പത്തു മുതൽ പതിനഞ്ചു വരെ കോഴികളെ വീട്ടുവളപ്പിൽ തുറന്നുവിട്ടു വളർത്തുന്ന സമ്പ്രദായമാണ് വീട്ടുവളപ്പിലെ കോഴിവളർത്തൽ. സ്ഥലം, ഭക്ഷ്യാവശിഷ്ടങ്ങളുടെ ലഭ്യത എന്നവ കണക്കിലെടുത്ത് കോഴികളുടെ എണ്ണം കൂട്ടാവുന്നതാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ സംഭാവ നൽകുന്ന കാർഷികപ്രവർത്തനമാണ് ഇത്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന മുട്ടയുടെ 80 ശതമാനവും ഈ രീതിയിലുള്ള കോഴിവളർത്തലിലൂടെയാണ് സാധ്യമാകുന്നത്. ഉൽപാദനച്ചെലവിന്റെ 70-80 ശതമാനവും തീറ്റച്ചെലവിനാകുന്നതിനാലും തീറ്റയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനാലും വ്യാവസായിക കോഴിവളർത്തലിനെ അപേക്ഷിച്ച് വീട്ടുവളപ്പിലെ കോഴിവളർത്തലാണ് അഭികാമ്യം.
ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, ഗ്രാമശ്രീ എന്നിവയാണ് ഈ സമ്പ്രദായത്തിൽ വളർത്തുവാൻ കേരളത്തിൽ ലഭ്യമായ ഇനങ്ങൾ. മൃഗസംരക്ഷണ വകുപ്പ് സ്ഥാപനങ്ങൾ മുഖേനയും കേരള പൗൾട്രി വികസന കോർപറേഷൻ വഴിയും കോഴിക്കുഞ്ഞുങ്ങൾ ലഭ്യമാണ്.
കൂട്
ഒരു കോഴിക്ക് ഒരു ചതുരശ്ര അടി എന്ന തോതിൽ സ്ഥലം കണക്കാക്കി രാത്രികാലകൂട് നിർമിക്കാം. കൂട്ടിനുള്ളിൽ യഥേഷ്ടം കാറ്റും വെളിച്ചവും ലഭിക്കണം. പത്തിൽ കൂടുതൽ കോഴികളെ ഷെഡിന്റെ തറയിൽ ലിറ്റർ (അറക്കപ്പൊടി) ഉപയോഗിച്ചു വളർത്താം.
ഇങ്ങനെ വളർത്തുമ്പോൾ മുട്ടക്കോഴി ഒന്നിന് 2-2.5 ചതുരശ്ര അടി സ്ഥലം നൽകണം. അറക്കപ്പൊടി കൃത്യമായി ഇളക്കിക്കൊടുക്കുകയും നനവില്ലാതെയും പൂപ്പലേൽക്കാതെയും ശ്രദ്ധിക്കുകയും വേണം. കൂടാതെ കൂട്ടിനുള്ളിൽ മുട്ടയിടാനുളള മുട്ടപ്പെട്ടി അഞ്ച് മാസം പ്രായമാകുമ്പോൾ വച്ചു കൊടുക്കണം.
ഏതു പ്രായത്തിലുള്ള കുഞ്ഞുങ്ങളേയും വാങ്ങാം. സർക്കാർ/അംഗീകൃത നഴ്സറികളിൽ നിന്ന് രണ്ട് മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങുകയാണ് ഉത്തമം. ഈ പ്രായത്തിൽ തൂവൽ വളർച്ച പൂർത്തിയായിരിക്കും. കൂടാതെ കോഴിവസന്തരോഗം തടയുന്നതിനുള്ള രണ്ടാമത്തെ കുത്തിവയ്പും നൽകിയിരിക്കണം.
നാടൻകോഴികൾ ഒരു വർഷം ശരാശരി 90 മുട്ടയിടും. സാന്ദ്രീകൃതകോഴിത്തീറ്റ നൽകിയാൽ പരമാവധി 120 മുട്ടകൾ വരെ ലഭിക്കാം. എന്നാൽ സർക്കാർ കോഴിവളർത്തൽ ഫാം/അംഗീകൃത നഴ്സറികളിൽ നിന്ന് വീട്ടുവളപ്പിലെ കോഴിവളർത്തലിന് അനുയോജ്യമായ ഇനം കോഴികളെ വാങ്ങി ഭക്ഷ്യാവശിഷ്ടവും 50 ശതമാനം കോഴിത്തീറ്റയും നൽകിയാൽ ഒരു വർഷം 180 ൽ കുറയാതെ മുട്ടകൾ ലഭിക്കും. ഒരു വർഷത്തെ മുട്ട ഉൽപാദനത്തിനുശേഷം ഇവയെ ഇറച്ചിക്കായി ഉപയോഗിക്കാം.
തവിട്ട് (ബ്രൗൺ) തോടുള്ള മുട്ടയ്ക്ക് നാടൻ മുട്ട എന്ന നിലയിൽ കൂടുതൽ വില ലഭിക്കുന്നുണ്ട്. ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, ഗ്രാമശ്രീ എന്നിവ തവിട്ടുമുട്ട നൽകുന്നതും വീട്ടുമുറ്റത്ത് അഴിച്ചുവിട്ട് വളർത്താൻ പറ്റിയതുമായ ഇനങ്ങളാണ്. സങ്കരയിനം കോഴികൾ സാധാരണ അടയിരിക്കാറില്ല. എന്നാൽ ഇവയുടെ കൊത്തുമുട്ടകൾ നാടൻ കോഴിക്ക് അടവച്ചോ ഇൻകുബേറ്റർ ഉപയോഗിച്ചോ വിരിയിക്കാവുന്നതാണ്. ഇതിനായി 10 പിടയ്ക്ക് ഒരു പൂവൻ എന്ന കണക്കിൽ വളർത്തണം.
മുട്ടയിട്ടുതുടങ്ങുന്നതിനുള്ള മുമ്പുള്ള ചേഷ്ടകൾ മനസിലാക്കി മുട്ടയിടുവാൻ ഇരുണ്ടതും വായുസഞ്ചാരമുള്ളതുമായ സ്ഥലം തരപ്പെടുത്തി കൊടുക്കണം. അല്ലാത്ത പക്ഷം മുട്ട മുഴുവൻ ലഭിക്കാതെവരും. അഞ്ച് കോഴികൾക്ക് മുട്ടയിടുവാൻ ഒരു വലിയ കലം/കുട്ട എന്ന തോതിൽ വായുസഞ്ചാരമുള്ളതും ഇരുണ്ടതുമായ സ്ഥലത്ത് സ്ഥാപിച്ച് മുട്ടയിടൽ ശീലിപ്പിക്കാവുന്നതാണ്.
ഇനം, പ്രായം എന്നിവയ്ക്കനുസരിച്ച് കോഴി കഴിക്കുന്ന തീറ്റയുടെ അളവ് വ്യത്യാസപ്പെട്ടിരിക്കും. മുട്ടയിടുന്ന കാലയളവിൽ 100-120 ഗ്രാം തീറ്റ തിന്നും. വീട്ടുവളപ്പിൽ നിന്ന് ലഭിക്കുന്ന അവശിഷ്ടങ്ങളുടെ അളവും ഗുണവും അടിസ്ഥാനമാക്കി 50 ശതമാനം സാന്ദ്രീകൃതകോഴിത്തീറ്റ കൂടി നൽകണം.
നമ്മുടെ നാട്ടിലെ കോഴികൾക്ക് സാധാരണയായി കാണുന്ന അസുഖങ്ങൾ രക്താതിസാരം, കോഴിവസന്ത, കോഴിവസൂരി എന്നിവയാണ്. വിരയിളക്കിയതിനുശേഷം ആറാമത്തെ ആഴ്ചയിൽ കോഴിവസന്തയ്ക്കും എട്ടാമത്തെ ആഴ്ചയിൽ കോഴിവസൂരിക്കുമുള്ള പ്രതിരോധകുത്തിവയ്പ് നൽകണം.
ചെള്ള്, പേൻ തുടങ്ങിയ ബാഹ്യപരാദങ്ങളെ ഒഴിവാക്കുവാൻ മരുന്നുചേർത്ത വെള്ളത്തിൽ മുക്കിയെടുക്കാം. കൂടിനടുത്ത് ചാരവും ഗന്ധകവും കലർത്തി വിസ്താരമുള്ള പാത്രത്തിൽ നിറച്ചു വച്ചാൽ ആവശ്യമുള്ളപ്പോൾ ഈ മിശ്രിതത്തിൽ കോഴികൾ പൊടിസ്നാനം ചെയ്തുകൊള്ളും.
കോഴിക്കാഷ്ഠം അമൂല്യജൈവവളമാണ്. ഇത് സസ്യങ്ങൾക്കാവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൂലകങ്ങളാൽ സമ്പുഷ്ടമാണ്. വിരിപ്പിൽ (മരപ്പൊടി തുടങ്ങിയവ) അടച്ചിട്ട് വളർത്തുന്ന 100 കോഴികൾ, വർഷത്തിൽ രണ്ടര ഏക്കർ നെൽകൃഷിക്ക് അഥവാ ഒന്നേകാൽ ഏക്കർ പച്ചക്കറികൃഷിക്ക് വേണ്ട വളം പ്രദാനം ചെയ്യും. മറ്റൊരു തരത്തിൽ വിശദീകരിച്ചാൽ മൂന്ന് വലിയ കോഴികൾ വർഷത്തിൽ നൽകുന്ന വളം ഒരു ഇടത്തരം ശരീരഭാരമുള്ള പശു വർഷത്തിൽ നൽകുന്ന ചാണകത്തിന് (ഗുണത്തിൽ) തുല്യമാണ്.

No comments:
Post a Comment