പച്ചില വളപ്രയോഗമാകാം. വളക്കൂറുള്ളതും എളുപ്പം അഴുകുന്നതുമായ പച്ചിലകളാണ് ഉത്തമം . ശീമക്കൊന്ന , ചണമ്പ്, കൊഴിഞ്ഞിൽ , പയറു വർഗ്ഗ വിളകൾ എന്നിവയെല്ലാം നല്ലതാണ് . സ്ഥൂല ജൈവവളങ്ങൾക്ക് മുൻഗണന നൽകേണ്ട തെങ്ങിന് 15 മുതൽ 25 കിലോ ജൈവവളങ്ങൾ ആവശ്യമാണ് . പച്ചില വളപ്രയോഗത്തിന് ശേഷം മറ്റ് നാടൻ വളങ്ങൾ പ്രയോഗിക്കാം. ചാണകം , കമ്പോസ്റ്റ് , ആല വളം, ചാരം , പിണ്ണാക്ക്, എല്ലുപൊടി , കോഴിവളം , മത്സ്യ വളം , മണ്ണിര കമ്പോസ്റ്റ് എന്നിവയൊക്കെ ലഭ്യതക്കനുസരിച്ച് ഉപയോഗിക്കാം .
കൃഷിക്കാർക്ക് കടല പിണ്ണാക്കിനോട് പ്രത്യേക മമത ഉണ്ടെങ്കിലും വിലയും പോഷകാംശവും കീട രോഗ പ്രതിരോധശേഷിയും വെച്ചു നോക്കുമ്പോൾ വേപ്പിൻ പിണ്ണാക്കാണ് തെങ്ങിന് ഉത്തമം . മണ്ഡരി , ചെന്നീരൊലിപ്പ് , തഞ്ചാവൂർ വാട്ടം എന്നിവയൊക്കെ പ്രതിരോധിക്കാൻ ഒരു പരിധിവരെ വേപ്പിൻ പുണ്ണാക്കിന് കഴിയും . ഒരു തെങ്ങിന് 5 കിലോ എന്ന നിരക്കിൽ വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കാം.
ചാരം നല്ലവളമാണെങ്കിലും പൊട്ടാഷിന്റെ അളവ് പൊതുവെ കുറവാണ് . തെങ്ങിന്റെ ഭാഗങ്ങൾ കത്തിച്ചു കിട്ടുന്ന ചാരം മികച്ച പൊട്ടാഷ് വളമാണ് . ഒരു തെങ്ങിന് ഒരു കിലോ എല്ലുപൊടി പ്രയോഗിക്കാമെങ്കിലും ഗുണമേന്മ ഉറപ്പ് വരുത്തേണ്ടതുണ്ട് .
നന്നായി ജൈവവളം ചെയതിട്ടുണ്ടെങ്കിൽ ഒരാഴ്ചയെങ്കിലും കഴിഞ്ഞ് രാസവളം കൂടെ ചേർത്ത് തടം മൂടുന്നതാണ് നല്ലത്. നേർ വളങ്ങളാണ് വിലക്കുറവിൽ മെച്ചം . ശരാശരി പരിചരണം നൽകുന്ന ഒരു തെങ്ങിന് മുക്കാൽ കിലോ യൂറിയ, 850 ഗ്രാം മഷൂറി ഫോസ,് ഒന്നേകാൽ കിലോ പൊട്ടാഷ് എന്നിവ നൽകാം .
ജലസേചനമടക്കമുള്ള മികച്ച പരിചരണം നൽകുന്നുണ്ടെങ്കിൽ ഒരു കിലോ നൂറ് ഗ്രാം യൂറിയ , ഒരു കിലോ അറുനൂറ് ഗ്രാം മഷൂറി, 2 കിലോ പൊട്ടാഷ് എന്നിങ്ങനെ നൽകാം. 10:5:20 കോക്കനട്ട് മിശ്രിതമാണെങ്കിൽ യഥാക്രമം മൂന്ന് കിലോ നാനൂറ് ഗ്രാമും അഞ്ച് കിലോയും നൽകാം .
തെങ്ങിന് അത്യന്താപേക്ഷിതമായ സസ്യപോഷകാംശമാണ് പൊട്ടാഷ് . അത് കൊണ്ട് ഫാക്ടംഫോസ് മാത്രമായി തെങ്ങിന് നൽകരുത്. ആവശ്യമായ അളവിൽ യൂറിയയും പൊട്ടാഷും ചേർത്ത് മാത്രമെ തെങ്ങിന് ഫാക്ടംഫോസ് നൽകാവൂ .
ശരാശരി പരിചരണമുള്ള തെങ്ങൊന്നിന് 350 ഗ്രാം യൂറിയ, 850 ഗ്രാം ഫാക്ടംഫോസ്, ഒരു കിലോ ഇരുനൂറ്റി അമ്പത് ഗ്രാം പൊട്ടാഷ് എന്നിവ ആവശ്യമാണ്.
മെച്ചപ്പെട്ട പരിചരണം നൽകുന്ന തെങ്ങൊന്നിന് 400 ഗ്രാം യൂറിയ, ഒരു കിലോ അറുനൂറ് ഗ്രാം ഫാക്ടംഫോസ്, 2 കിലോ പൊട്ടാഷ് എന്നിവ വേണം .
രാസവളങ്ങൾ മൂന്നിലൊരു ഭാഗം ഇടവപ്പാതിയിലും ബാക്കി തുലാവർഷത്തിലും നൽകുന്നതാണ് ഉചിതം. തെങ്ങൊന്നിന് അരക്കിലോ മെഗ്നീഷ്യം സൾഫേറ്റും നൽകാം . തെങ്ങിൻ തോപ്പിലെ ഇടവിളകൾക്ക് പ്രത്യേകം പരിചരണം നൽകാനും മറക്കരുത് .

ബക്കറ്റ് കൃഷി

സ്ഥലമില്ല കൃഷി ചെയ്യാൻ എന്ന് പറയുന്നവർക്കും.മണ്ണില്ലാ കൃഷി ചെയ്യാൻ എന്ന് പറയുന്നവർക്കും കൃഷി ചെയ്യാൻ മടിയുള്ളവർക്കം വേണ്ടി സമർപ്പിക്കുന്നത് എല്ലാം ചെയ്തിരിക്കുന്നത് മണ്ണില്ലാതെയാണ്
ഏത് തരം ബക്കറ്റിലും കൃഷീ ചെയ്യാം. ലൈറ്റ് വെയ്റ്റാണ് ചെയ്തിരിക്കുന്നത്,
അതായത് .ബക്കറ്റോ ,വാട്ടർബോട്ടിലൊ. വലിയ ഡ്രമ്മോ' എന്തായാലും. നന്നായി ശ്രദ്ധ കൊടുത്ത് ചെയ്താൽ പരിചരിച്ചാൽ. എന്തും വളർത്താം, അതിനൊരു താൽപര്യവും ഉണ്ടെങ്കിൽ.ഇത് പോലെ ആർക്കും ചെയ്യാം.
ഇനി കൃഷി രീതി'
.ആദ്യം ബക്കറ്റ് നന്നായി ക്ലീൻ ചെയ്ത് ബ്ലീച്ചിങ്ങ് പൗ ടർ ഉപയോഗിച്ച് കഴുകുക.
അതിൽട്രീറ്റഡ് ചകിരിച്ചോർ (അതായത് നന്നായി കഴുകി കറ കളഞ്ഞത്.. ബക്കറ്റിന്റെ വലിപ്പം അനുസരിച്ച് ,നിറക്കാന്നള്ള, ചകിരിച്ചോർ/അത്ര തന്നെ ചകിരീകമ്പോസ്റ്റ്, ചാണക പൊടി, അല്ലെങ്കിൽ ആട്ടിൻ കാഷ്ടം, .എല്ല് പൊടി, കടലപ്പിണ്ണാക്ക് .' വേപ്പീൻപിണ്ണാക്ക്, കുറച്ച് .കുമ്മായം, എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്ത് ഈർപ്പം കൊടുത്ത് .(അതായത് പുട്ടിന് പൊടി കുഴക്കുന്ന പരുവത്തിൽ വെള്ളം ചേർത്ത് 8 ദിവസ്സം തണലത്ത് മൂടി ഇട്ട്.... 8 ദിവസ്സം കഴിഞ്ഞ് ബക്കറ്റിൽ നിറക്കക നിറക്കുമ്പോൾ ഓരോ ബക്കറ്റിലും, 20 ഗ്രാം വീതം, സുഡോമോണസും, അസോസ് പൈ റീല്ലം, അല്ലങ്കിൽ അസ് റ്റോ ബാക്റ്റർ, മൈക്കോ റൈസാവാം. എന്നിവ ഇട്ട് വെള്ളം ഒഴിച്ച് 'ചെടികൾ നടുക. ചെടിയുടെ ഒട്ട് ഭാഗം മുകളിൽ വരത്തക വിധത്തിൽ മണ്ണ് ഇടുക ' ബക്കറ്റിന്റെ അര ഭാഗത്തിന് കുറച്ച് മുകളിൽ വരത്തക്ക രീതിയിൽ മിശ്രിതം നിറച്ചാൽ മതി. ഭാക്കി ഭാഗം ഇടക്കിടെ വളം കൊടുക്കാനായി ഉപയോഗിക്കാം. ചെടിവെച്ച് എന്നും ഉച്ചതിരിഞ്ഞ് നനക്കുക. നനയ്ക്കുമ്പോൾ ചെടി ഇലകൾ നനയത്തക്ക രീതിയിൽ നനയ്ക്കുക. കടയിൽ വെള്ളം കെട്ടി നിൽക്കരുത്, ബക്കറ്റിന്റെ ഏറ്റവും അടിയിലെ സൈഡിൽ മുന്ന് ഭാഗത്ത് ചെറുവിരൽ കനത്തിൽ ഹോൾ ഇടാൻ മറക്കരുത്.. പിന്നീട് രണ്ടാഴ്ച കഴിഞ്ഞ മൂന്ന് ദിവസ്സം ഇടവിട്ട്.. വേപ്പണ്ണ സോപ്പ് ലായനി തളിക്കുക.. ആഴ്ചയിൽ ഒരിക്കൽ സുഡോമോണസ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.15 ദിവസ്സത്തിലൊരിക്കൽ.19-19-19. N. P - K. തളിക്കുക; മിലി ബഗ്, വെള്ളിച്ച എന്നിവക്ക്: ടാക്നിക്ക് 'ജൈവ കീടനാശിനി തളിക്കുക. ചെടിവെച്ച് ഒരു മാസം കഴിഞ്ഞാൽ .മേൽ വളം കൊടുക്കാം.5 കിലോ പച്ച ചാണകം, ഒരു കീലൊ എല്ല പൊടി, അര കീലൊവേപ്പിൽ പിണ്ണാക്ക്, ഒരു കീലൊ കടലപിണ്ണാക്ക്, 500ഗ്രാം ശർക്കര.ഒരു ലിറ്റർ ഗോമൂത്രം 'ഒരു ലിറ്റർ കഞി വെള്ളം എന്നീ വ :3 ലിറ്റർ വെള്ളത്തിൽ കലക്കി 10 ദിവസ്സം തണലത്ത് മൂടി വെച്ച് രണ്ട് നേരം ഇളക്കി.10 ഇരട്ടി വെള്ളം ചേർത്ത് 15 ദിവസ്സം കുടുമ്പോൾ കടയിൽ ഒഴിച്ച് കൊടുക്കുക. സംയോജിത വളപ്രയോഗമാണ് ഫ്രൂട്ട് ചെടികൾക്ക് നല്ലത്. ഇടക്ക് 20-20 ഫാക്റ്റം ഫോസ് / 17 - 17 - 17 ' അല്ലെങ്കിൽ 16-16-16. എന്ന രാസവളം മാസത്തിൽ ഒരു തവണ കടയിൽ 100 ഗ്രാം വീതം ഇട്ട് കൊട്ടക്കു. തളിക്കാനായി. 'പൊട്ടാസിയം. സൾഫേറ്റ്, പൊട്ടാസിയം നൈട്രേറ്റ്, ,കാത്സ്യം നൈട്രേറ്റ്, 'മൈക്രോ ന്യൂ ട്രിയന്റെ. എന്നിവ ഓരോ മാസവും തളിച്ച് കൊടുക്കു മാറി മാറി, ഓട്ട് കൊമ്പുകൾ' 2 കൊല്ലം കൊണ്ടും എയർലെയർ ഒരുകൊല്ലം കൊണ്ടും കായ്കൾ ഉണ്ടാകും.പൂവിടാനുള്ള സമയമാകുമ്പോൾ പൊട്ടാഷ് വാങ്ങ് 100 ഗ്രം വീതം ഇട്ട് കൊടുക്കുക, കൊമ്പുണക്കവും, ജല കരിച്ചലം ഉണ്ടായാൽ .ട്ടിൽട്ട്, ടൈതേൻ /കാർ ബഡാ സിൻ, സാഫ് ,ഇതിൽ എതെങ്കിലും ഒന്ന് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നന്നായി ഇലയിലും തണ്ടിലും തളിക്കാം, മീലി ബഗ് /' വെള്ളിച്ച / രുക്ഷമായാൽ .എക്കോ ലാക്സ്, _ഹം ല550. മൂന്ന്  മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിക്കുക. ഇലയിൽ മഞ്ഞളിപ്പ് വന്നാൽ 3 ഗ്രാം മാങ്കോ സബ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചാലും മതി, മൂന്ന് മാസം കുടുമ്പോൾ 'ഒരോ ബക്കറ്റിലും 15 ഗ്രാംകുമ്മായം ചേർത്ത് വെള്ളം ഒഴിക്കകപിന്നെ 15 ദിവസ്സം കഴിഞ്ഞെവളം കൊടുക്കാവൂ. രാസവളം /ൈജവ ളം 20 ദിവസം ഇടവിട്ട് കൊടുക്കൻ പാടുള്ളൂ. ഇങ്ങിനെ മുടങ്ങാതെ ചെയ്താൽ നല്ല രീതിയിൽ എല്ലാ വിധ ഫ്രൂട്ടകളും ബക്കറ്റിൽ ഉണ്ടാകും. ഇതാണ് ഒരു കൃഷിരീതി