ഇടവപ്പാതിയിലെ തോരാമഴ പച്ചക്കറിക്കൃഷിയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്, പലർക്കും. വിഷംതീണ്ടാത്ത പച്ചക്കറി കഴിക്കാൻ മോഹിച്ച് അടുത്തിടെ കൃഷി തുടങ്ങിയവർ ധാരാളം. പെരുമഴയിൽ കൃഷി നശിച്ചുപോകുന്നത് തടയാൻ എന്തു ചെയ്‌യണമെന്ന് പലർക്കും നിശ്ചയമുണ്ടാവില്ല.
മഴമറയുണ്ടാക്കി കൃഷിചെയ്താൽ ചെടികൾ നശിക്കാതിരിക്കും. പോളിഹൗസിലെ കൃഷി പലരുടെയും ശ്രദ്ധയിൽ വന്നിട്ടുണ്ടാകും. എന്നാൽ, അതിന് ചെലവ് വളരെ കൂടുതലാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്‌യുന്നവർക്കാണ് അതുകൊണ്ടുള്ള പ്രയോജനം കൂടുതൽ. എന്നാൽ കുറഞ്ഞ ചെലവിൽ മഴമറയുണ്ടാക്കാവുന്നതേയുള്ളൂ. സംരക്ഷിത കൃഷിക്ക് താത്‌പര്യമുള്ള കർഷകർ, മഴമറകൾ സ്ഥാപിച്ച് അതിൽ കൃഷി ചെയ്‌യണം. സാധാരണയായി ഒന്നും രണ്ടും സെന്റിലാണ് മഴമറകൃഷി ചെയ്‌യുക. ജി.ഐ. േൈപപ്പാ മുളയോ ചൂളമരമോ ഉപയോഗിച്ച് തൂണും ചട്ടവും ഉണ്ടാക്കാം. പൈപ്പാണെങ്കിൽ ദീർഘകാലം നിൽക്കും. മുകൾ ഭാഗം 200 മൈക്രോൺ കനമുള്ള െസ്റ്റബിലൈസ്ഡ് പോളിത്തീൻ ഷീറ്റുകൊണ്ട് ആവരണം ചെയ്‌യണം. പാർശ്വവശങ്ങൾ ആവരണം ചെയ്‌യേണ്ടതില്ല. ഇതിനിടിയിൽ ഗ്രോബാഗുകളിലോ ഉയർന്ന തടങ്ങളുണ്ടാക്കിയോ കൃഷി ചെയ്‌യാം. മഴമറയ്‍ക്കുള്ളിൽ ചൂട് കൂടുതലായതിനാൽ ഉല്പാദനം കൂടും. നേരത്തെ കായ്‍ക്കുകയും ചെയ്‌യും. കീടബാധ വളരെക്കുറവാണുതാനും.
പാവൽ, പടവലം, പീച്ചിൽ, വെള്ളരി മുതലായ വിളകളിൽ മഴക്കാലത്ത് കായീച്ചയുടെ ആക്രമണം ഉണ്ടാകും. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കൂനയ്‍ക്ക് 100 ഗ്രാം എന്ന കണക്കിൽ വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുക്കണം. മുഞ്ഞ കണ്ടാൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതമോ ആവണക്കെണ്ണ- വെളുത്തുള്ളി മിശ്രിതമോ തളിക്കണം. മഴക്കാലത്ത് കായപിടിത്തം പൊതുവേ കുറവായതിനാൽ ഇടയ്‍ക്ക് അല്പം വെയിലുള്ള സമയത്ത് കൃത്രിമ പരാഗണം നടത്തുന്നത് പ്രയോജനം ചെയ്‌യും. മഴക്കാലത്ത് തടങ്ങളിലും പറിച്ചുനട്ട ചെടികളിലും മൂടുചീയൽ രോഗം വരാൻ സാധ്യതയുണ്ട്. ട്രൈക്കോഡെർമ എന്ന മിത്രകുമിൾ കൊണ്ട് സന്പുഷ്ടമാക്കിയ ചാണകപ്പൊടി ഇട്ടുകൊടുത്താൽ രോഗ തീവ്രത കുറയ്‍ക്കാം. കുറച്ച് പച്ചച്ചാണകം കലക്കിയ തെളിയിൽ ലിറ്റർ ഒന്നിന് 20 ഗ്രാം എന്ന തോതിൽ സ്യൂഡോമോണസ് കലക്കി തളിച്ചുകൊടുക്കുന്നതും നല്ലതാണ്.
No comments:
Post a Comment