മണ്ണിര കമ്പോസ്‌റ്റ്: ഒന്നാംതരം ജൈവവളം
വീടുകള്‍, ഫാമുകള്‍, പച്ചക്കറിക്കടകള്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്നെല്ലാം ധാരാളം പാഴ്‌ജൈവ വസ്‌തുക്കള്‍ പുറം തള്ളാറുണ്ട്. ഒരു ചിട്ടയുമില്ലാതെ എവിടെയെങ്കിലും നിക്ഷേപിക്കുന്ന ഇവ സാധാരണ ഗതിയില്‍ പരിസരം മലിനപ്പെടുത്തുകയും ജീര്‍ണിച്ച് ദുര്‍ഗന്ധം പരത്തുകയും ചെയ്യും.
ശരിയായ ഉപയോഗത്തോടെ ഇവയെ കമ്പോസ്‌റ്റ് ചെയ്‌തെടുക്കാന്‍ കഴിഞ്ഞാല്‍ അവശിഷ്‌ടങ്ങള്‍ നീക്കം ചെയ്യുന്നതിനും ഒന്നാന്തരം ജൈവവളമുണ്ടാക്കാനും കഴിയും.
അത് നമ്മുടെ പഴയകാല കൃഷിരീതിയിലേക്കുളള ചുവടുമാറ്റം കൂടിയാണ്. അമതി രാസവളപ്രയോഗത്തിലൂടെയും മറ്റും മണ്ണിന്റെ ഘടനയ്‌ക്കു തന്നെ മാറ്റംവരുന്ന ഇന്നത്തെ കാലത്ത് ജൈവകൃഷിരീതി അങ്ങേയറ്റം ഗുണകരമാണ്.
മണ്ണിന്റെ ഫലസമൃദ്ധി വര്‍ധിപ്പിച്ച് കൃഷിയെ ജീവിതഗന്ധിയാക്കാനും കഴിയും. തന്നെയുമല്ല നമ്മുടെ നാടന്‍രീതികള്‍ അന്യംനിന്നു പോകാതിരിക്കാനും ഇത് അനിവാര്യമാണ്.
കമ്പോസ്‌റ്റുണ്ടാക്കുന്നതിനായി ധാരാളം മാര്‍ഗങ്ങളുണ്ട്. പ്രാദേശികമായി ലഭിക്കുന്ന മണ്ണിരകളെ ഉപയോഗിച്ച് ലളിതമായ രീതിയില്‍ കമ്പോസ്‌റ്റ് നിര്‍മിക്കുന്ന രീതിക്ക് നല്ല പ്രചാരം ലഭിക്കുന്നുണ്ട്. പെരിയോനിക്‌സ്, എക്‌സ്കവറ്റസ് എന്നീ മണ്ണിരകളെ വളര്‍ത്തി, കുഴികള്‍, ടാങ്കുകള്‍ എന്നിവയിലാക്കി അതിലേക്ക് ജൈവമാലിന്യങ്ങളും നിക്ഷേപിച്ച് ജൈവവളം തയ്യാറാക്കാം.
പറമ്പുകളില്‍ നിന്നു മണ്ണിരയെ ശേഖരിക്കാം. മണ്ണിരകളുടെ സാന്നിധ്യം അനുഭവപ്പെടുന്ന മണ്ണിനു മുകളില്‍ ശര്‍ക്കര, പുതിയ ചാണകം എന്നിവ വെള്ളത്തില്‍ കലക്കി തളിച്ച് പഴയ ചാക്കു കൊണ്ട് നന്നായി മൂടുക. മുപ്പത് ദിവസം വരെ വെള്ളം തളിച്ചാല്‍ മണ്ണിരകളെ കണ്ടു തുടങ്ങും. ഇവയെ ശേഖരിച്ചു ഉപയോഗിക്കാം. ജൈവ മാലിന്യങ്ങള്‍ ഇടാന്‍ ആവശ്യത്തിനു വലിപ്പമുള്ള കുഴിയോ ടാങ്കോ നിര്‍മിക്കാവുന്നതാണ്. മണ്ണിരയ്‌ക്ക് ഉറുമ്പ് ശല്യമാണെന്നതിനാല്‍ ഇവയെ പ്രതിരോധിക്കാനായി കുഴികളുടെ ചുമരുകളുടെ മധ്യത്തില്‍ ജലം നിറച്ച് വെയ്‌ക്കാന്‍ സംവിധാനം ഉണ്ടാകണം. രണ്ട് അറകള്‍ കമ്പോസ്‌റ്റ് കുഴിക്കുണ്ടാവുന്നതാണു നല്ലത്. വീട്ടിലെ വേസ്‌റ്റ്, പച്ചക്കറി വേസ്‌റ്റ്, പേപ്പര്‍, ചാണകം തുടങ്ങിയവ നിക്ഷേപിക്കാം. പുളിയും എരിവും മധുരവുമുള്ള വസ്‌തുക്കളും പ്ലാസ്‌റ്റിക്കും ഇടരുത്.
തയ്യാറാക്കിയ കുഴിയുടെ ഏറ്റവും അടിയില്‍ ചകിരി നിരത്തി ബെഡ് നിര്‍മിക്കുക. ഇതിനടിയില്‍ നിന്നും ചെറിയ പൈപ്പ് പുറത്തേക്കിടുക. ഇതിലൂടെയാണു വെര്‍മിവാഷ് എന്ന ദ്രാവകം പുറത്തേക്ക് വരിക. ഇതിലേക്ക് പത്തിരട്ടി വെള്ളം കലര്‍ത്തി ചെടികള്‍ക്ക് നനച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. കീടനാശിനിയായും വെര്‍മി വാഷ് ഉപയോഗിക്കാം. ചകിരി നിരത്തിയതിനു ശേഷം അതിലേക്ക് മണ്ണിരയെ നിക്ഷേപിക്കുക. ജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനോടൊപ്പം പച്ചചാണകവും തളിച്ചു കൊടുക്കുക. വെള്ളത്തിന്റെ അംശം കുറയുമ്പോള്‍ ഇടയ്‌ക്കിടയ്‌ക്ക് നനച്ച് കൊടുക്കുന്നത് നല്ലതാണ്. ആഴ്‌ചയിലൊരിക്കല്‍ ഇളക്കുന്നത് വായു സഞ്ചാരം കൂട്ടും.
ഉള്ളിലെ അവശിഷ്‌ടങ്ങള്‍ കറുത്ത് തരികള്‍ പോലെ കാണാന്‍ തുടങ്ങുമ്പോള്‍ കമ്പോസ്‌റ്റായി എന്നു മനസ്സിലാക്കാം. ഏകദേശം 8090 ദിവസം കൊണ്ട് കമ്പോസ്‌റ്റ് തയ്യാറാകും. ആ സമയം മണ്ണിരയുടെ വിസര്‍ജ്യം മേലേക്ക് എത്തും. കമ്പോസ്‌റ്റ് എടുക്കുമ്പോള്‍ മണ്ണിരകൂടെ ചേര്‍ന്ന് വരാതെയിരിക്കാന്‍ മൂന്ന് ദിവസം മുമ്പ് തന്നെ വെള്ളം ഒഴിക്കുന്നത് നിര്‍ത്തണം. അപ്പോള്‍ ഭൂരിഭാഗം മണ്ണിരയും താഴേത്തട്ടിലേക്ക് പോകും. അരിപ്പകളിലൂടെയും മണ്ണിരയെ വേര്‍തിരിക്കാവുന്നതാണ്. കമ്പോസ്‌റ്റിനു മണ്ണിന്റെ ഗന്ധമായിരിക്കും. രണ്ട് കുഴികള്‍ ആണെങ്കില്‍ ആദ്യ അറയില്‍ വെള്ളമൊഴിക്കുന്നത് നിര്‍ത്തുമ്പോള്‍ മണ്ണിരകള്‍ ഈര്‍പ്പമുള്ള രണ്ടാമത്തെ അറയിലേക്ക് മാറും.
മണ്ണിരകമ്പോസ്‌റ്റിനു നല്ല മാര്‍ക്കറ്റുണ്ട്. അതിനാല്‍ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്കും സ്വാശ്രയസംഘങ്ങള്‍ക്കും മണ്ണിരവള നിര്‍മ്മാണം തുടങ്ങാവുന്നതാണ്.
അവശിഷ്‌ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്‌ത് പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയുമാകാം. കാര്‍ഷിക വിളകള്‍ക്ക് നല്ലൊരു ജൈവവളമാണ് മണ്ണിര കമ്പോസ്‌റ്റ്.
No comments:
Post a Comment