Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Monday, August 3, 2015

കമ്പോസ്റ്റ്

കമ്പോസ്റ്റ്ഉപയോഗശൂന്യമായ വസ്തുക്കളെ അഥവാ പാഴ് വസ്തുക്കളെ പുനരുപയോഗയോഗ്യമാക്കി മാറ്റുന്നതിനു പ്രകുതി ഒരുക്കിയിരിക്കുന്ന സ്വാഭാവിക പുന:ചംക്രമണ പ്രക്രിയയാണ്. കമ്പോസ്റ്റിങ്ങ്. ജൈവമായ എല്ലാ വസ്തുക്കളും ഇങ്ങനെ പ്രകൃതി വീണ്ടു വീണ്ടും ഉപയോഗിക്കുന്നു.എന്നാൽ ജൈവമാല്ലാത്ത ഒരു വസ്തുവും പ്രകൃത്യാലുള്ള ഈ മാറ്റത്തിന് വിധേയമാവുകയില്ല. മരങ്ങളും മൃഗങ്ങളും എല്ലാം തന്നെ ഈ പ്രക്രിയക്ക് വിധേയമാണ്.പ്രധാനമായും രണ്ടു രീതിയിലാണ് കമ്പോസ്റ്റിങ്ങ് നടക്കുന്നത്.1. ഒക്സിജന്റെ സാന്നിധ്യത്തിൽ നടക്കുന്ന കംമ്പോസ്റ്റിങ്ങ് (Aerobic composting ) 2. ഒക്സിജന്റെ സാന്നിധ്യമില്ലാതെ നടക്കുന്ന കംമ്പോസ്റ്റിങ്ങ് (Anaerobic Composting)സാധാരണയായി നമ്മുടെ നാട്ടിൽ നിലവിലുള്ള താരതമ്യേന എളുപ്പമുള്ളതുമായ 2 രീതികളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
1. ബാംഗ്ലൂർ രീതി അഥവാ നാടൻ രീതി .ഈ രീതിയിൽ കമ്പോസ്റ്റ് ഉണ്ടാക്കുന്നതിൻ 20x6x3 അടി വലുപ്പത്തിലുള്ള മഴ നനയാത്ത സ്ഥലത്ത് ഒരു കുഴി നിർമ്മിക്കണം. ചപ്പു ചവറുകളും പഴ്വസ്തുക്കളും 6 ഇഞ്ച്‌ കനത്തിൽ കുഴിയിൽ നിരത്തുക.നന്നായി നനച്ച ശേഷം മുകളിൽ രണ്ട് ഇഞ്ച്‌ ഘനത്തിൽ പച്ച ചാണകം നിരത്തുക.ഇതിനു മീതെ രണ്ട് ഇഞ്ച് കനത്തിൽ ഉണങ്ങി പൊടിച്ച കാട്ട് മണ്ണ് നിരത്തുക. (രാസവളം ചേരാത്തതും സൂഷ്മ ജീവികളാൽ സമ്പുഷ്ടവുമായ മണ്ണായിരിക്കണം) ഈ രീതിയിൽ കുഴിയുടെ ഒന്നര അടി മുകളിൽ വരെ ത്രികോണാകൃതിയിൽ അല്ലങ്കിൽ അർദ്ധവൃത്താകൃതിയിൽ നിറച്ച ശേഷം മണ്ണ് കുഴച്ചു തേച്ച് മെഴുകുക. കുറച്ച് ദിവസത്തിനുശേഷം കൂനയിൽ വിള്ളൽ വീഴുകയും വിള്ളൽ വീണ ഭാഗം വീണ്ടും മണ്ണ് തേച്ചു അടക്കുകയും വേണം 8-9 മാസം കൊണ്ട് കമ്പോസ്റ്റ് തയ്യാറാകും.
2. NADEP കമ്പോസ്റ്റ്.ഏറ്റവും കുറഞ്ഞ അളവിൽ ചാണകം ഉപയോഗിച്ചു ഏറ്റവും ഗുണമേന്മയുള്ള കമ്പോസ്റ്റ് നിർമ്മിക്കാമെന്നതാണ് NADEP രീതി കൊണ്ടുള്ള ഗുണം.മാത്രമല്ല 90-120 ദിവസം കൊണ്ട് കമ്പോസ്റ്റ് ലഭ്യമാവുകയും ചെയ്യും.കല്ല്, ഗ്ലാസ്,പ്ലാസ്റ്റിക്‌ എന്നിവയൊഴികെ അഴുകി ചേരുന്ന എന്തും NADEP കമ്പോസ്റ്റ് നിർമ്മിക്കാനായി ഉപയോഗിക്കാം.ഈ രീതിയിൽ ഉണ്ടാക്കുന്ന കമ്പോസ്റ്റിൽ ചെടികൾക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും ഉണ്ടാകും.തണൽ ഉള്ള സ്ഥലമായിരിക്കണം കമ്പോസ്റ്റ് നിർമാണത്തിനു തെരഞ്ഞെടുക്കേണ്ടത്. 10x6x3 അടി വലുപ്പത്തിലുള്ള സാധാരണ ഇഷ്ട്ടിക കൊണ്ടുള്ള ടാങ്ക് മണ്ണ് നിരപ്പിനു മുകളിലേക്ക് നിർമ്മിക്കണം.ഏറ്റവും മുകളിലുള്ള ഒരു നിര ഇഷ്ടിക മാത്രം സിമന്റ്‌ ഉപയോഗിച്ച് കെട്ടിയാൽ മതിയാകും.ഇതിനായി ഒരു ചാക്ക് സിമന്റ്‌ മതിയാകും (ബാക്കി ഭാഗം ചെളിമണ്ണ്‍ ഉപയോഗിച്ചു കെട്ടാം) വായു സഞ്ചാരത്തിനു വേണ്ടി ഒന്നിടവിട്ട നിരകളിൽ ഇഷ്ടികകൾ തമ്മിൽ 1/2 .അടി അകലമിട്ടു കെട്ടണം.ടാങ്കിന്റെ അടിഭാഗവും വശങ്ങളും ചാണകം കൊണ്ട് മെഴുകുക. കമ്പോസ്റ്റിനാവസശ്യമായ വസ്തുക്കൾ (ഏകദേശം അളവുകൾ)
1. ചപ്പു ചവറുകൾ 1400-1500 കിലോഗ്രാം .
2. ചാണകം 90-100 കിലോഗ്രാം
3. ഉണങ്ങി പൊടിച്ച കാട്ടുമണ്ണ്‍.1750 കിലോഗ്രാം
4. വെള്ളം 1400-1500 ലിറ്റർ . ( കാലവസ്ഥക്കനുസരിച്ചു മാറ്റം വരാം ).ടാങ്ക് നിറക്കൽ ടാങ്ക് നിറയ്ക്കുന്നതിനു മുന്പ് ടാങ്കിന്റെ അകവും വശങ്ങളും ചാണകവെള്ളം തളിക്കുക അതിനു ശേഷം ആറിഞ്ച്‌ ഘനത്തിൽ ചപ്പുചവറുകൾ നിറയ്ക്കുക.അഴുകിചെരുന്ന എന്തും ഉപയോഗിക്കാം. ഏകദേശം 100-110 കിലോഗ്രാം ഇതിനായി വേണ്ടിവരും. ഇതിനു മുകളിൽ 5 കിലോഗ്രാം ചാണകം 125-150 ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. ബയോഗ്യാസ് പ്ലാന്റിൽ നിന്നും കിട്ടുന്ന സ്ലറി ഇതിനായി ഉപയോഗിക്കാം. ഇതിനു മുകളിൽ ഉണക്കി പൊടിച്ച കാട്ടുമണ്ണ്‍ വിതറുക.ഏകദേശം 50-60.കിലോഗ്രാം വേണ്ടിവരും . മണ്ണിൽ ധാരാളം സൂഷ്മ ജീവികൾ ഉണ്ട്.ഇത് കമ്പോസ്റ്റിങ്ങിന്റെ വേഗത വർദ്ധിപ്പിക്കുന്നു. കാലി മൂത്രം ചേർത്ത മണ്ണ് ഉപയോഗിച്ചാൽ കൂടുതൽ വേഗത്തിൽ കമ്പോസ്റ്റിങ്ങ് നടക്കും.ഇങ്ങനെ ടാങ്ക് പൂർണമായും.പച്ചില ചാണകം കാട്ടുമണ്ണ്‍ ഇങ്ങനെ അടുക്കുകളായി നിറയ്ക്കുക.ടാങ്കിന്റെ മുകള നിരപ്പിൽ നിന്നും ഒന്നര അടി ഉയരത്തിൽ മേല്കൂര ആകൃതിയിലോ. അർദ്ധ വൃത്താകൃതിയിലോ.ടാങ്ക് നിറയ്ക്കുക.സാധാരണയായി 11-12 അടുക്കുകൾ കൊണ്ട് ടാങ്ക് നിറയും.48 മണിക്കൂറിനുള്ളിൽ ഈ ജോലി മുഴുവൻ തീർക്കണം. മുകളിൽ മൂന്ന് ഇഞ്ച്‌ കനത്തിൽ മണ്ണ് വിരിച്ചു ചാണകം കൊണ്ട് മെഴുകുക.കമ്പോസ്റ്റിങ്ങ് നടക്കുമ്പോൾ ഉണ്ടാകുന്ന വാതകങ്ങളുടെ ചോർച്ച തടയണം.15-20 ദിവസം കൊണ്ട് മുകൾ ഭാഗം 8-9 ഇഞ്ച്‌ താഴേക്ക്‌ താഴ്ന്നിരിക്കും.വീണ്ടും മുന്പ് ചെയ്തതുപോലെ ചപ്പു ചവറുകളും ചനക വെള്ളവും കാട്ടുമണ്ണ് മുപയോഗിച്ച് നിറച്ചു ചാണകം മെഴുകണം .3-4 മാസം കൊണ്ട് കമ്പോസ്റ്റ് ഉപയോഗിക്കാനാവും. ടാങ്കിൽ നിന്നും കമ്പോസ്റ്റ് വാരി അരിച്ചെടുക്കുക. ഇങ്ങനെ ഉണ്ടാക്കുന്ന കമ്പോസ്റ്റ് 160-175 ചത്രശ്ര അടി നല്ല കമ്പോസ്റ്റും 40-50 ചത്രശ്ര അടി ദ്രവിക്കാത്ത വസ്തുക്കളും,ഉണ്ടാവും കമ്പോസ്റ്റ് അരിച്ചെടുത്ത് ബാക്കി വരുന്നവ വീണ്ടും ടാങ്ക് നിറക്കുന്നതിനായി ഉപയോഗിക്കാം.ഒരു വര്ഷം കൊണ്ട് ഒരു പശുവിന്റെ ചാണകം ഉപയോഗിച്ച് നിർമ്മിക്കുന്ന കമ്പോസ്റ്റിൽ 800 കിലോഗ്രാം നൈട്രജനും 560 കിലോഗ്രാം ഫോസ്ഫറസും 1040 കിലോഗ്രാം പൊട്ടാഷും ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുണ്ടാക്കുന്ന കമ്പോസ്റ്റ് അഴുകിയ ജൈവവസ്തുക്കളോട് ചേർത്ത് വീണ്ടും മണ്ണിരകമ്പോസ്റ്റ് ആക്കി മാറ്റിയാൽ ഗുണമേന്മ വർദ്ധിക്കുകയും.പച്ചക്കറികൾ പോലുള്ള വിളകൾക്ക് രാസവളം പോലെ പെട്ടന്ന് പോഷകങ്ങൾ വലിച്ചെടുക്കാൻ സാധിക്കുകയും ചെയ്യുന്നു.മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾ സാധാരണ വെർമിവാഷ് ഉണ്ടാക്കാൻ കൂടി ആളുകൾ ശ്രമിക്കാറുണ്ട് എന്നാൽ ഇങ്ങനെ വെർമിവഷ് ഉണ്ടാക്കുമ്പോൾ കമ്പോസ്റ്റിൽ ഉള്ള വെള്ളത്തിൽ ലയിക്കുന്നതായ പോഷകമൂല്യങ്ങൾ വെർമി വാഷിൽ കൂടി പോരുകയും വെർമി കമ്പോസ്റ്റിന്റെ ഗുണമേന്മ വളരെയധികം ഇല്ലാതാവുകയും ചെയ്യും.നല്ല വെർമി കമ്പോസ്റ്റ് 1 കിലോഗ്രാം 10 ലിറ്റർ വെള്ളത്തിൽ കലക്കി വച്ചു 15 മിനിട്ടിനുശേഷം അരിച്ചെടുത് ചെടികളിൽ സ്പ്രേ ചെയ്‌താൽ ചെടികള വേര്മിവഷ് ഉപയോഗിക്കുന്നതിനേക്കാൾ നന്നായി വളരുകയും, നന്നായി കായുണ്ടാവുകയും ചെയ്യും.

3.സിമെന്റു ടാങ്കുകളിൽ മണ്ണിര കമ്പോസ്റ്റ് നിര്മിക്കുന്ന രീതിഇന്ന് സർവസാധരണമായി ഉപയോഗിക്കുന്നതും,കൃഷി വകുപ്പും മറ്റു ഡിപ്പാർട്ടുമെന്റുകലും പ്രചരിപ്പിക്കുന്നതും പ്രോൽസാഹിപ്പിക്കുന്നതുമായ രീതിയാണിത്‌.അനുയോജ്യമായ സ്ഥലങ്ങളിൽ ഷെഡുകൾ നിർമ്മിച്ച് അതിനുള്ളിൽ 360 സെന്റിമീറ്റർ നീളത്തിലും 60 സെന്റിമീറ്റർ വീതിയിലും 70 സെന്റിമീറ്റർ ഉയരത്തിലുമുള്ള ഫെറോ സിമെന്റൊ ഇഷ്ട്ടികയോ ഉപയോഗിച്ചുള്ള ടാങ്കുകൾ നിർമ്മിക്കുന്നു.ജലാംശം വാർന്നു പോകുന്നതിനായി ഒരറ്റത്തേക്ക് ചരിവുണ്ടായിരിക്കണം . അവിടെ ഒരു ദ്വാരമിട്ട് ഒരു പി വി സി പൈപ്പ് ഉറപ്പിച്ചാൽ അതിലൽകൂടി വെർമി വാഷ് ശേഖരിക്കാംഉറുമ്പിൽ നിന്നും സംരക്ഷണത്തിനായി ടാങ്കിനു ചുറ്റും വെള്ളം നിറുത്തുന്നതിന് വേണ്ടി സിമെന്റിൽ തന്നെ 3 ഇഞ്ച് വീതിയിൽ ചാലുകൾ തീർത്ത്‌ വെള്ളം കെട്ടിനിർത്തണം. എലികളിൽ നിന്നും ,പക്ഷികളിൽനിന്നും സംരക്ഷണം നല്കുന്നതിന് എടുത്തു മാറ്റാവുന്ന രീതിയിൽ ടാങ്കിനുമുകളിൽ ഒരു ഫ്രെയിമിൽ ഉറപ്പിച്ച കമ്പി വലകൊണ്ടു മൂടണം ഇങ്ങനെ നിർമ്മിച്ച ടാങ്കിൽ 10 സെന്റിമീറെർ ഘനത്തിൽ ചകിരിതൊണ്ട് അല്ലങ്കിൽ ഇഷ്ട്ടിക കഷണങ്ങൾ നിരത്തുക. വെള്ളം വാർന്നു പോകുന്നതിനു വേണ്ടിയാണിത്. ഇങ്ങനെ തയ്യാറാക്കിയ ബെഡിനു മുകളിൽ 10 സെന്റിമീറ്റെർ ഘനത്തിൽ അഴുകിയ ജൈവവസ്തുക്കളും ചാണകവും നിരത്തുക.ഇതിലേക്ക് സ്ക്വയർ മീറ്ററിനു 1 കിലോഗ്രാം എന്ന തോതിൽ.മണ്ണിരയെ നിക്ഷേപിക്കുക.മുകളിൽ പുല്ലുകൊണ്ടോ,ഓല കൊണ്ടോ പുതയിടുകയും ആവശ്യത്തിനു ഈർപ്പം കൊടുക്കുകയും ചെയ്യുക.( 50%-60% ).അന്തരീക്ഷോഷ്മാവു 23 ഡിഗ്രി സെൽഷിയെസ് നിലനിർത്തിയാൽ 4-5 ദിവസം കൊണ്ട് മുഴുവൻ ചപ്പുചവറുകളും കമ്പോസ്റ്റ് ആയി മാറും. അന്തരീക്ഷോഷ്മാവു നിലനിർത്തുന്നതിന്, ഷെഡിന്റെ വശങ്ങളിൽ ചണചാക്ക് തൂക്കിയിട്ടു നനച്ചാൽ മതിയാകും.വീണ്ടും ഇതിനു മുകളിൽ ജൈവവസ്തുക്കളും,ചാണകവും 10 സെന്റിമീറ്റെർ ഘനത്തിൽ വിതറി നനച്ചതിനു ശേഷം പുതയിടുക. ഇങ്ങനെ ടാങ്ക് നിറഞ്ഞാൽ കമ്പോസ്റ്റ് വാരിയെടുത്ത് തുറസ്സായ സ്ഥലത്ത് കൂട്ടിയിടുക. മണ്ണിരകൾ കൂനയുടെ അടിയിലേക്ക് വലിയുമ്പോൾ മുകളില്നിന്നും കമ്പോസ്റ്റ് വാരിമാറ്റുകയോ വാരിമാറ്റുകയോ അരിക്കുന്ന അരിപ്പയിൽ അരിച്ചു മണ്ണിരയെ വേർതിരിക്കുകയോ ചെയ്യാം. ഈ മണ്ണിരയെയും കമ്പോസ്റ്റ് ആകാത്ത വസ്തുക്കളെയും വീണ്ടും അതെ ടാങ്കിലെക്കുതന്നെ മാറ്റി,പുതിയ കമ്പോസ്റ്റു നിര്മ്മാണം ആരംഭിക്കാം.
ഈ രീതി അവലംബിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ.
1.ടാങ്കിൽ നിന്നും ഊറിവരുന്ന.വെർമിവാഷ് കീടനാശിനിയായും ഗ്രോത്ത് ഹോര്മോണ്‍ ആയും ഉപയോഗിക്കാം .2.ഉപയോഗിക്കുന്ന ജൈവവസ്തുക്കൾ മുഴുവൻ കമ്പോസ്റ്റ് ആയി മാറുന്നു.3. സംരക്ഷണം എളുപ്പമാണ്.ശത്രു ജീവികളിൽ നിന്നും പൂർണ സംരക്ഷണം നല്കാൻ കഴിയുന്നു.
ന്യൂനതകൾ.1. ഓരോ തവണയും ഈർപ്പം നൽകുമ്പോൾ അടിയിലുള്ള പാകമായ കംബോസ്റ്റിനെ നനക്കുകയും മണ്ണിര കംബോസ്ടിലുള്ള പോഷക മൂല്യങ്ങൾ വെള്ളത്തിൽ ലയിച്ചു പോവുകയും കമ്പോസ്റ്റിന്റെ ഗുണമേന്മ കുറയുകയും ചെയ്യും 2.ടാങ്ക്,ഷെഡ്‌,.നിർമാണത്തിനുള്ള പ്രാരംഭ ചിലവ് കൂടുന്നതിനനുസരിച്ചുള്ള ഉത്പാദനം ലഭിക്കുന്നില്ല3.മണ്ണിരയെ കംബൊസ്റ്റിൽനിന്നും വേർതിരിച്ചെടുക്കുന്നതിനുള്ള പ്രയാസം 4.കമ്പോസ്റ്റിന്റെ ഈർപ്പം കൂടുതലായതിനാൽ വീണ്ടും ഉണങ്ങേണ്ടി വരുകയും,ഉണങ്ങുമ്പോൾ പോഷക ഗുണങ്ങൾ കുറയുകയും മൈക്രൊബിയൽ വളർച്ച കുറയുകയും ചെയ്യുന്നു. 5.കൂടുതൽ കൃഷി സ്ഥലമുള്ളവർക്ക് മതിയായ അളവിൽ കമ്പോസ്റ്റ് നിര്മ്മിക്കാൻ ഈ രീതികൊണ്ട് സാധിക്കുകയില്ല.
ഇതുകൂടാതെ പൈപ്പ് രീതികളും ചെറിയ കാലങ്ങളിലും മറ്റുമൊക്കെ അടുക്കള അവശിഷ്ടങ്ങൾ മറ്റു മാലിന്യങ്ങൾ ഒക്കെ കമ്പോസ്റ്റ് ആക്കി മാറ്റുന്ന രീതികളും നിലവിലുണ്ട്.റാപിഡ് വെർമി കമ്പോസ്റ്റ്. നാളെ….. 4. റാപിഡ് വെർമി കമ്പോസ്റ്റ്. മേൽ വിവരിച്ച രീതികളിലോക്കെത്തന്നെ ഗുണങ്ങളും ന്യുനതകളും മനസ്സിലാക്കിയല്ലോ.കൂടുതൽ ഭൂമിയുള്ളവർക്ക് ഈ രീതിയിൽ കമ്പോസ്റ്റ് നിര്മ്മിച്ചു മുഴുവൻ സ്ഥലത്ത് വളമുണ്ടാക്കി ഉപയോഗിക്കണമെങ്കിൽ കൂടുതൽ സ്ഥലവും,ചിലവും കൂടുമെന്നതിനാൽ കർഷകർ മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിൽ നിന്നും പുറകോട്ടു പോവുകയാണ്. ഒരു ജൈവ കര്ഷകനെന്ന നിലക്ക് നിലവിലുള്ള മാർഗങ്ങൾ ഉപയോഗിച്ചു കൃഷിക്കവശ്യമുള്ള കമ്പോസ്റ്റ് നിർമിക്കാൻ സാധിക്കാതെ വന്നപ്പോൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വയം വികസിപ്പിച്ചെടുത്തതാണ് റാപ്പിഡ് കമ്പോസ്റ്റ് രീതി.പ്രാരംഭ ചെലവു അല്പം കൂടുമെങ്കിലും കുറഞ്ഞ സ്ഥലത്തുനിന്നു കൂടുതൽ വേഗത്തിലും വ്യാവസായികാടിസ്ഥാനത്തിലും കമ്പോസ്റ്റ് ഉൽപാദിപ്പിക്കാവുന്നതും 100% ഗുണമേന്മ ഉറപ്പുവരുത്താവുന്നതുമായിട്ടുള്ള രീതിയാണ് റാപിഡ് വെർമി കമ്പോസ്റ്റ്. നിർമാണം ആരംഭിക്കുന്നതിനു മുൻപ് ആദ്യം സൂചിപ്പിച്ച മണ്ണിരയുടെ സ്വഭാവം ഒന്നുകൂടി പഠിക്കേണ്ടതുണ്ട്. താഴെ പറയുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കിയിട്ടുവേണം റാപ്പിഡ് വെർമി കമ്പോസ്റ്റ് നിര്മ്മാണം തുടങ്ങാൻ.
1. അനുകൂല കാലാവസ്ഥയിൽ മണ്ണിരകൾ ഒരു ദിവസം അതിന്റെ ശരീര ഭാരത്തിന്റെ അത്രയും ജൈവ വസ്തുക്കള ആഹരിച്ച് വിസർജിക്കും 2. അന്തരീക്ഷോഷ്മാവു 23 ഡിഗ്രി സെല്ഷിയസിൽ കൂടുതലായാൽ ഉത്പാദനം 20% മുതൽ 50% വരെ കുറയാം അതിനാൽ ഊഷ്മാവ് കൂടാതെ നിയന്ത്രിക്കണം.3. മണ്ണിരകൾ സൂര്യപ്രകാശത്തോട് പ്രതികരിക്കുന്നതിനാൽ ഇരുട്ടുള്ള സാഹചര്യം ഒരുക്കണം പുതയിടുന്നതിലൂടെ ഇത് സാധിക്കാം.4. വായു സഞ്ചാരം കുറഞ്ഞാൽ മണ്ണിരകൾ നശിച്ചു പോകും അതിനാൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. 5. മണ്ണിന്റെ ഉപരിതലത്തിൽ മണ്ണിനു സമാന്തരമായി മാത്രം സഞ്ചരിക്കുകയും ആഹരിക്കുകയും ചെയ്യുന്നയിനം മണ്ണിര യാണിത്‌. കമ്പോസ്റ്റ് ആക്കുന്നതിനുള്ള ജൈവ വസ്തുക്കൾ 10 സെന്റിമീറ്ററിൽ കൂടുതൽ കനത്തിൽ ഇട്ടുകൊടുക്കരുത്.പരമാവധി 15 സെന്റിമീറ്റർ 6. ഈർപ്പം കൂടുകയോ,കുറയുകയോ ചെയ്താൽ മണ്ണിരകൾ നശിച്ചു പോവുകയോ,കൂട്ടത്തോടെ രക്ഷപെട്ടുപോവുകയോ ചെയ്യും, മണ്ണിര യുടെ വംശവർദ്ധനവിനെയും പ്രതികൂലമായി ബാധിക്കും. ഈർപ്പം 50% മുതൽ 60% വരെ എപ്പോഴും നിലനിർത്തണം 7. ഉറുമ്പ്, എലി,പക്ഷികൾ ഇവ മണ്ണിരയുടെ ശത്രുക്കളാണ്. അതിനാൽ ഇവയിൽ നിന്നുമുള്ള സംരക്ഷണം ഉറപ്പു വരുത്തണം. 8.ജൈവ വസ്തുക്കൾ അഴുകുമ്പോൾ ചൂടുണ്ടാവുകയും,മണ്ണിരകൾ നശിച്ചുപോവുകയും ചെയ്യുമെന്നതിനാൽ അഴുകിയ വസ്തുക്കൾ മാത്രം നല്കുക. അഴുകിയ വസ്തുക്കൾ മാത്രമേ മണ്ണിര ഭക്ഷിക്കുകയുള്ള് 9. സ്വന്തം വിസർജ്യം ഏതൊരു ജീവിക്കും അരോചകമായതിനാൽ ഉല്പാദനതിനനുസരിച്ച് കമ്പോസ്റ്റു നീക്കം ചെയ്തുകൊണ്ടിരിക്കണം.ഇല്ലങ്കിൽ മണ്ണിരകൾ സ്ഥലം വിടാൻ സാധ്യതയുണ്ട്. അതിനാൽ തരിരൂപതിലുള്ള കമ്പോസ്റ്റു കൾ ആഴ്ചയിൽ ഒന്നെങ്കിലും നീക്കം ചെയ്യണംഒരുവര്ഷം കൊണ്ട് 5000 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ് നിര്മ്മിക്കാൻ പറ്റുന്ന ഒരു യുനിറ്റിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഓലകൊണ്ടോ പുല്ലുകൊണ്ടോ മേഞ്ഞ 18 അടി നീളവും 8 അടി വീതിയുമുള്ള ഷെഡ്‌ നുള്ളിലാണ് കമ്പോസ്റ്റ് പിറ്റ്‌ ഉണ്ടാക്കേണ്ടത് ഷെഡിന്റെ വശങ്ങളിൽ ചിക്കെൻ നെറ്റ് അടിച്ച് എലികളിൽ നിന്നും പക്ഷികളിൽ നിന്നും സംരക്ഷണം നല്കണം..ചുറ്റിലും 2 ഇഞ്ച്‌ വീതിയിലും 2 ഇഞ്ച്‌ ആഴത്തിലും സിമന്റിൽ ചാലുകൾ തീരത് വെള്ളം നിർത്തണം. ഉറുമ്പിൽ നിന്നും സംരക്ഷണം നല്കുന്നതിന് വേണ്ടിയാണിത്.ഈ ഷെഡ്‌നുള്ളിൽ 4 അടി നീളത്തിലും 4 അടി വീതിയിലും 15-30 സെന്റിമീറ്റർ ഉയരത്തിലുമുള്ള പിറ്റ്‌ ഉണ്ടാക്കണം ഉയരം കൂടുന്നതുകൊണ്ട്‌ കാര്യമില്ല കമ്പോസ്റ്റ് തറയിൽ നിരന്നുപോകതിരിക്കാൻ വേണ്ടി മാത്രമാണ്.
ടാങ്കിന്റെ ഒരറ്റത്തെക്ക് ചരിവും വെള്ളം പോകുന്നതിനു വേണ്ടി അവിടെ ഒരു പി വി സി പൈപ്പും ഘടിപ്പിച്ചിരിക്കണം.ഏതങ്കിലും കാരണവശാൽ വെള്ളം വീണാൽ ഒഴുകിപോകുന്നതിനു വേണ്ടിയാണിത്.ഇങ്ങനെ തയ്യാറാക്കിയ ടാങ്കിനുള്ളിൽ ചകിരിതൊണ്ടുകൊണ്ടുള്ള വെർമി ബെഡ് ഉണ്ടാക്കണം ബെഡ് നടുഭാഗം 10 സെന്റിമീറ്റർ ഉയരവും രണ്ടു വശത്തേക്കും ചരിവും ഉണ്ടായിരിക്കണം (വാഴപ്പോള കമഴ്ത്തി വച്ചത് പോലെ). ഉപരിതല വിസ്തീർണം കൂട്ടുന്നതിനു വേണ്ടിയാണിത്. ഇങ്ങനെ തയ്യാറാക്കിയ ബെഡിൽ 100 കിലോഗ്രാം അഴുകിയ ജൈവ വസ്തുക്കൾ ഒരെ കനത്തിൽ നിരത്തുക. ഒരാഴ്ച കൊണ്ട് 100 കിലോഗ്രാം ജൈവവസ്തുക്കൾ തിന്നു കമ്പോസ്റ്റ് ആക്കി മാറ്റുന്നതിന് ഏകദേശം 15 കിലോഗ്രാം മണ്ണിര വേണ്ടി വരും (ആകെ കമ്പോസ്റ്റിന്റെ 1/7 തൂക്കം). ഇത് പ്രായോഗികമാല്ലത്തതിനാൽ ആദ്യം 5 കിലോഗ്രാം മണ്ണിരയിൽ തുടങ്ങുക. 2-3 മാസംകൊണ്ട് മണ്ണിര ആവശ്യത്തിനുള്ളത്ര വര്ദ്ധിച്ചുകൊളളും.ഒരു മണ്ണിര അനുകൂല സാഹചര്യത്തിൽ മൂന്നു മാസം കൊണ്ട് 300 മടങ്ങ്‌ വർദ്ധിക്കുമെന്ന് കണക്കാക്കിയിരിക്കുന്നു. ഇതിലേക്ക് 1 ബക്കറ്റ്‌ ചാണക സ്ലറി തളിക്കുക. മണ്ണിരകൾ പെട്ടന്ന് ആക്റ്റീവ് ആകുന്നതിനു ഇത് സഹായിക്കും മുകളിൽ പുല്ലുകൊണ്ടോ ഓല കൊണ്ടോ പുതയിടുക ഇരുണ്ട അന്തരീക്ഷം മണ്ണിര കൂടുതൽ ഇഷ്ട്ടപ്പെടുന്നതുകൊണ്ടും ഈര്പ്പം നിലനിർത്തുന്നതിനുമാണ്.അന്തരീക്ഷോഷ്മാവു വർധിച്ചാൽ ഉത്പാദനം കുറയുമെന്നതിനാൽ താപനില നിയന്ത്രിക്കുന്നതിനു ഷെഡിന്റെ വശങ്ങളിൽ ചണചാക്ക് തൂക്കിയിട്ടു നനച്ചുകൊടുക്കണം .ഇത്രയും കാര്യങ്ങൾ അനുകൂലമായാൽ 6 ദിവസം കൊണ്ട് പിറ്റിൽ ഉള്ള മുഴുവൻ ജൈവവസ്തുക്കളും മണ്ണിര ഭക്ഷിച്ചു പെല്ലറ്റ് രൂപത്തിലുള്ള കമ്പോസ്റ്റ് ആക്കി മാറ്റിയിരിക്കും.ഈ സമയത്ത് പുത മാറ്റിയിടുക. വെളിച്ചം കാണുമ്പോൾ മണ്ണിരകൾ ഏറ്റവും അടിയിലുള്ള ചകിരി ക്കുള്ളിലേക്ക് വലിയും ഏഴാമത്തെ ദിവസം പിറ്റിന്റെ ചുറ്റിലും നടന്നു തരി രൂപത്തിലുള്ള കമ്പോസ്റ്റ് വാരിയെടുത്ത് ചാക്കിൽ സൂക്ഷിക്കാം.ഇതേ ടാങ്കിലേക്ക് വീണ്ടും 100 കിലോഗ്രാം അഴുകിയ ജൈവ വസ്തുക്കളിട്ടു ഒരു ബക്കെറ്റ് ചാണക സ്ലറിയും തളിച്ച് പുതയിട്ടാൽ ഏഴു ദിവസത്തിനു ശേഷം വീണ്ടും കമ്പോസ്റ്റു ശേഖരിക്കാം.
റാപിഡ് വെർമി കമ്പോസ്റ്റ് രീതിയുടെ മേന്മകൾ 1.ഈ രീതിയിൽ ഉത്പാദിപ്പിക്കുന്ന കമ്പോസ്റ്റ് 95 ശതമാനവും മണ്ണിര ഭക്ഷിച്ചു വിസർജിച്ച ഈർപ്പം കുറഞ്ഞ പെല്ലറ്റ് രൂപത്തിലുള്ള കമ്പോസ്റ്റ് ആയിരിക്കും. 2. കമ്പോസ്റ്റ് നിർമാണം 7 ദിവസം കൊണ്ട് പൂർത്തിയാവും(കമ്പോസ്റ്റ് ഉണ്ടാവാൻ 1 ദിവസം മതി. ഇതു ജീവിയും തിന്നുന്ന വസ്തു 24 മണിക്കൂറിനുള്ളിൽ വിസർജിക്കുമല്ലോ) 3. വലിയ ടാങ്ക് ആവശ്യമില്ല.4. ഏതു ദുർഗന്ധം വമിക്കുന്ന വസ്തുവും കുറഞ്ഞ ദിവസം കൊണ്ട് കമ്പോസ്റ്റ് ആക്കി മാറ്റാം 5.കമ്പോസ്റ്റിൽ നിന്നും മണ്ണിരകളെ വേര്തിരിക്കാൻ എളുപ്പമാണ്. കമ്പോസ്റ്റ് ബെഡിന്റെ മുകളില നിന്നും വാരിയെടുതാൽ മതി.
ന്യുനതകൾ
1.ഓരോ ആഴ്ചയിലും .ഫീഡ് ചെയ്യുന്നതിനുള്ള അഴുകിയ ജൈവ വസ്തുക്കള തയ്യാർ ചെയ്തു വയ്ക്കണം.
2.ഓരോ ആഴ്ചയിലും കമ്പോസ്റ്റ് ശേഖരിക്കാൻ സാധിചില്ലങ്കിൽ മണ്ണിര കൂട്ടത്തോടെ ഭക്ഷണം തേടി ടാങ്കിൽ നിന്നും രക്ഷപ്പെടും. അതിനാല കൃത്യസമയത്ത് കമ്പോസ്റ്റ് ശേഖരിക്കണം3. മണ്ണിര മുട്ടകൾ വിരിയുന്നതിനു മുൻപേ കമ്പോസ്റ്റ് ശേഖരിക്കുന്നതിനാൽ മണ്ണിരയുടെ വംശ വർധനവ്‌ കുറയുന്നു.അതിനാൽ ചെറിയ ഒരു ഭാഗം കമ്പോസ്റ്റ് നിർത്തിയിട്ട് വേണം ഭാക്കി ഭാഗം കമ്പോസ്റ്റ് ശേഖരിക്കുവാൻ
സാധാരണ കമ്പോസ്റ്റ് മണ്ണിര കമ്പോസ്റ്റ് ആയി മാറുമ്പോൾ അതിലടങ്ങിയിരിക്കുന്ന സൂഷ്മ മൂലകങ്ങൾ ഇപ്രകാരം വര്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഗ്നീഷ്യം -2 ഇരട്ടി .നൈട്രജൻ-5 ഇരട്ടി .ഫോസ്ഫറസ്-7 ഇരട്ടി പൊട്ടാസ്യം 11 ഇരട്ടി. കാത്സിയം 2 ഇരട്ടി.കൂടാതെ സൂഷ്മാനുക്കൾ 1000 മടങ്ങും,ഇതിനു പുറമേ ഹോർമോണുകളും എന്സൈമുകളും.മണ്ണിര കമ്പോസ്റ്റ് സാധാരണ കമ്പോസ്റ്റിന്റെ മൂല്യ വർധനവ്‌ മാത്രമാണ് നടത്തുന്നതെന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം,അതിനാൽ നല്ല കമ്പോസ്റ്റ് ഉണ്ടാക്കേണ്ട രീതിയും അറിഞ്ഞിരിക്കേണ്ടതുണ്ട്

No comments:

Post a Comment