വളക്കൂറും നീർവാർച്ചയുമുള്ള ഏത് മണ്ണിലും വളരെ നല്ല രീതിയിൽ ചെയ്യാവുന്ന ഒരു കൃഷിയാണു പാവൽ കൃഷി. ഔഷധഗുണങ്ങൾ വളരെ ഏറെയുമാണു പാവലിനു. വർഷത്തിൽ നാലു തവണ കൃഷി ചെയ്ത് നല്ല രീതിയിൽ വിളവെടുക്കാൻ കഴിയും. മെയ്-ജൂൺ, ആഗസ്ത്-സെപ്തംബർ സമയമാണു ഏറ്റവും യോജിച്ച കൃഷി സമയം.
അറുപത് സെ. മീ വ്യാസത്തിലും, മുപ്പത് മുപ്പത്തിയഞ്ച് സെ. മീ താഴ്ചയിൽ എടുത്ത കുഴിയിൽ കാലിവളം, കമ്പോസ്റ്റ് എന്നിവ പത്ത് കിലോ തോതിൽ ചേർത്ത് മണ്ണുമായി ഇളക്കി യോജിപ്പിക്കണം. ഒരു കുഴിയിൽ നാലു വീതം വിത്ത് പാകാവുന്നതാണു. ഒരു സെന്റ് സ്ഥലത്ത് പത്ത് കുഴിയെന്നും, കുഴിയോരോന്നിലും മൂന്നു ചെടികൾ എന്നതുമാണു കണക്ക്. നാലു വിത്തിൽ കരുത്തുള്ള മൂന്നെണ്ണം നിർത്തി ഒന്നിനെ ഒഴിവാക്കാം. നട്ട് മുപ്പതാംനാളും അറുപതാം നാളും വളമിടാം.
കപ്പലണ്ടിപിണ്ണാക്കും എല്ലുപൊടിയും ചാരവും വളമായി നൽകാവുന്നതാണു. പാവലിനു നന ആവശ്യത്തിനു മാത്രം മതി. വളർച്ചയുടെ ആരംഭകാലത്ത് രണ്ടു മൂന്നു ദിവസം ഇടവിട്ടും പൂവും കായും പിടിച്ച് കഴിഞ്ഞാൽ ഒന്നിരാടവും നനയ്ക്കണം. കായ് പിടിച്ച് കഴിഞ്ഞാൽ കടലാസ്, അല്ലെങ്കിൽ പോളിത്തീൻ കൊണ്ട് കൂട് മൂടാം. കീടാക്രമണം ചെറുക്കാൻ ഇവ സഹായിക്കും. കീടാക്രമണമുള്ള കായ്കൾ പറിച്ച് നശിപ്പിക്കുക. ഉണക്കമീൻ കെണിയോ ഫിറമോൺ കെണിയോ പന്തലിൽ തൂക്കിയിടുക. മോസേക് രോഗം കണ്ടെത്തിയാൽ ചെറ്റികൾ വേരോടെ പിഴുത് നശിപ്പിക്കണം. നട്ടു രണ്ട് മാസം ആകുന്നതോടെ വിളവെടുപ്പിനു പാകമാകും. അഞ്ചാറു ദിവസങ്ങൾ ഇടവിട്ടു വിളവെടുക്കാം, ഒരു സെന്റ് സ്ഥലത്തിൽ നിന്നു ശരാശരി നാല്പത് കിലോ വരെ വിളവ് പ്രതീക്ഷിക്കാവുന്നതാണു.
ശരിയായി മൂത്ത് പഴുത്ത കായ്കളിൽ നിന്നു വിത്ത് ശേഖരിക്കാം. കായ്കൾ മഞ്ഞ നിറമായി പൊട്ടിക്കീറുന്ന അവസരമാണു വിത്തെടുക്കാൻ പറ്റിയ സമയം. ആദ്യവും അവസാനവും ഉണ്ടാകുന്ന കായ്കൾ വിത്തിനായ് എടുക്കരുത്. വിത്ത് നല്ല വെയിലത്ത് നാലഞ്ച് ദിവസം ഉണക്കിയെടുത്ത് അടുത്ത നടീലിനായി സൂക്ഷിക്കാം.
കൂടിയ വിളവും, കായീച്ചയെ ഒരു പരിധി വരെ ചെറുക്കുന്നതുമായി പ്രീതി ഇനങ്ങൾ കർഷകപ്രീതി സമ്പാദിച്ച ഇനങ്ങളാണു. ശരാശരി വിളവ് അറുപത് കിലോ വരെയും പ്രീതി ഇനങ്ങളിൽ നിന്ന് ലഭിക്കാറുണ്ട്.

No comments:
Post a Comment