ഹൈഡ്രോപോണിക്സിന്റെ അടിസ്ഥാന തത്വങ്ങൾ ഉപയോഗപ്പെടുത്തി, ലളിതവും ചിലവ് കുറഞ്ഞതുമായ വിധത്തിൽ നടത്തുന്ന ഈ മണ്ണില്ലാകൃഷി ഓസ്ട്രേലിയയിൽ നിന്നാണ് ബാംഗ്ലൂരിലെത്തിയത്.

ഹൈഡ്രോപോണിക് കൃഷി; മണ്ണ് ആവശ്യമില്ലാത്ത ഓർഗാനിക് കൃഷിരീതി :
പ്രകൃതിയേയും പച്ചപ്പിനേയും സ്നേഹിക്കുന്ന കേരളത്തിലെ ഏതൊരാൾക്കും കൃഷിയുടെ വിവിധ വശങ്ങളെ കുറിച്ചും വ്യത്യസ്ഥ രീതികളെയും കുറിച്ചും നന്നായി അറിയാം. അതായത് ടെറസ്സിലെ കൃഷി, ഓർഗാനിക് കൃഷി, അങ്ങനെ പലതും. എന്നാൽ വളരെ കുറച്ച് പേർക്ക് മാത്രമേ മണ്ണ് ഹൈഡ്രോപോണിക് കൃഷി രീതിയെ കുറിച്ച് കേട്ടറിവുണ്ടാകു. സ്വന്തം അടുക്കള തോട്ടത്തിൽ നിന്നും ഉല്പാദിപ്പിക്കുന്ന പച്ചക്കറി അത് എത്ര കുറച്ചാണെങ്കിലും അതിലൂടെ ലഭ്യമാകുന്ന സംതൃപ്തി ആസ്വദിക്കുന്നവരായിരുന്നു ഇതുവരെയുള്ള തലമുറ. എന്നാൽ ഇനി അധ്വാനത്തിന് ആനുപാതികമായി ഫലം കിട്ടിയാൽ മാത്രമേ ഏതു കൃഷി രീതിയിലായാലും, വീട്ടാവശ്യത്തിന് പച്ചക്കറി ഉത്പാദിപ്പിക്കാനായാൽ മാത്രമേ ഇത്തരം കൃഷിയിലായാലും ആളെ കിട്ടു. മാത്രമല്ല വർഷത്തിൽ 300 ദിവസമെങ്കിലും വീട്ടവശ്യത്തിനായുള്ള പച്ചക്കറി ഉല്പാദിപ്പിക്കാനായാൽ മാത്രമേ ഇത്തരം കൃഷിരീതികളെ ഒരു ബദൽ നിർദ്ദേശമായി പരിഗണിക്കാനാകു എന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. വിപുലമായ ടെറസ് കൃഷിയ്ക്ക് വേണ്ടത്ര മേൽ മണ്ണ് കണ്ടെത്തേണ്ടിവരുന്നതും ഒരു വെല്ലുവിളിയാണ് പലർക്കും. അതിശയിപ്പിക്കുന്ന ഉല്പാദന ക്ഷമതയിലൂടെ ലോകമെങ്ങും ശ്രദ്ധാകേന്ദ്രമാകുന്ന ഹൈഡ്രോപോണിക്സ് അഥവാ മണ്ണില്ലാകൃഷിയുടെ പ്രസക്തി ഇവിടെയാണ്. ചെടികളെ പോഷകലായനിയിൽ വളർത്തുന്ന ശൈലിയെന്ന നിലയിൽ ഹൈഡ്രോപോണിക്സ് എന്ന പദം പണ്ടേ സുപരിചിതമാണ് പലർക്കും. എന്നാൽ വിദേശങ്ങളിലെ ഒരു ഹൈടെക് കൃഷിരീതിയെന്നതിനപ്പുറം ധാരാളം കൃഷിക്കാരും കൃഷിഭൂമിയുമുള്ള നമ്മുടെ നാട്ടിൽ ഹൈഡ്രോപോണിക്സിനു അധികമാരും പ്രസക്തി കണ്ടിരുന്നില്ല. എന്നാൽ മാറിയ സാഹചര്യങ്ങളിൽ കേരളമെന്ന നഗരശൃംഖലയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാൻ നാം ഹൈഡ്രോപോണിക്സ് ഉൾപ്പെടെയുള്ള നഗരകൃഷിരീതികൾ പരിചയപ്പെടുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ലക്ഷക്കണക്കിനു രൂപ മുതൽമുടക്കി വൻ കോർപറേറ്റ് സ്ഥപനങ്ങൾ നടത്തുന്ന ഹൈഡ്രോപോണിക്സ് കൃഷിയാണ് നമുക്ക് പരിചിതമായിട്ടുള്ളത് എന്നാൽ ഏതാനും വർഷം മുൻപ് ഇന്ത്യയിലാദ്യമായി ബാംഗ്ലൂരിൽ അവതരിപ്പിക്കപ്പെട്ട സിപ്ലിപ്ഗൈഡ് ഹൈഡ്രോപോണിക്സ് ഈ ധാരണ തിരുത്തുന്നു. ഹൈഡ്രോപോണിക്സിന്റെ അടിസ്ഥാന തത്വങ്ങൾ ഉപയോഗപ്പെടുത്തി, ലളിതവും ചിലവ് കുറഞ്ഞതുമായ വിധത്തിൽ നടത്തുന്ന ഈ മണ്ണില്ലാകൃഷി ഓസ്ട്രേലിയയിൽ നിന്നാണ് ബാംഗ്ലൂരിലെത്തിയത്. മലയാളിയയ സി.വി. പ്രകാശാണ് മണ്ണില്ലകൃഷിയുടെ ഇന്ത്യയിലെ അപ്പോസ്തലൻ.
വിളകൾക്കാവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ അവയെ വളർത്തുന്ന സമ്പ്രദായമാണ് ഹൈഡ്രോപോണിക്സ് എന്ന് ലളിതമായി പറയാം. കൃഷി നടത്താൻ മണ്ണാവശ്യമില്ല എന്നതാണ് ഈ കൃഷിയെ വ്യത്യസ്ഥമാക്കുന്നത്. പോഷകലായനിയിലാണ് വളരുന്നതെങ്കിലും ചെടികളെ ഉറപ്പിച്ചു നിർത്തുന്നതിനായി കയർപിത്ത്, വെള്ളാരം കല്ലുകൾ തുടങ്ങിയ നിഷ്ക്രിയ പദാർഥങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് പോഷകഗുണമില്ലാത്ത ഇവയ്ക്ക് ചെടിയെ ഉറപ്പിക്കുക എന്ന ധർമ്മം മാത്രമേയുള്ളു. ഇതിനു പകരം പോഷകലായനിയ്ക്കു മീതേ ദ്വാരങ്ങളുള്ള തെർമോകോളിന്റെ ഷീറ്റിട്ട ശേഷം പ്രസ്തുത ദ്വാരങ്ങളിൽ ചെടിയെ ഉറപ്പിച്ചു നിർത്തുന്ന തീതിയുമുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഷീറ്റിനു താഴെ പോഷലായനിയിൽ വേര് മുങ്ങിയിരിക്കും. വളർച്ചയുടെ വ്യത്യസ്ഥ ഘട്ടങ്ങളിൽ വ്യത്യസ്ഥ ഘടനയുള്ള പോഷകലായനികളാണ് ഉപയോഗിക്കുന്നത്. എന്നാൽ വ്യത്യസ്ഥ ഇനം വിളകൾക്കായി ഒരേ ലായനി മതിയാകും. ഇങ്ങനെ ഒരിക്കൽ കൃഷിയ്ക്കുപയോഗിച്ച പോഷകലായനി വീണ്ടും വീണ്ടും ഉപയോഗിക്കാമെന്നത് ഹൈഡ്രോപോണിക്സിന്റെ പ്രധാന മെച്ചമാണ്.
സിമ്പ്ലിഫൈഡ് ഹൈഡ്രോപോണിക്സ് കൃഷിരീതികൊണ്ടുള്ള ഗുണങ്ങൾ
പരിമിതമായ സ്ഥലത്തു നിന്നും പരമാവധി ഉല്പാദനം സാധ്യമാക്കുന്നു, വെള്ളവും പോഷകങ്ങളും പാഴാകുന്നില്ല. മണ്ണൊലിപ്പ് കൊണ്ടുണ്ടാകാൻ സാധ്യതയുള്ള പോഷക നഷ്ടം, പരിസരമലിനീകരണം എന്നിവ ഒഴിവാകുന്നു, ഉപയോഗശൂന്യമായ പാത്രങ്ങളിലും മറ്റും പോഷകലായനി നിറച്ച് ചെടികൾ വളർത്തുകയും ചെയ്യാം എന്നത് മറ്റൊരു മേന്മ. ‘മട്ടുപ്പാവിലെ പെട്ടികൃഷി’യെന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം. തരതമ്യേന കൂടുതൽ പോഷലഭ്യതയും വലിപ്പവുമുള്ള ഫലങ്ങൾ വിളവെടുക്കാനാകും, സ്വന്തമായി കൃഷിയിടമില്ലാത്തവർക്ക് വീട്ടാവശ്യത്തിനു പച്ചക്കറിയും മറ്റും ഉത്പാദിപ്പിക്കാൻ സാധിക്കുന്നു, വെള്ളവും വളവും അല്പം പോലും നഷ്ടമാകുന്നില്ല, രോഗ-കീടബാധകൾക്കുള്ള സാധ്യത കുറയുന്നു, മണ്ണിലൂടെ പകരുന്ന രോഗങ്ങൾ പൂർണമായും ഒഴിവാക്കപ്പെടുന്നു, കളശല്യം ഒഴിവാകുന്നു, മട്ടുപ്പാവുകളും വിടിനുൾവശവും ഭക്ഷ്യോത്പാദനത്തിന് പ്രയോജനപ്പെടുന്നു, ഇങ്ങനെ തുടങ്ങി സിപ്ലിഫൈഡ് ഹൈഡ്രോപോണിക്സിന്റെ മെച്ചങ്ങൾ പലതാണ്. ഇരുപതിലേറെ വർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കൃഷി വിജയകരമായി നടപ്പാക്കി വരുന്നു.
എല്ലാ സസ്യങ്ങളും ഈ രീതിയിൽ വളരും എന്നത് എടുത്തു പറയേണ്ടതാണ്. എന്നാൽ വലിപ്പം കുറഞ്ഞതും ചെറു സംഭരണികളിൽ വളർത്താവുന്നതുമായ പച്ചക്കറികൾ, സുഗന്ധവിളകൾ, ഔഷധസസ്യങ്ങൾ എന്നിവ ഹൈഡ്രോപോണിക്സിന് കൂടുതൽ അനുയോജ്യമാണ്. മുടക്കുന്ന പണത്തിന് തക്ക മൂല്യം തിരികെ നൽകുന്ന വിളകൾ വളർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇലവർഗ പച്ചക്കറികൾ, തക്കാളി, മുളക് എന്നിവയൊക്കെ ഇപ്രകാരം വളർത്താവുന്നതാണ്. ഓരോ വിളയ്ക്കും അനുയോജ്യമായ മാധ്യമം തിരഞ്ഞെടുക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്, തീരെ ഭാരം കുറഞ്ഞ ചെടികൾ ഒരു തെർമോകോൾ ഷീറ്റിൽ ഉറപ്പിച്ച് പോഷകലായനിയുടെ പുറത്ത് ഇട്ടാൽ മതിയാകും. ഏതെങ്കിലുമൊരു ഖരമാധ്യമത്തിൽ ഉറപ്പിച്ചില്ലെങ്കിൽ മറിഞ്ഞുപോകുന്ന വലിയ ചെടികൾ കയർപിത്ത്, വെള്ളാരംകല്ലുകൾ, ഈർച്ചപ്പൊടി തുടങ്ങിയ നിഷ്ക്രിയ വസ്തുക്കളിൽ ഉറപ്പിച്ചാൽ മതിയാകും.
ബാംഗ്ലൂരിലെ കമ്മനഹള്ളിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിപ്ലിഫൈഡ് ഹൈഡ്രോപോണിക്സ് മണ്ണില്ലാകൃഷിയുടെ ലളിതരൂപം സാധാരണക്കാരെ പഠിപ്പിക്കുന്നതിനായി ‘പേഠ് ഭരോ’ എന്ന പ്രോജക്ട് നടപ്പാക്കിവരുന്നു, ഈ സ്ഥാപനത്തിന്റെ ഒരു ഫ്രാഞ്ചൈസി ഇപ്പോൾ കോഴിക്കോട് നഗരത്തിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് Petbharoproject.co.in
മതിയായ വലിപ്പത്തിലുള്ള വീഞ്ഞപ്പെട്ടി അല്ലെങ്കിൽ പ്ലാസ്റ്റിക് ബോക്സ് എന്നിവ ചെടികൾ വളർത്താനായി തിരഞ്ഞെടുക്കാവുന്നതാണ്. പ്രസ്തുത പെട്ടിയിൽ വളർച്ചാമാധ്യമം നിറച്ചാണ് ചെടികൾ നടേണ്ടത്. അതിനുമുൻപായി പെട്ടിയുടെ ഉൾവശത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിക്കണം. ഒരു മൂലയിലായി ജലനിർഗമനത്തിനു ദ്വാരമുണ്ടാക്കി അവിടെ കുഴൽ ഘടിപ്പിക്കാൻ മറക്കരുത്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ഥ പോഷകലായനികൾ മാറ്റി നൽകണം. ചെടികൾ വളരുന്ന ബെഡുകളുടെ ചുവട്ടിൽ ഊറിവരുന്ന പോഷകലായനി ശേഖരിച്ച് വീണ്ടും ഉപയോഗിക്കാനായി ഡ്രെയിനേജ് പൈപ്പിനോടു ചേർത്ത് ഉപയോഗശൂന്യമായ ഒരു പ്ലാസ്റ്റിക് കുപ്പി ഘടിപ്പിച്ചാൽ മതിയാകും. പോഷകലായനി മാത്രമേ വിലകൊടുത്ത് വാങ്ങേണ്ടതുള്ളു. ചെടികളും മറ്റുമൊക്കെ വീടിന്റെ പരിസരത്തുനിന്ന് തന്നെ കണ്ടെത്താനാകും. കീടനിയന്ത്രണത്തിന് ജൈവകീടനാശിനികൾ മതിയാകും. ചെറിയ പോളീ ഹൗസുകൾ ടെറസ്സിൽ നിർമ്മിച്ച് ഹൈഡ്രോപോണിക്സ് കൃഷി തുടങ്ങുകയാണെങ്കിൽ കീട ശല്യം പൂർണമായും ഒഴിവാക്കാം.
No comments:
Post a Comment