Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Tuesday, September 29, 2015

കൃഷി സിലബസ്

ഗ്രോബാഗുകളിലെ കൃഷി ഇപ്പോള്‍ തരംഗമാണ്. വിഷമയമില്ലാത്ത പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കണം എന്ന മലയാളിയുടെ ആഗ്രഹമാണ് ഈ തരംഗമുണ്ടാക്കിയത്. എന്നാല്‍ പലരും കരുതുന്നത് ഗ്രോബാഗുകളില്‍ വെള്ളം നനക്കുന്നതു കൊണ്ടു മാത്രം നല്ല വിളവു കിട്ടുമെന്നാണ്. ഗ്രോബാഗില്‍ വളര്‍ത്തുന്ന ചെടികള്‍ക്കു വേണ്ടത് പ്രത്യേക പരിചരണമാണ്. ഗ്രോബാഗുപയോഗിച്ചുള്ള കൃഷിയില്‍ ഏറ്റവും മികച്ച വിളവ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ലളിതമായ ഒരു പദ്ധതിയാണ് ജോണ്‍ ഷെറി തയാറാക്കിയിരിക്കുന്നത്. കൃഷി ഓഫിസര്‍ കൂടിയായ ജോണ്‍ ഷെറി സ്വന്തം വീട്ടുമുകളില്‍ 50 ഗ്രോബാഗുകള്‍ ഉപയോഗിച്ച് തോട്ടമുണ്ടാക്കി മൂന്നുകൊല്ലമായി നടത്തിയ പരീക്ഷണകൃഷിയിലൂടെയാണ് ഈ സിലബസ് തയാറാക്കിയത്. ഗ്രോബാഗില്‍ നൂറുമേനി വിളയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പാഠ്യപദ്ധതി പഠിക്കാന്‍ കൂടാം

എവിടെ കിട്ടും?

കൃഷി ഭവനില്‍ നിന്നും വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലില്‍ നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും ഗ്രോബാഗുകള്‍ കിട്ടും. പോട്ടിങ്ങ് മിശ്രിതത്തില്‍  തൈ പിടിപ്പിച്ചാണ് ഗ്രോബാഗുകള്‍ നല്‍കുന്നത്. കൃഷിഭവനുകളില്‍ നിന്ന് സബ്സിഡിയോടെ വാങ്ങുന്പോള്‍ 25 ഗ്രോബാഗുകള്‍ 500 രൂപക്ക് കിട്ടും. വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ ഹരിത നഗരി പദ്ധതി പ്രകാരം 25 ബാഗുകള്‍ക്ക് വില 2500 രൂപയാണ്

മട്ടുപ്പാവില്‍ കൊണ്ടുപോകും മുന്പ്

ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കുന്നത് നന്നല്ല. ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം വീഴാത്ത ഭാഗത്ത് ബാഗുകള്‍ സൂക്ഷിക്കണം. തൈകളിലെ വേരുകള്‍ ശരിക്ക് മണ്ണിലുറക്കാന്‍ ഇത് സഹായിക്കും. ഈ സമയത്ത് രണ്ടുനേരം വെള്ളം ഒഴിച്ചാല്‍ മാത്രം മതിയാകും. പ്രത്യേക വളപ്രയോഗം ആവശ്യമില്ല.

മട്ടുപ്പാവില്‍ നിരത്തുന്പോള്‍

ലീക്ക് ഒഴിവാക്കാന്‍ തട്ടില്‍ പെയിന്‍റ് ചെയ്യുന്നത് നല്ലതാണ്. ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കരുത്. രണ്ട്  ഇഷ്ടികകള്‍ക്കു മുകളില്‍  വയ്ക്കുന്നതാണ് നല്ലത്. വെള്ളത്തിന്‍റെ ഒഴുക്കിന് ഇഷ്ടികകള്‍ തടസ്സമാകുകയും അരുത്. ഇതിനായി ചരിവുള്ള ദിശയിലേക്ക് തിരിച്ചായിരിക്കണം ഇഷ്ടികകള്‍ വയ്ക്കേണ്ടത്. ബാഗുകള്‍ തമ്മില്‍ രണ്ടടി ദൂരവ്യത്യാസം ഉണ്ടാകണം.

ബാഗുകള്‍ വച്ചു കഴിഞ്ഞാല്‍

ചെടികളുടെ ചുവട്ടില്‍ കരിയിലകള്‍ വച്ച് പുതയിടണം. പുതയിടുന്നതിന്‍റെ ഗുണങ്ങള്‍ പലതാണ്. ചെടിക്കൊഴിക്കുന്ന വെള്ളം ബാഷ്പമായി പോകില്ല. ചെടിയുടെ വളം തിന്നാല്‍ കളകള്‍ വരില്ല. അള്‍ട്രാ വയലറ്റ് രശ്മികള്‍ മണ്ണില്‍ പതിച്ച് വേരുകള്‍ കേടാകുകയുമില്ല.

എന്താണീ സിലബസ് ?

ഗ്രോബാഗില്‍ ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതു കൂടാതെ  ചെയ്യേണ്ട കാര്യങ്ങളാണ് ഈ സിലബസില്‍. അതിനായി ആഴ്ചയിലെ ഏഴു ദിവസവും ഉള്‍പ്പെടുന്ന കലണ്ടറാണ് ജോണ്‍ ഷെറി തയാറാക്കിയത്.

തിങ്കളാഴ്ച

തിങ്കളാഴ്ചത്തെ താരം ജൈവ വളമാണ്. ഇത് എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം.ഈ വളം ഉണ്ടാക്കാന്‍  വെറും നാലു സാധനങ്ങള്‍ മതി.  1. പത്ത് കിലോ പച്ചച്ചാണകം 2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് 3.ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക്  4.ഒരു കിലോ എല്ലു പൊടി ഇവ ചേര്‍ത്ത് വെള്ളമോ ഗോമൂത്രമോ ചേര്‍ത്ത് വലിയൊരു പാത്രത്തില്‍ അടച്ചു വയ്ക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. വളം പുളിക്കുന്നതിന്‍റെ നല്ല ഗന്ധം ഉണ്ടാകും. വളം തയാറാകുന്നതിന്‍റെ സൂചനയാണിത്. നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാര്‍

ഈ വളമാണ് തിങ്കളാഴ്ചകളില്‍ ഉപയോഗിക്കേണ്ടത്. ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക. ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന്‍ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്

ചൊവ്വാഴ്ച

ചൊവ്വാഴ്ച ഒഴിവു ദിവസമാണ്. വെള്ളമൊഴിക്കല്‍ അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.

ബുധനാഴ്ച

ബുധനാഴ്ചത്തെ പ്രത്യേകത  സ്യൂഡോമോണസ് ഫ്ളൂറസന്‍സ് ആണ്. ഇത് ഒരു മിത്ര ബാക്ടീരിയയാണ്.   കടകളില്‍ വാങ്ങാന്‍ കിട്ടും. ഒരു കിലോ പൗഡറിന് ഏതാണ്ട് 70 രൂപ വിലവരും.  20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിക്കണം. ദ്രവരൂപത്തിലും സ്യൂഡോമോണസ് ലഭിക്കും. വില 250 ഗ്രാമിന് 90 രൂപ വരും. ദ്രവരൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ച് മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യം കൂട്ടാനും, വേരിന്‍റെ വളര്‍ച്ച വര്‍ധിപ്പിക്കാനും, മണ്ണിലെ മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ വേരുകള്‍ക്ക് കഴിവു നല്‍കാനും സ്യൂഡോമോണസിനാകും. ഇലപ്പുള്ളി രോഗം, വാട്ടുരോഗം, കുമിള്‍ രോഗം എന്നിവയെ ചെറുക്കുകയും ചെയ്യും

സ്യൂഡോമോണസ് ഉപയോഗിക്കുന്നതിന് മുന്പ്  ഒരു സ്പൂണ്‍ കുമ്മായം ബാഗിനോട് ചേര്‍ത്ത് വിതറണം. മാസത്തില്‍ ഒരിക്കല്‍ ഇത് ചെയ്താല്‍ മതി.

വ്യാഴാഴ്ച

വ്യാഴാഴ്ച വേപ്പിന്‍ സത്ത് കൊണ്ടുള്ള കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. അസാഡിറാക്സിന്‍, നിംബെസിഡിന്‍, ഇക്കോ നീം പ്ലസ് തുടങ്ങിയ പേരില്‍ ഇത് കടകളില്‍ കിട്ടും. 100 മില്ലിക്ക് 50 രൂപക്കടുത്ത് വില വരും. ഇതില്‍ രണ്ട് മില്ലി ഒരു ലിറ്ററില്‍  ചേര്‍ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക

വെള്ളിയാഴ്ച

വെള്ളിയാഴ്ച പ്രയോഗിക്കേണ്ടത് ഫിഷ് അമിനോ ആസിഡ് ആണ്.  ഇതുണ്ടാക്കാന്‍ ഒരു പാടുമില്ല. ഒരു കിലോ മത്തിയും ഒരു കിലോ ശര്‍ക്കരയും ചേര്‍ത്ത് പാത്രത്തില്‍ നന്നായി അടച്ച് സൂക്ഷിക്കുക. ഇടക്ക് തുറക്കരുത്.  15 ദിവസം കഴിയുന്പോള്‍ വൈനിന്‍റെ മണമുള്ള ദ്രാവകം കാണാം. അരിച്ചെടുത്ത ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി ചേര്‍ത്ത് തളിക്കുക കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്.  കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പം, നിറം, മണൡ എന്നിവയുണ്ടാകാനും സഹായിക്കും

ശനിയാഴ്ച

വിശ്രമദിവസമാണ് ശനിയാഴ്ച. വെള്ളം നന മാത്രം മതി

ഞായറാഴ്ച

സിലബസിലെ അവസാന ദിവസമാണ് ഞായര്‍. ഇത് സ്നേഹ ദിവസമാണ്. ചെടികളുമായി സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനും അല്‍പ സമയം മാറ്റിവയ്ക്കുന്നു. എനിക്ക് നല്ല വിളവ് തരണം , ഞാന്‍ നിന്നെ നന്നായി പരിപാലിക്കാം എന്ന് ചെടികളോട് പറഞ്ഞാല്‍ ഫലമുണ്ടാകുമെന്നാണ് ജോണ്‍ ഷെറി വിശ്വസിക്കുന്നത്

ഈ സിലബസില്‍ പറഞ്ഞ വളവും കീടനാശിനികളും ഉണ്ടാക്കാന്‍ 500 രൂപയേ ചിലവു വരൂ.  ഈ സിലബസ് കൃത്യമായി പാലിച്ചാല്‍ മികച്ച  വിളവെടുപ്പ് ജോണ്‍ ഷെറി ഉറപ്പു തരുന്നു. വീട്ടില്‍ മാത്രമല്ല ജോലി ചെയ്യുന്ന ചൂര്‍ണിക്കര കൃഷിഭവനിലും , ചൂര്‍ണിക്കര പഞ്ചായത്തിലെ  300 കൃഷിത്തോട്ടങ്ങളിലും ഈ സിലബസ് പ്രയോഗിച്ച് വിജയിപ്പിച്ചുണ്ട്

കൂടുതല്‍ സംശയങ്ങള്‍ക്ക് ജോണ്‍ ഷെറിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് ജോണ്‍ ഷെറി കൃഷി ഓഫിസര്‍ ചൂര്‍ണിക്കര കൃഷി ഭവന്‍ എറണാകുളം

Saturday, September 12, 2015

തെങ്ങിന് സംരക്ഷണം

                                 

തെങ്ങിന് സംരക്ഷണ പ്രവര്‍ത്തനം

                           കേരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് തെങ്ങിന്റെ കൂമ്പ് ചീയല്‍, ചെള്ളിന്റെ അക്രമണം മുതലായവ. ഇവിടെയുള്ള തെങ്ങുകളില്‍ ഈ രോഗ കീട ബാധയ്ക്കെതിരെ വര്‍ഷങ്ങളായി തുടരുന്ന പ്രതിരോധ പ്രവര്‍ത്തങ്ങളുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്നുള്ളത് ഈ ക്യഷിയിടം സന്ദര്‍ശിക്കുന്ന ഏവര്‍ക്കും മനസ്സിലാക്കാം. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം തെങ്ങിന്റെ ഓലക്കവിളില്‍ ഉപ്പും മണലും ചേര്‍ന്ന മിശ്രിതം ഇട്ട് തെങ്ങിന്റെ  നടത്തുന്ന സംരക്ഷണ പ്രവര്‍ത്തങ്ങള്‍ കേര സംരക്ഷണത്തിന് പ്രയോജനകരമാണ്. ഉപ്പിന്റെ മൂന്നിരട്ടി മണലും ചേര്‍ത്ത മിശ്രിതമാണ് ഈ രീതിയില്‍ ഉപയോഗിക്കുന്നത്.

                         മുകളില്‍ കൂമ്പിനു താഴെയുള്ള ഓലക്കവിളില്‍ തുടങ്ങി താഴെയുള്ള കവിള്‍ വരെ  മിശ്രിതം ഇടുന്നു ഇത് മഴ തുടങ്ങുമ്പോഴും മഴ അവസാനിക്കുമ്പോഴും ചെയ്യുന്നു. കാലവര്‍ഷത്തിന്റെ സമയത്ത് തെങ്ങിന്റെ കൂമ്പുകള്‍ ശക്തമായ കാറ്റില്‍ മറിഞ്ഞ് കുമിള്‍ രോഗമുണ്ടാവുന്നത് തടയുന്ന പ്രവര്‍ത്തനമാണ് ഉപ്പ് ഉപയോഗിക്കുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. തെങ്ങിന്റെ വിളവിനെ ബാധിക്കുന്ന നാമ്പോലയെ ആക്രമിക്കുന്ന കൊമ്പന്‍ ചെല്ലി മുതലായ ചെള്ളുകളെ തടയുന്നതിന് മണല്‍ ഉപയോഗിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ മണല്‍ ചെള്ളിന്റെ ദേഹത്ത് വീണ് ഇവക്ക് ഓലയില്‍ കുത്താന്‍ കഴിയാതെ ചത്തു പോകുന്നു

പുതിയതായി നട്ടു പിടിപ്പിച്ച തെങ്ങിന്‍ തൈകള്‍
                             തെങ്ങിന്റെ വേര് അടിയിലായതിനാല്‍ തെങ്ങിന് തടം തുറന്നു തന്നെ വളമിട്ടാല്‍ മാത്രമേ അവയ്ക്ക് ആവശ്യമായ പോഷണം കിട്ടൂ എന്നു വിശ്വസിക്കുന്നു. തടം തുറക്കാത്തതാണ് എണ്‍പത് ശതമാനം മഞ്ഞളിപ്പിന് കാരണമെന്നും തടം വ്യത്തിയാക്കാതിരുന്നാല്‍ തടത്തില്‍ ചിതല്‍പ്പുറ്റുണ്ടാവുകയും മുകളില്‍ ഇടുന്ന വളം മണ്ണിലേക്കിറങ്ങാതെ വേരിന് വലിച്ചെടുക്കാന്‍ കഴിയാതെ വരുന്നു. ആദ്യം ചാണകപ്പൊടിയാണ് വളമായി നല്‍കുന്നത്. തുടര്‍ന്ന് രാസവളങ്ങളും നല്‍കുന്നു.

Tuesday, September 8, 2015

കീടനാശിനിയായ് കഞ്ഞിവെള്ളം

     കീടനാശിനിയുടെ അളവ് മാരകമായ രീതിയിലടങ്ങിയിരിക്കുന്ന കറിവേപ്പിലയാണ് ഇന്ന് പച്ചക്കറി വിപണിയിലെ താരം. കീടമാണെന്ന് തിരിച്ചറിയാനിടയില്ലാത്ത രീതിയില്‍ ഇലയില്‍ പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിക്കുന്ന കറുത്തനിറത്തിലുള്ള അരക്കിന്റെ ആക്രമണം കറിവേപ്പിലയുടെ വളര്‍ച്ചമുടക്കും.

      വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുന്ന കറിവേപ്പിലകൃഷിയില്‍ അരക്കിനെ തുരത്താന്‍ മാരക കീടനാശിനിതന്നെയാണ് പ്രയോഗിക്കുന്നത്. 

അടുക്കളമുറ്റത്തെ കറിവേപ്പിലയെയും അരക്ക് വെറുതെ വിടാറില്ല. ആക്രമണത്തിന്റെ ആരംഭത്തില്‍തന്നെ കഞ്ഞിവെള്ളം ഇരട്ടി വെള്ളംകൂട്ടി നേര്‍പ്പിച്ച് ഇലകളില്‍ തളിച്ചാല്‍ അരക്കിനെ തുരത്താം.

      ഇവിടെ സഹായകമാകുന്നത് കഞ്ഞിവെള്ളത്തിന്റെ പശഗുണമാണ്. കഞ്ഞിപ്പശ ഉണങ്ങിയ പാടപോലെ അരക്കിനെയും പിടിച്ചുമാറ്റും. ആഴ്ചയിലൊരിക്കല്‍ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നത് കറിവേപ്പിലയുടെ വളര്‍ച്ച കൂട്ടും. ഒപ്പം ചാണകപ്പൊടിയും മേല്‍മണ്ണും തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തി തടംകോരുകയും വേനല്‍ക്കാലത്ത് നനയ്ക്കുകയും വേണമെന്നുമാത്രം.

       പയറിനും കഞ്ഞിവെള്ളം അനുഗ്രഹമാണ്. നാലില പരുവം മുതല്‍ കായ വിരിയുന്നതുവരെ ഏത് സമയത്തും കറുത്ത പേനിന്റെ ആക്രമണം പയറില്‍ പ്രതീക്ഷിക്കാം. പയറിന്റെ വളര്‍ച്ച മുരടിപ്പിക്കുന്ന പേനിനെ പിടിക്കാന്‍ ഏറ്റവും നല്ലത് കഞ്ഞിവെള്ളമാണ്. പുളിക്കാത്ത കഞ്ഞിവെള്ളം രാവിലെ 11 മണിയോടെ പയറില്‍ തളിക്കാം. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും പയറില്‍ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നതാണ് നല്ലത്. തക്കാളിയിലെ ചിത്രകീടത്തെ തുരത്താന്‍ അതിരാവിലെ കഞ്ഞിവെള്ളം തളിക്കാം.

        വെള്ളരിവര്‍ഗ വിളകളിലെ പ്രധാന പ്രശ്‌നമായ കായീച്ചയെ തുരത്താന്‍ കഞ്ഞിവെള്ളക്കെണിയാണ് നല്ലത്. ഉറി കെട്ടിത്തൂക്കാന്‍ പറ്റുന്ന, ജനാലകള്‍ തയ്യാറാക്കിയ പെറ്റ് ജാറിലോ ചിരട്ടയിലോ കാല്‍ഭാഗം പുളിച്ച കഞ്ഞിവെള്ളവും പത്ത് ഗ്രാം ശര്‍ക്കരപൊടിയും അരഗ്രാം രാസകീടനാശിനിയും ചേര്‍ത്ത് ഇളക്കുക. കെണിയില്‍ ആകര്‍ഷിക്കപ്പെടുന്ന കായീച്ചകള്‍ വിഷലിപ്തമായ കഞ്ഞിവെള്ളം ആര്‍ത്തിയോടെ കുടിച്ച് ചാവും.

        പുളിച്ച കഞ്ഞിവെള്ളം തന്നെയാണ് ബയോഗ്യാസ് പ്‌ളാന്റിന് പ്രിയം. പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് അടുക്കളമാലിന്യങ്ങളും ഇരട്ടി വെള്ളവും ചേര്‍ത്ത് പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്‌ളാന്റിന്റെ ഇന്‍ലെറ്റിലേക്ക് ഒഴിച്ചുകൊടുക്കാം. പുളിച്ച കഞ്ഞിവെള്ളത്തിന്റെ അളവനുസരിച്ച് ഗ്യാസിന്റെ അളവും കൂടും.

Monday, September 7, 2015

അടുക്കളത്തോട്ടത്തിലെ മുരിങ്ങയുടെയും വെണ്ടയുടെയും പ്രാധാന്യം..!!

അടുക്കളത്തോട്ടത്തിലെ മുരിങ്ങയുടെയും വെണ്ടയുടെയും പ്രാധാന്യം..!!
A, മുരങ്ങയിലെ കാഴ്‌ചശക്തി വർദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്ര രോഗത്തിനും ഫലപ്രദമായ ഔഷധമാണ്. മുരിങ്ങയില പതിവായി കഴിക്കുന്നവർക്ക് കണ്ണടയുടെ സഹായം കൂടാതെതന്നെ എഴുതാനും വായിക്കാനും സാധിക്കും. നാല്പതു വയസ്സു കഴിഞ്ഞവർ മുരിങ്ങയില ഒരു ആഹാരപദാർത്ഥമായി ഉപയോഗിക്കേണ്ടതാണ്. മുരിങ്ങയില രക്തസമ്മർദ്ദവും പ്രമേഹവും കുറയ്ക്കുകയും ചെയ്യും.
മുരിങ്ങയുടെ പഞ്ചാംഗങ്ങളും (വേര്, തൊലി, ഇല, പൂവ്, കായ) ഔഷധസന്പുഷ്ടമാണ്. നിരവധി രോഗങ്ങളെ നിശ്ശേഷം ഇല്ലാതാക്കുന്ന ഒരു ഔഷധമാണ് മുരിങ്ങ. വാതം, അശ്മരി, കുഷ്ഠം, പ്രമേഹം, മഹോദരം, ഭഗന്ദരം, അർശസ്സ്, ഗ്രഹണി എന്നീ എട്ടു രോഗങ്ങളെ മഹാരോഗങ്ങളുടെ പട്ടികയിലാണ് ആയുർവേദാചാര്യന്മാർ ഉൾപ്പെടുത്തിയിട്ടുള്ളത്.ഈ മഹാരോഗങ്ങൾക്കും മുരിങ്ങ ഫലപ്രദമായ ഔഷധമാണ്. മൂത്രാശയക്കല്ല് പുറത്തുകളയാൻ മുരിങ്ങവേരിൻത്തൊലി കഷായം വെച്ചു സേവിക്കുന്നത് ഉത്തമമാണ്.
പ്രമേഹരോഗികൾക്ക് മുരിങ്ങാക്കായും മുരിങ്ങയിലും പഥ്യാഹാരമാണ്. ആമവാതരോഗികൾക്കും മുരിങ്ങയില ഫലപ്രദമാണ്. വാതരോഗികൾക്കുള്ള ഇലക്കിഴിയിൽ മുരിങ്ങയില സർവസാധാരണമായുപുയോഗിക്കുന്നുണ്ട്.
മുരിങ്ങയിലയുടെ വിത്തിൽ നിന്നു ലഭിക്കുന്ന എണ്ണ ആമവാതരോഗത്തിന് സിദ്ധൗഷധമാണ്. സന്ധിവാതരോഗത്തിനും ഈ എണ്ണ ഫലപ്രദമാണ്. മുരിങ്ങയില ഉപ്പുചേർത്ത് അരച്ച് പുറമേ പുരട്ടിയാൽ സന്ധികളിലുണ്ടാകുന്ന നീരും വേദനയും വളരെ വേഗം മാറും.
മുരിങ്ങയുടെ പൂവിനും ഇലയുടെ പോലെതന്നെ ഔഷധഗുണമുണ്ട്. മുരിങ്ങപ്പൂവും കറിക്ക് ഉപയോഗിക്കാം. മുരിങ്ങപ്പൂവും മുരിങ്ങയിലയും അരിപ്പൊടിയും ചേർത്ത് അടയുണ്ടാക്കി കഴിക്കുന്നതും നല്ലതാണ്. മുരിങ്ങക്കായുടെ വിത്ത് ഉണക്കിപ്പൊടിച്ച് ശീലപ്പൊടിയാക്കി മൂക്കിൽ വലിച്ചാൽ അർദ്ദിതം (മുഖം ഒരുവശത്തേക്ക് കോടിപ്പോകുക) എന്ന വാതത്തിന് വളരെ വേഗം ആശ്വാസം ലഭിക്കും.
മുരിങ്ങ വേരിൻത്തൊലി കഷായംവെച്ച് അതിൽ ഇന്തുപ്പും കായം പൊടിച്ചതും മേന്പൊടി ചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് ആർത്തവകാലത്തുണ്ടാകുന്ന വയറുവേദന മാറിക്കിട്ടും.
രക്തത്തിൽ പഞ്ചസാരയുടെ തോത് ക്രമാധികം വർദ്ധിക്കുന്പോൾ പ്രമേഹരോഗികളുടെ കണ്ണിന് തകരാറുസംഭവിക്കും. കണ്ണിന്റെ കാഴ്ച മങ്ങുകയും കണ്ണിൽ ചുവപ്പുനിറമുണ്ടാകുകയും ചെയ്യും. മുരിങ്ങയില കുറച്ചുദിവസം കഴിച്ചാൽ ഈ അസുഖം മാറുന്നതാണ്. മുരിങ്ങയില നീര് 10 മില്ലി വീതം രാവിലെ കഴിച്ചാൽ ഹൈപ്പർ ടെൻഷൻ (രക്തസമ്മർദ്ദം) കുറഞ്ഞുകിട്ടും.
നടുവേദന, കാൽമുട്ടുവേദന, ആമവാതം, സന്ധിവാതം,ഹെർണിയ എന്നീ രോഗമുള്ളവർ മുരിങ്ങവേരിലെ തൊലി കഷായം വെച്ചു കഴിച്ചാൽ ആശ്വാസം കിട്ടും.
മുരിങ്ങക്കായുടെ കുരു ഉണക്കിപ്പൊടിച്ച് പാലിലിട്ട് കാച്ചി പഞ്ചസാര ചേർത്തുകുടിച്ചാൽ ശീഘ്രസ്ഖലനം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഉത്തമമാണെന്ന് ആയുർവേദഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.
B, വെണ്ടയ്ക്ക വളരെ പോഷകസമ്പന്നമാണ് . മിനറലുകള്‍, വിറ്റാമിനുകള്‍, ഓര്ഗാനനിക് സംയുക്തങ്ങള്‍ എന്നിവയാണ് വെണ്ടയ്ക്കക്ക് ആരോഗ്യഗുണങ്ങള്‍ നല്കുന്നത്. വിറ്റാമിന്‍ എ, ആന്റിിഓക്സിഡന്റു കളായ ബീറ്റ കരോട്ടിന്‍, ക്സാന്തെയിന്‍, ലുട്ടെയിന്‍ എന്നിവ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന സെല്ലുലാര്‍ മെറ്റബോളിസം കാഴ്ചശക്തിയെയും ദോഷകരമായി ബാധിക്കും. വെണ്ടയ്ക്ക ഉയര്ന്നഓ അളവില്‍ കഴിക്കുന്നത് മികച്ച കാഴ്ച ശക്തിക്കും, തിമിരം തടയാനും, റെറ്റിനയുടെ തകരാറുകള്‍ തടയാനും സഹായിക്കും.
വിറ്റാമിന്‍ എയും ആന്റിണഓക്സിഡന്റു‍കളും ചര്മ്മത്തിന്റെ് ആരോഗ്യത്തിന് ഫലപ്രദമാണ്. , മുഖക്കുരു, ചര്മ്മത്തിലെ പാടുകള്‍ എന്നിവ മായാനും, ചുളിവുകളില്ലാതാക്കാനും ഇവ സഹായിക്കും. വെണ്ടയ്ക്ക ആഹാരത്തിലെ ഫൈബറിന്റെ് അളവ് വര്ദ്ധിപ്പിക്കാന്‍ സഹായിക്കും . ഇതിലെ പശയുള്ള ഫൈബര്‍ ദഹനേന്ദ്രിയത്തിന് ഏറെ അനുയോജ്യമാണ്. ഇത് വഴി മലവിസര്ജ്ജ്നം സാധാരണ രീതിയിലാക്കുകയും ഉദരസംബന്ധമായ പ്രശ്നങ്ങളായ വയര്‍ ചീര്ക്കുല്‍, മലബന്ധം, കൊളുത്തിപ്പിടുത്തം, ഗ്യാസ് എന്നിവ കുറയ്ക്കുകയും ചെയ്യും.
വെണ്ടയ്ക്കയില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം ശരീരത്തിലെ ജലത്തിന്റെപ അളവ് നിയന്ത്രിക്കും. സോഡിയത്തിന്റെു അളവ് നിയന്ത്രിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. രക്തക്കുഴലുകളെയും ധമനികളെയും റിലാക്സ് ചെയ്യാന്‍ സഹായിക്കുന്ന പൊട്ടാസ്യം ഹൃദയത്തിനും ആശ്വാസം നല്കും. ഓക്സലേറ്റുകളുടെ ഉയര്ന്ന് അളവാണ് വെണ്ടയ്ക്കയിലെ ഒരു പ്രശ്നം . വൃക്കയിലും, പിത്താശയത്തിലും കല്ലുണ്ടെങ്കില്‍ ഓക്സലേറ്റുകള്‍ ഈ കല്ലുകളില്‍ പറ്റിപ്പിടിച്ച് അവ കൂടുതല്‍ വലുതായി പ്രശ്നം കൂടുതല്‍ വഷളാകാനിടയാക്കും. വെണ്ടയ്ക്ക പൊരിച്ച് കഴിക്കുന്നത് കൊളസ്ട്രോള്‍ ഉയര്ന്ന അളവില്‍ ശരീരത്തിലെത്താനിടയാക്കും. അതിനാല്‍ മറ്റ് രീതികളിലുള്ള പാചകമാണ് നല്ലത്.
വെണ്ടയ്ക്ക സ്‌നിഗ്ധവും ശീതകരവുമാണ്. ശുക്ലത്തെ ഉത്പാദിപ്പിക്കും. മൂത്രത്തെ വര്ധിിപ്പിക്കും. ഗുരുവാണ്. ഇതില്‍ പെക്ടിനും സ്റ്റാര്ച്ചും അടങ്ങിയിരിക്കുന്നു. പാകമാകാത്ത വെണ്ടയ്ക്കയാണ് കൂടുതല്‍ പ്രയോജനകരമായി കാണുന്നത്. മൂക്കാത്ത വെണ്ടയ്ക്ക ദിവസവും രാവിലെ തിന്നാല്‍ ശരീരത്തെ പോഷിപ്പിക്കും. അതിസാരത്തിന് വെണ്ടയ്ക്ക സൂപ്പുവെച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.
ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവികൊണ്ടാല്‍ ചുമയ്ക്കും ഒച്ചയടപ്പിനും ജലദോഷത്തിനും ഫലം ചെയ്യുമെന്ന് മെറ്റീരിയ മെഡിക്കയില്‍ നാദ്കര്ണിത രേഖപ്പെടുത്തിയിട്ടുണ്ട്. വെണ്ടയുടെ ഇലയും കായും ചതച്ച് നീരുള്ള ഭാഗത്ത് പുരട്ടിയാല്‍ നല്ല ഫലം പ്രതീക്ഷിക്കാം.
വെണ്ടയുടെ വേര് ഉണക്കിപ്പൊടിച്ചത് ഒരു ടേബിള്സ്പൂ ണ്‍ എടുത്ത് അതില്‍ ഓരോ ടീസ്പൂണ്വീനതം തേനും നെയ്യും ചേര്ത്ത്ന രാത്രി സേവിച്ച് അതിനുമീതേ പാല്‍ കഴിച്ചാല്‍ ശരീരത്തിന് ധാതുപുഷ്ടിയുണ്ടാകുന്നു. ശുക്ലത്തിന് കട്ടി വര്ധിടക്കും. മൂപ്പു കുറഞ്ഞ വെണ്ടയ്ക്ക പച്ചയായി കഴിച്ചാല്‍ ശുക്ലസ്ഖലനം, ശീഘ്രസ്ഖലനം എന്നിവയ്ക്ക് നിവാരണമുണ്ടാകും. മൂത്രത്തില്നിേന്ന് പഴുപ്പ്‌പോവുക, മൂത്രം പോകുമ്പോള്‍ വേദന അനുഭവപ്പെടുക, മൂത്രച്ചൂട്, മൂത്രതടസ്സം എന്നിവയ്ക്ക് വെണ്ടയ്ക്ക കഷായംവെച്ച് കഴിച്ചാല്‍ ഫലം ലഭിക്കും.
വെണ്ടയ്ക്കയില്‍ അടങ്ങിയ പോഷകദ്രവ്യങ്ങള്‍ ഇവയാണ്:
പ്രോട്ടീന്‍ 2.2 ശതമാനം,
കൊഴുപ്പ് 0.2 ശതമാനം,
കാര്ബോഹൈഡ്രേറ്റ് 7.7 ശതമാനം,
കാത്സ്യം 0.01 ശതമാനം,
ഇരുമ്പ് 1.5 ശതമാനം,
ഫോസ്ഫറസ് 0.03 ശതമാനം,
ബി1, വിറ്റാമിന്‍ സി എന്നിവയും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്

Sunday, September 6, 2015

അവക്കാഡോ

അവക്കാഡോ....... ഗ്രാഫറ്റട് തൈകൾ മേടിച്ച് നടുക ..... അല്ലെങ്കിൽ കുറേ വർഷങ്ങൾ എടുക്കും കായ് പിടിക്കാൻ ..



എന്താണ് അവക്കാഡോ - വെണ്ണപ്പഴം അഥവാ ‘ബട്ടര്‍ ഫ്രൂട്ട്’...??

അവക്കാഡോ
-------------------

ഏറ്റവും അധികം പോഷകമൂല്യമുള്ള പഴങ്ങളില്‍ ഒന്നാണ്‌ അവക്കാഡോ. കൊഴുപ്പ്‌ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട്‌ ഇത്‌ വെണ്ണപ്പഴം അഥവാ 'ബട്ടര്‍ഫ്രൂട്ട്‌' എന്നും അറിയപ്പെടുന്നു.

മധ്യഅമേരിക്കയും മെക്‌സിക്കോയുമാണ് അവക്കാഡോ പഴത്തിന്റെ ജന്മദേശം. ശാസ്ത്രീയനാമം ജലൃലെമ മാലൃശരമിമ. മെക്‌സിക്കോയുടെ വനപ്രദേശങ്ങളില്‍ കാണുന്ന നിത്യഹരിതമരം.

30 ഡിഗ്രി സെല്‍ഷ്യസ് ചൂടു ലഭിക്കുന്നതും മഞ്ഞുവീഴ്ച ഇല്ലാത്തതുമായ ലോകത്തിന്റെ എല്ലാ ഭാഗത്തും കൃഷിചെയ്യുന്ന ട്രോപ്പിക്കല്‍ ഫലവൃക്ഷം.

പഴത്തില്‍ മാംസ്യം 4% വരെയും കൊഴുപ്പ്‌ 30% വരെയുമണ്ട്‌. പഞ്ചസാരയുടെ അളവ്‌ വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക്‌ കഴിക്കാനുത്തമം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രീലങ്കയില്‍ നിന്ന്‌ കൊണ്ടു വന്നാണ്‌ ഇന്ത്യയില്‍ അവക്കാഡോ കൃഷി ആരംഭിച്ചത്‌. തെക്കെ ഇന്ത്യയിലെ ബാംഗ്ലൂര്‍, നീലഗിരി, കുടക്‌, വയനാട്‌ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലും മഹാരാഷ്ട്രയിലും സിക്കിമിലും മാത്രമേ ഇന്ന്‌ അവക്കാഡോ കൃഷി ചെയ്യുന്നുള്ളൂ.

വെള്ളം കെട്ടി നില്‍ക്കാത്ത ഏതു മണ്ണിലും അവക്കാഡോ കൃഷി ചെയ്യാം. ഇതിന്റെ വിത്തു മുളപ്പിച്ചാണ്‌ തൈകളുണ്ടാക്കുന്നത്‌. ഒരു വിത്തില്‍ നിന്ന്‌ കൂടുതല്‍ തൈകള്‍ ഉല്‌പ്പാദിപ്പിക്കുന്നതിന്‌ അവ നീളത്തില്‍ 4 മുതല്‍ 6 വരെ കഷണങ്ങളായി മുറിച്ചു നടാം. അവക്കാഡോ മരങ്ങളുടെ തടി താരതമ്യേന മൃദുവായതിനാല്‍ കാറ്റ്‌ കൂടുതലുള്ള സ്ഥലങ്ങളില്‍ ഒടിഞ്ഞ്‌ പോകാനിടയുണ്ട്‌. തൈകള്‍ പുഷ്‌പ്പിക്കുവാന്‍ 5-6 വര്‍ഷങ്ങള്‍ വേണം. ഒട്ടു ചെടികളില്‍ നിന്ന്‌ 3-4 വര്‍ഷത്തിനുള്ളില്‍ വിളവ്‌ ലഭിക്കും.

ഒരു മരത്തില്‍ നിന്നുമുള്ള ശരാശരി വിളവ്‌ 100 മുതല്‍ 500 കായ്‌കള്‍ വരെയാണ്‌. ഒരു കായ്‌ക്ക്‌ 250 മുതല്‍ 600 ഗ്രാം വരെ തൂക്കം ഉണ്ടാകും. കായ്‌കള്‍ മൂപ്പെത്തുന്നത്‌ കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവക്കാഡോയില്‍ ദ്വിലിംഗ പുഷ്‌പ്പങ്ങളാണെങ്കിലും ഇവ ഏകലിംഗികളെ പോലെയാണ്‌ പെരുമാറുക. ഓരോ പൂവും രണ്ട്‌ തവണ വിരിയും. പൂവുകള്‍ ആദ്യം വിരിയുമ്പോള്‍ പെണ്‍ പൂവായും രണ്ടാമത്‌ വിരിയുമ്പോള്‍ ആണ്‍ പൂവായും പ്രവര്‍ത്തിക്കും.

പൂക്കള്‍ വിരിയുമ്പോള്‍ പ്രകടമാക്കുന്ന ചില പ്രത്യേകതകളെ അടിസ്ഥാനമാക്കി അവക്കാഡോ ഇനങ്ങളെ 'എ' 'ബി' എന്നീ രണ്ട്‌ ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു. പരാഗണം ശരിയായി നടക്കുവാന്‍ ഈ രണ്ട്‌ വിഭാഗം ചെടികളും വേണമെന്നതിനാല്‍ ഇവ ഇടകലര്‍ത്തി വേണം നടാന്‍.

തേനീച്ചകളാണ്‌ പ്രധാനമായും പരാഗണം നടത്തുന്നത്‌. ഉയര്‍ന്ന താപനിലയുള്ള പ്രദേശങ്ങളില്‍ ആറു മാസത്തിനുള്ളില്‍ കായ്‌കള്‍ മൂത്ത്‌പാകമാകും. എന്നാല്‍ തണുപ്പ്‌ കൂടിയ പ്രദേശങ്ങളില്‍ കായ്‌കള്‍ മൂക്കാന്‍ 12 മുതല്‍ 18മാസം വേണം. മൂപ്പെത്തിയ കായ്‌കള്‍ പഴുക്കുന്നതിന്‌ പറിച്ചു വെയ്‌ക്കുന്നു. കായ്‌കള്‍ ചെടികളില്‍ തന്നെ നിലനിര്‍ത്തിയാല്‍ അവ പഴുക്കുന്നത്‌ താമസിപ്പിക്കും.

മറ്റ്‌ പഴങ്ങളെ അപേക്ഷിച്ച്‌ അവക്കാഡോ പഴത്തിന്‌ സ്വാദ്‌ കുറവായതിനാല്‍ വിപണികളില്‍ വിറ്റഴിക്കാന്‍ പ്രയാസമാണ്‌. എന്നാല്‍ പഴങ്ങള്‍ സംസ്‌കരിച്ച്‌ രുചികരമായ ഉല്‌പന്നങ്ങള്‍ ഉണ്ടാക്കാവുന്നതാണ്‌.

മൂപ്പെത്തിയതും പഴുക്കാത്തതുമായ കായ്‌കള്‍ ഉപയോഗിച്ച്‌ അവക്കാഡോ അച്ചാര്‍ ഉണ്ടാക്കാം. പഴുത്ത പഴങ്ങള്‍ എൈസ്‌ക്രീം, മില്‍ക്ക്‌ ഷേക്ക്‌ എന്നിവ നിര്‍മ്മിക്കാനും ഉപയോഗിക്കാം. അവക്കാഡോ വിത്തുകളിന്‍ നിന്ന്‌ സസ്യഎണ്ണയും വേര്‍തിരിച്ചെടുക്കാം. ഇത്‌

സൗന്ദര്യവര്‍ദ്ധക ഉല്‌പന്നങ്ങളില്‍ ധാരാളമായി ഉപയോഗിക്കുന്നു. ഒലിവെണ്ണയോടു താരതമ്യം ചെയ്യാവുന്ന ഇത്‌ ഒരു ഭക്ഷ്യ എണ്ണയായും അടുത്ത കാലത്ത്‌ പ്രാധാന്യം നേടി വരുന്നു. നമ്മുടെ കാലാവസ്ഥ അവക്കാഡോ കൃഷിക്ക്‌ വളരെ യോജിച്ചതാണ്‌. നേരിട്ട്‌ കഴിക്കാന്‍ സ്വാദ്‌ കുറവായതിനാല്‍ ഇതിന്‌ അധികം പ്രചാരം വന്നിട്ടില്ല. പക്ഷേ നല്ല കയറ്റുമതി ഈ പഴത്തിന്‌ എല്ലാ കാലത്തുമുണ്ട്‌. കൃഷി രീതികളെ സംബന്ധിച്ച്‌ അവ കൂടുതല്‍ കര്‍ഷകരില്‍ യഥാസമയം എത്തിച്ചാല്‍ ഏറെ വാണിജ്യ സാദ്ധ്യതയുള്ള അവക്കാഡോ കൃഷി കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ കഴിയും.

ഇനം, കാലാവസ്ഥ, മണ്ണ്, വെള്ളം സൂര്യപ്രകാശം ഇവയെ ആശ്രയിച്ചാണ് വിളവും ആയുസും. ഓരോ വര്‍ഷവും മഴക്കാലത്തിനു മുമ്പ് ജൈവവളങ്ങള്‍ നല്കണം. കൂടാതെ രണ്ടുമാസം കൂടുമ്പോള്‍ അല്പം എന്‍പികെ രാസവളം മേല്‍ മണ്ണില്‍ വിതറി കൊടുക്കുന്നതും നല്ലതാണ്. അധികം ഇലകള്‍ ഉണെ്ടങ്കില്‍ വളം കുറയ്ക്കണം, കാരണം അധികം ഇലകള്‍ ഉണെ്ടങ്കില്‍ കായ്പിടുത്തം കുറയും.

നമ്മുടെ നാട്ടില്‍ ചെമ്പന്‍ചെല്ലിയുടെ ശല്യം ചെറിയ തോതില്‍ കണ്ടുവരുന്നുണ്ട്. ഇവ തടിയില്‍ ദ്വാരംഉണ്ടാക്കി മുട്ടയിടുന്നു. ഇങ്ങനെയുള്ള ഭാഗം മുറിച്ചുകളയണം. അല്ലെങ്കില്‍ കാറ്റത്ത് ഒടിഞ്ഞുവീഴും.

ഇലയില്‍ വിഷമുള്ളഫാറ്റി ആസിഡ് ഉള്ളതിനാല്‍ മൃഗങ്ങള്‍ക്ക് ഭക്ഷണമായി നല്കരുത്. പൂക്കള്‍ രാവിലെയും വൈകുന്നേരവുമായി വിരിയുന്നതായി കാണാം. രാവിലെ വിരിയുന്ന മുഴുവന്‍ പൂക്കളും ഒന്നുകില്‍ ആണായിരിക്കും അല്ലെങ്കില്‍ പെണ്ണായിരിക്കും. മറ്റുദിവസങ്ങളിലും ഇതുപോലെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. 1000 മുതല്‍ 5000 പൂക്കളില്‍ നിന്നുമാത്രമേ പൂര്‍ണവളര്‍ച്ചയുള്ള ഒരു കായ് ലഭിക്കുകയുള്ളൂ.

Saturday, September 5, 2015

ഉറുമ്പുകളെ അകറ്റാൻ

ഉറുമ്പുകളെ അകറ്റാന്‍ ചില പൊടിക്കൈകള്‍
വൈറ്റ് വിനെഗര്‍ ഉറുമ്പിനെ കൊല്ലാന്‍ പറ്റിയ സാധനമാണ്. ഉറുമ്പുകള്‍ ഉള്ളിടത്ത് ഇത് സ്പ്രേ ചെയ്തു വയ്ക്കുക. പാത്രത്തിനുള്ളിലാണ് ഇവയെങ്കില്‍ പാത്രത്തിനു പുറത്ത് സ്പ്രേ ചെയ്യുക.
സോപ്പുവെള്ളം ഇവയെ കൊല്ലും. സോപ്പുവെള്ളം സ്പ്രേ ചെയ്താല്‍ ഇവ പോകുകയും ചെയ്യും.
വെള്ളരിക്ക, കുക്കുമ്പര്‍ തുടങ്ങിയവ ഉറുമ്പിനിഷ്ടമല്ല. ഇവയുടെ ഓരോ കഷ്ണം ഉറുമ്പുകള്‍ വരുന്നിടത്ത് വയ്ക്കുക.
മുളകു പൊടി, ഉപ്പ് എന്നിവ വിതറുന്നതും നല്ലതു തന്നെ. ഇവ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുകയുമാകാം.
കര്‍പ്പൂര തുളസി ഉണക്കിപ്പൊടിച്ചിടുന്നത് ഉറുമ്പിനെ അകറ്റും.
മസാലകളായി ഉപയോഗിക്കുന്ന ഗ്രാമ്പൂ, വഴനയില എന്നിവ ഉറുമ്പുകള്‍ ഉള്ളിടത്ത് വിതറുന്നത് നല്ലതാണ്.
ഒരു കിലോഗ്രാം ചാരത്തില്‍ കല്‍ കിലോഗ്രാം വീതം കാക്ക നീട്ടിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറുക.ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.
മിശിറുകള്‍(നീറുകള്‍) പച്ചക്കറികളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും കൊന്നോടുക്കുമെന്നതിനാല്‍ ഈ ഉറുമ്പുകളെ ശല്യപ്പെടുത്തരുത്........

കറിവേപ്പ്

 കറിവേപ്പ് ..വളർത്താൻ.................
.. പലരുടെയും പ്രശ്നം ആണ് കറിവേപ്പ് നട്ട് പിടിപ്പിക്കാൻ പറ്റുന്നില്ല എന്ന് , അതിനൊരു പരിഹാരം .. വേരിൽ നിന്നുണ്ടാകുന്ന തൈകൾ വളരാൻ ബുദ്ധിമുട്ടാണ് .രണ്ട് വർഷം കഴിഞ്ഞാലും നട്ട പോലെ ഇരിക്കും , പകരമായി കുരു മുളപ്പിച്ച് തൈ നടുക .. താഴെ കാണുന്ന താണ് കുരു ... മുളപ്പിച്ച് നടന്ന രീതി .... വിത്തുകള്‍ വഴുവ്ഴുപ്പുള്ള തൊലി മാറ്റിയ ശേഷം അരിച്ച മണ്ണും .ചാണക പൊടിയും മണലും ചേര്‍ത്ത മിശ്രിതം കൂടകളില്‍ നിറച്ചു പാകാവുന്നതാണ്, 40 മുതൽ 60 ദിവസം എടുക്കും കുരു കിളിർക്കാൻ , അതിന് മുമ്പ് ഉപേക്ഷിച്ച് പോകരുത് .കിളിർത്ത തൈകള്‍ മാറ്റി നടാൻ പ്രായമാകുമ്പോൾ 30 -35സെന്റിമീറ്റര്‍ നീളം വീതി ആഴമുള്ള കുഴി ഉണ്ടാക്കി മണ്ണും ,കാ ലി വളവും മണ്ണിര കമ്പോസ്റ്റും ചേര്‍ത്തിളക്കി തൈകള്‍ നടണം .അല്‍പ്പം മണല്‍ കൂടെ ചേര്‍ത്താല്‍ നീര്‍ വാര്‍ച്ച കിട്ടാന്‍ സഹായക മാകും .വൈകിട്ട് തൈകള്‍ നടുന്നതാണ്‌ നന്ന് .ആ ട്ടിന്‍ കാഷ്ടം ,വേപ്പിന്‍ പിണ്ണാ ക്ക് ,മണ്ണിര വളം ഇവ കറിവേപ്പിന് ഉത്തമം .ഒന്നര വർഷത്തേക്ക് ഇല പറിക്കരുത് .. അങ്ങനെ പറിച്ചാൽ വളരില്ല .. കഞ്ഞി വെള്ളം പുളിച്ചത് , തൈര് എന്നിവ ഒഴിച്ച് കൊടുത്താൽ പെട്ടെന്ന് വളരും ..ഇലയെടുക്കുമ്പോൾ കത്തി കൊണ്ട് കമ്പ് മുറിച്ച് എടുക്കുക ,അപ്പോൾ പുതിയ ഇലകൾ കിളിർക്കും അവിടെ ... വിത്ത് ഉപയോഗിച്ച് ഉണ്ടാക്കുന്ന കറിവേപ്പിലയ്ക്കു സ്വാദും മണവും കൂടുതലാണ് ... വിത്ത് ഉള്ളവർ ഇല്ലാത്തവർക്ക് അയച്ച് കൊടുത്ത് സഹായിക്കുക ...

Friday, September 4, 2015

ടെറസ്സിലെ മഴമറക്കൃഷി

ടെറസ്സിലെ മഴമറക്ക്യഷി

                         കൂടരഞ്ഞി പനക്കച്ചാലില്‍ വാലുമണ്ണേല്‍ മനോജ് മഴമറയെക്കുറിച്ചറിഞ്ഞത് ക്യഷി വകുപ്പ് പദ്ധതികളില്‍ നിന്നുമാണ്. അങ്ങനെ തന്റെ വീടിനു മുകള്‍ ഭാഗത്ത്  ഒരു മഴമറ നിര്‍മ്മിച്ചാലോ എന്ന ആലോചനയിലായി. പിന്നീട് ക്യഷിഭവനുമായി ബന്ധപ്പെടുകയും ഇതു നിര്‍മ്മിക്കുന്ന സാങ്കേതിക വശങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന് ത്യശ്ശൂര് നിന്ന് യു വി ഷീറ്റ് വരുത്തുകയും ആവശ്യത്തിനുള്ള ജി ഐ പൈപ്പുകള്‍ വാങ്ങി കൂടരഞ്ഞിയില്‍ത്തന്നെയുള്ള വെല്‍ഡറെ ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. മുന്നൊരുക്കമെന്ന നിലയില്‍ ടെറസ്സിന് വാട്ടര്‍ പ്രൂഫിംഗ് നടത്തി.  ടെറസ്സിന്റെ ഒരു ഭാഗം ചെരിഞ്ഞ പ്രതലമായിരുന്നിട്ടു കൂടി മെയ് മാസത്തില്‍ പണിതുടങ്ങി പെട്ടെന്ന് തന്നെ പൂര്‍ത്തീകരിച്ചു. കൂടെ ടെറസ്സിലേക്ക് കയറാന്‍ ജി ഐ പൈപ്പ് ഉപയോഗിച്ച് രണ്ടു കോണികളും.

                   ഇവിടെ ഗ്രോബാഗുകളാണ് ക്യഷിക്കായി ഉപയോഗപ്പെടുത്തിയത്. മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം എന്നിവ കൂട്ടാക്കി നിറച്ച എകദേശം നൂറ്റി നാല്‍പത് ഗ്രോ ബാഗുകള്‍ ഈ ടെറസ്സിലുണ്ട്. സൂപ്പര്‍ ലൈറ്റ് ഇനത്തില്‍പ്പെട്ട വള്ളിപ്പയര്‍ വഴുതന, വെണ്ട, തക്കാളി, മുളക്, കക്കിരി എന്നിവ ഈ ഗ്രോബാഗുകളില്‍ നട്ടു. കൂടെ മഴമറയ്ക്ക് അലങ്കാരമെന്ന രീതിയില്‍ വശങ്ങളില്‍ കൂടി കുറ്റിക്കുരുമുളകും ഇടുക്കി കാന്തല്ലൂരില്‍ നിന്നും കൊണ്ടു വന്ന സ്ട്രോബറിയും. ഇടക്ക് സ്യൂഡോമോണസ് പ്രയോഗവുമുണ്ട്. പൂര്‍ണ്ണമായും ജൈവ രീതിയിലാണ് ഈ മഴമറക്ക്യഷി ചെയ്തിരിക്കുന്നത്. നന എളുപ്പമാക്കുന്നതിനായി ത്യശ്ശൂരില്‍ നിന്നു തന്നെ വരുത്തിച്ച ഡ്രിപ് ഇറ്റിഗേഷന്‍ സംവിധാനവും ഇവിടെയുണ്ട്.

                          മഴമറ തയ്യാറാക്കിയപ്പോള്‍ കാറ്റ് ബാധിക്കാതിരിക്കാന്‍ വളഞ്ഞ രീതിക്കു പകരം പ്ലെയിന്‍ ആയിത്തന്നെയാണ് ഷീറ്റ് വിരിച്ചത്. കൂടെ ഒരു ചെരിവും കാറ്റ് ഈ ചെരിവില്‍ ഒഴിഞ്ഞു പോകും അതോടൊപ്പം മഴയത്തെ വെള്ളവും സുഗമമായി ഒഴുകി പോവുകയും ചെയ്യും . വൈകിട്ട് ഒരു മണിക്കൂര്‍ മാത്രം നന അതു മതി ഈ മഴമറക്ക്യഷിക്ക്. പച്ചക്കറികളെല്ലം കരുത്തോടെ വളരുന്നു ഈ  ക്യഷിയില്‍. ഈ ക്യഷിയില്‍ വിളവെടുത്തപ്പോള്‍ ലഭിച്ച പയര്‍ അയല്‍പക്കത്തുള്ളവര്‍ക്കു കൂടി നല്‍കി അതിന്റെ വലിയ സന്തോഷം ഈ വീട്ടിലുള്ളവര്‍ പങ്കിട്ടു.

                           രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ ശോഭിക്കുന്ന മനോജ് ഇങ്ങനെ പുതിയ കാലത്തിന്റെ ഈ ക്യഷി രീതികള്‍ വളരെ നല്ലതാണെന്നും എല്ലാകാലങ്ങളിലും വിഷരഹിതമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി ഇങ്ങനെയുള്ള മഴമറകള്‍ക്കു കഴിയുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷത്തെ കര്‍ഷക ദിനത്തില്‍ മികച്ച കര്‍ഷകനായി ആദരിക്കപ്പെട്ട പിതാവ് വി ജെ അബ്രാഹം അടങ്ങുന്ന കുടുംബം ഈ പുതിയ ക്യഷി രീതിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയത് ഈ സംവിധാനം ​വിജയമാകാന്‍ സഹായിച്ചു എന്നത് ചെറുതായ കാര്യമല്ല മുടക്കു മുതല്‍ അന്‍പതിനായിരത്തിനടുത്തു വന്ന സാഹചര്യത്തില്‍.

        ക്യഷിയില്‍ ക്യഷിഭവന്റെ സഹായം തേടുന്നതിനു മടിച്ചു നിന്നില്ല മനോജ്. ക്യഷിഭവന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു കൊണ്ടും ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ ക്യഷിയിടം സന്ദര്‍ശിച്ചു കൊണ്ടും ക്യഷിഭവന്റെ പിന്തുണ ലഭിച്ചു. എങ്കില്‍ത്തന്നെയും ഇദ്ദേഹത്തിന്റെ സ്ഥിരോല്‍സാഹവും തിരക്കിനിടയിലും ക്യഷിയെ കൈവിടാത്ത മനോഭാവവുമാണ് ഇവിടെ ഇങ്ങിനെ ഒരു മഴമറക്ക്യഷി ഒരുങ്ങിയതെന്ന് നിസ്സംശയം പറയാം.