പച്ചക്കറി തൈകള്‍ ആരോഗ്യത്തോടെ വളരാന്‍ പണ്ടു മുതലേ കൃഷിക്കാര്‍ പ്രയോഗിക്കുന്ന ചില നാട്ടറിവുകളുണ്ട്. എളുപ്പത്തില്‍ പ്രയോഗിക്കാവുന്ന ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അടുക്കളത്തോട്ടത്തിലെ കൃഷി എളുപ്പമാക്കാം.
1. വെള്ളരി, കുമ്പളം എന്നിവയുടെ വിളവ് കൂട്ടാന്‍ ചെടിക്ക് 5-6 അടി നീളമാകുമ്പോള്‍ ചുറ്റി വളച്ച് വക്കുക. ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ ശിഖരങ്ങള്‍ പൊട്ടും, പെണ്‍ പൂക്കള്‍ കൂടി കായകള്‍ കൂടുതല്‍ ലഭിക്കും.
2. ബന്ദിപൂ അടുക്കളത്തോട്ടത്തില്‍ ഇടക്കിടക്ക് നട്ടാല്‍ നീരുറ്റി കുടിക്കുന്ന പ്രാണികളെയും തണ്ടു തുരപ്പന്റെ ആക്രമണത്തേയും ചെറുക്കാം.
3. 50 ഗ്രാം ഉലുവ ചതച്ച് പച്ചക്കറി തടത്തില്‍ ചേര്‍ത്താല്‍ തണ്ടു തുരപ്പന്‍ വരില്ല.
4. പാവല്‍, പടവലം എന്നിവയുടെ വള്ളികള്‍ പന്തലില്‍ പടരുന്നതിനു മുമ്പായി താഴോട്ടിറക്കി വച്ച് മണ്ണിട്ടു മൂടിയാല്‍ കൂടുതല്‍ വേരും ശിഖിരവുമുണ്ടാകും. ഇതു കായ്ഫലം വര്‍ദ്ധിപ്പിക്കും.
5. പാവല്‍, പടവലം, പയര്‍ എന്നിവ നടുന്നതിനു മുമ്പ് ചപ്പുചവറുകള്‍ തടത്തിലിട്ടു തീ കത്തിച്ചാല്‍ മത്തന്‍ വണ്ടുകള്‍, കായീച്ചകള്‍, നിമവിരകള്‍ എന്നിവയുടെ ഇരിപ്പിടങ്ങള്‍ നശിപ്പിക്കാം.
6. പാവല്‍, പടവലം, ചുരക്ക, പീച്ചില്‍ എന്നിവയുടെ പൂ കൊഴിച്ചില്‍ മാറാന്‍ 25 ഗ്രാം കായം പൊടിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതി.
7. പയറിന്റെ പൂ പൊഴിച്ചില്‍ തടയാന്‍ ചാരം വളമായി ഇടുക.
8. കൊല്ലുന്ന ബാറ്റ് ഉപയോഗിച്ച് പറക്കുന്ന കീടങ്ങളെ നശിപ്പിക്കാം. പന്തലിട്ടു വളര്‍ത്തുന്ന പച്ചക്കറികളിലാണ് ഇതു പ്രാവര്‍ത്തികമാവുക. രാവിലെയും വൈകുന്നേരവും വേണം ഇതു ചെയ്യാന്‍.
9. മത്തന്‍ വളളി നീട്ടുമ്പോള്‍ മുട്ടിന് മുട്ടിന് പച്ചച്ചാണകം ഒരോ പിടിവച്ചു കൊടുത്താല്‍ വേഗം വളരും. പെണ്‍പൂക്കള്‍ കൂടുതലായിരിക്കും, കായ് പിടുത്തം കൂടും.
10. തക്കാളിയുടെ കുറുനാമ്പ് രോഗത്തിന് ഒരു ലിറ്റര്‍ വെള്ളത്തില്‍ 40 ഗ്രാം പാല്‍ക്കായവും, 200 മി.ലി. പാലും ചേര്‍ത്തിളക്കി തളിക്കുക.
No comments:
Post a Comment