Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Saturday, August 15, 2015

ബയോ ഹൈ ടെക് കൂണ്‍ കൃഷി

മനോരമയിൽ വന്ന ലേഖനം

ലോകം മുഴുവന്‍ ഹൈ ടെക് ആകുന്നു. കൂണ്‍ കൃഷി മാത്രം എന്തിന് മാറി നില്‍ക്കണം. കേരളത്തിലെ കൂണ്‍ കൃഷിയില്‍ ബയോ ഹൈട് കൃഷി വിപ്ളവത്തിന് ആരംഭമായി. സാധാരണ കൂണ്‍ കൃഷിക്കു വേണ്ടതിന്‍റെ ഇരട്ടി മുതല്‍ മുടക്കിയാല്‍ നാലിരട്ടി ലാഭം നേടാനാകും ബയോ ഹൈ ടെക് കൂണ്‍ കൃഷിയില്‍ . ഈ പാഠം നമ്മെപഠിപ്പിക്കുകയാണ് ആലപ്പുഴ എരമല്ലൂരുള്ള ഷൈജി എന്ന വീട്ടമ്മ

ബയോ ഹൈ ടെക് കൃഷിയില്‍ കൂണ്‍പുരയിലെ അന്തരീക്ഷം പൂര്‍ണമായും കര്‍ഷകയാണ് നിയന്ത്രിക്കുന്നത്. തെര്‍മോ ഹൈഡ്രോ മീറ്ററില്‍ തെളിയുന്ന താപനിലക്കും ആര്‍ദ്രതക്കും അനുസരിച്ച് മുറിയില്‍ മാറ്റങ്ങള്‍ വരുത്താം. ഓരോയിനം കൂണിനും വേണ്ട സാഹചര്യം തുടര്‍ച്ചയായി നിലനിര്‍ത്താം. ശരിയായ അളവിലുള്ള വായൂസഞ്ചാരവും വെളിച്ചവും ഉറപ്പുവരുത്താം. സാധാരണ രീതിയില്‍ എട്ടുമാസം മാത്രം കൃഷി ചെയ്യാന്‍ കഴിയുന്പോള്‍ ഇവിടെ ഷൈജിക്ക് വര്‍ഷം മുഴുവന്‍ കൂണ്‍ ഉല്‍പാദനം നടത്താം. അങ്ങനെ വിപണിയില്‍ തുടര്‍ച്ചയായ വിതരണം ഉറപ്പാക്കാം. ഈ കാര്യങ്ങളില്‍ ആകൃഷ്ടയായാണ് ഷൈജി ബയോ ഹൈ ടെക് രീതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്

പുതുരീതിയില്‍ കൃഷി തുടങ്ങാന്‍ കഴിഞ്ഞ എട്ടുകൊല്ലമായി ഈ രംഗത്തുള്ള അനുഭവം കരുത്തായി. പുതിയ കാല്‍വയ്പ്പില്‍ ആദ്യ ഘട്ടം ആധുനിക രീതിയില്‍ കൂണ്‍പുരയൊരുക്കലായിരുന്നു. നേരത്തേയുണ്ടായിരുന്ന കൂള്‍ വളര്‍ത്തല്‍ ഹാളിനു മുകള്‍ ഭാഗം തിരഞ്ഞെടുത്തു. ജി ഐ പൈപ്പുകളില്‍ സ്ട്രക്ച്ചര്‍ ഒരുക്കി. യു വി ഷീറ്റുകൊണ്ട് വശങ്ങള്‍ മറച്ചു. മേല്‍ക്കൂര തീര്‍ത്തു. സൂര്യപ്രകാശം മുറിയിലേക്ക് കടക്കുന്നത് തടഞ്ഞു. ആധുനിക കൂണ്‍ മുറിയുടെ ഏറ്റവും പ്രധാന ഭാഗങ്ങളില്‍ ഒന്നായ ഈ പാഡ് സജ്ജീകരിച്ചു

ചൂടു വായു പുറത്തേക്കും തണുത്ത വായു അകത്തേക്കും കടക്കും വിധമാണ് വായൂ ചലനത്തിന്‍റെ രൂപകല്‍പന. താപനില ക്രമീകരിച്ചു നിര്‍ത്തുന്നതില്‍ മുഖ്യ റോള്‍ വഹിക്കുന്നത് ഈ എക്്ഹോസ്റ്റ് ഫാനും. നെറ്റുകള്‍ പിടിപ്പിച്ച് പൂര്‍ണമായും കീടബാധയെ തടയുന്ന സാഹചര്യം സൃഷ്ടിച്ചു. പരന്പരാഗത രീതികളിലെ നല്ല വശങ്ങളുംനിലനിര്‍ത്തി. ബെഡുകള്‍ കുത്തനെ തൂക്കിയിട്ട് സ്ഥലവും ചെലവും ലാഭിക്കാനും ശ്രദ്ധിച്ചു

ഇനി ബയോ ഹൈ ടെക് കൂണ്‍ കൃഷിയുടെ സാന്പത്തിക വശം. ഇത്തരം കൂണ്‍ ഹൗസുകളുണ്ടാക്കാന്‍ ചെലവ് സാധാരണയിലും കൂടുതലാണ്. 650 ചതുരശ്ര അടി വലുപ്പത്തില്‍ ഈ മുറിയൊരുക്കാന്‍ മൂന്നു ലക്ഷം രൂപ ചെലവായി. എന്നാല്‍ നടത്തിപ്പ് ചെലവ് കുറവാണ്. വൈദ്യുതി ചെലവുള്‍പ്പെടെ വര്‍ഷം ഒരു ലക്ഷം രൂപയാണ് വേണ്ടത്. ഒരു വര്‍ഷം 2220 കിലോ ഗ്രാം ഉല്‍പാദനം പ്രതീക്ഷിക്കാം.വിറ്റു വരവ് 6,70,000 രൂപയായാല്‍ . ലാഭം 2,78,000 രൂപ

ഇത്രയും സ്ഥലം തന്നെ ഉപയോഗിച്ച് സാധാരണ രീതിയില്‍ കൃഷിചെയ്യുന്പോഴുള്ള മൂലധനച്ചെലവ് ഒരു ലക്ഷമായിരിക്കും. നടത്തിപ്പ് ചെലവും ഒരു ലക്ഷം വരും. എന്നാല്‍ 1300 കിലോ ഗ്രാം ഉല്‍പാദനം പ്രതീക്ഷിച്ചാല്‍ മതി. 3,90,000 വിറ്റു വരവുണ്ടായായാല്‍ ലാഭം 70,000 രൂപയായിരിക്കും. ഈ സ്ഥാനത്താണ് നാലിരട്ടി ലാഭമുള്ള ബയോ ഹൈ ടെക് കൂണ്‍ കൃഷി ആകര്‍ഷകമാകുന്നത്.

പഴയ രീതിയില്‍ സ്പ്രിന്‍ഗ്ളര്‍, മിസ്റ്റ് ഇറിഗേഷന്‍ നടത്തുന്പോള്‍ ഉള്ള ഫംഗസ് സാധ്യത ഇവിടില്ല.കാരണം വിവിധ ഘട്ടങ്ങളിലായുള്ള ശീതീകരണ സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. കീടനിയന്ത്രണത്തിനുള്ള ഓര്‍ഗാനിക് സംവിധാനവും ഫലപ്രദമാണ്. ഷെഡ്ഡിന്‍റെ അടിസ്ഥാന രൂപം 20 കൊല്ലം നില്‍ക്കും. ജൈവ കാര്യക്ഷമത 95 ശതമാനമാണിവിടെ. കാര്‍ബണ്‍ സാന്നിദ്ധ്യംകുറവാണെന്നതും ഒരു ഘടകമാണ്

ഷൈജി വര്‍ഗീസ് എന്ന ഈ വീട്ടമ്മ കൂണ്‍ കൃഷിയുടെ ഹൈടെക് വഴികളിലേക്ക് നടക്കുന്നതില്‍ നിന്ന് മലയാളിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഒഴിവുസമയം പാഴാകാതിരിക്കാന്‍ ചെറിയ രീതിയില്‍ തുടങ്ങിയ കൃഷിയാണ് ഇപ്പോള്‍ ആധുനിക സങ്കേതങ്ങളിലേക്കെത്തി നില്‍ക്കുന്നത്. 2007ല്‍ ആയിരുന്നു തുടക്കം. ഭര്‍ത്താവിന്‍റെയും കുട്ടികളുടെയും പിന്തുണയുണ്ടായിരുന്നു കുടുംബത്തിനും കൂട്ടുകാര്‍ക്കും വിഷമേല്‍ക്കാത്തതും പോഷകസമ-ൃദ്ധവുമായ കൂണ്‍ കൊടുക്കാന്‍ ആഗ്രഹിച്ചു തുടങ്ങിയ കൃഷി ഇപ്പോള്‍ വളര്‍ന്നു വലുതായിരിക്കുന്നു1500 കിലോ കൂണ്‍ ആണ് ഹൈടെക് രീതിയിലല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ കൂണ്‍പുരയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വില്‍ക്കാന്‍ കഴിഞ്ഞത്. 2000 കിലോഗ്രാമിന്‍റെ വിത്തും ഉല്‍പാദിപ്പിച്ചു. തിരിച്ചടികളെ നേരിട്ടു തന്നെയായിരുന്നു വളര്‍ച്ച

കൂണ്‍ ഉപയോഗിച്ചുള്ള മൂല്യവര്‍ധിത വസ്തുക്കളുടെ ഉല്‍പാദനത്തിലും ഷൈജി പ്രത്യേകം ശ്രദ്ധവക്കുന്നു. കേക്ക് , അച്ചാര്‍, കട്്ലറ്റ്, ബര്‍ഗര്‍, സാന്‍ഡ്്വിച്ച്, മോമോസ്, കേക്ക്, ചമ്മന്തിപ്പൊടി, അച്ചാര്‍ , ഹല്‍വ , സാന്‍ഡ് വിച്ച്, മസാല ദോസ, ബര്‍ഗര്‍, രസം, സൂപ്പ് തുടങ്ങിയ കൂണ്‍ കൊണ്ടുണ്ടാക്കാനാകാത്ത ഒന്നുമില്ലെന്ന് ഷൈജി സ്വന്തം കൈകൊണ്ട് തെളിയിക്കും. കൂണ്‍ ഉല്‍പ്പന്നങ്ങളോട് മലയാളിക്ക് പ്രിയം കൂടുകയാണെന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് ഇവര്‍ പറയുന്നു

കൊളസ്ട്രോള്‍, കാന്‍സര്‍, അമിത വണ്ണം, ഡയബറ്റിസ്, അസിഡിറ്റി, തുടങ്ങിയവയെ ചെറുത്ത് ശരീരത്തിന്‍റെ പ്രതിരോധ ശേഷി കൂട്ടുന്ന കൂണിന് വിപണിയില്‍ നിന്നും നല്ല വാര്‍ത്തകളാണ് കേള്‍ക്കാനുള്ളത്. സസ്യാഹാരത്തിന് കൈവരുന്ന പ്രചാരവും പോഷാകാഹാരത്തെക്കുറിച്ചുള്ള അവബോധവും കൂണ്‍ കൃഷിക്ക് വിപണി കണ്ടെത്തല്‍ അനായാസമാക്കുന്നു

രസതന്ത്രത്തില്‍ ബിരുദധാരിയായ ഷൈജിക്ക് ഇപ്പോള്‍ പ്രിയം കൃഷി തന്ത്രമാണ്. മട്ടുപ്പാവിന്‍റെ മുകളില്‍ മണ്ണു ചെറുത്ത് നിര്‍ത്തി ഇഞ്ചിയും കപ്പയും പച്ചക്കറികളും കൃഷി ചെയ്യുന്നു. വീട്ടിനു മുന്നിലെ സ്ഥലം റംബുട്ടാനും പ്ലാവുമുള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങളും പൂച്ചെടികളും ഔഷധച്ചെടികളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പൂന്തോട്ട നിര്‍മാണത്തിലെ താല്‍പര്യം ഇവിടെ തെളിഞ്ഞു കാണാം. കൃഷി വകുപ്പ്,കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം, ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ തുടങ്ങിയവയുടെ സഹായങ്ങള്‍ കൃഷിക്കായി സ്വീകരിക്കുന്നുണ്ട്.

രുചിവൈവിധ്യത്തിനും വിഷരഹിത ഭക്ഷണത്തിനും മോഹിക്കുന്ന സമൂഹം കൂണിന്‍റെ പ്രാധാന്യം ഇനിയും അറിയേണ്ടിയിരിക്കുന്നു. ഭക്ഷ്യ സുരക്ഷക്കൊപ്പം പോഷകസുരക്ഷയും ഉറപ്പു വരുത്താനുള്ള ശ്രമങ്ങളില്‍ വലിയ പങ്കാണ് കൂണ്‍ കൃഷിക്ക് വഹിക്കാനുള്ളത്. ഷൈജിയെപ്പോലത്തെ വീട്ടമ്മമാര്‍ക്കാണ് അതില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുക

ഷൈജി വര്‍ഗീസ് തട്ടാരുപറന്പില്‍ എരമല്ലൂര്‍ ആലപ്പുഴ ഫോണ്‍ 8089410200

No comments:

Post a Comment