Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Thursday, July 16, 2015

തക്കാളി കൃഷി ..


ഉഷ്ണ കാല സസ്യമായ തക്കാളിയുടെ ജന്മദേശം തെക്കേ അമേരിക്കയാണ്. പോര്‍ച്ചുഗീസുകാരാണ് തക്കാളി നമ്മുടെ നാട്ടില്‍ പ്രചരിപ്പിച്ചത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു പച്ചക്കറി പഴം കൂടിയാണ് തക്കാളി. സാമ്പാര്‍, സാലഡ്, സോസ്, കെച്ചപ്പ് എന്നിവയിലെ ഒരു പ്രധാന ഘടകമാണ് തക്കാളി. ഇത്രയും പ്രാധാന്യമുള്ള ഒരു പഴം നമുക്ക് നമ്മുടെ അടുക്കള തോട്ടത്തിലോ, ടെറസ്സിലോ നന്നായി വിളയിച്ചെടുക്കാം. നന്നായി മൂത്ത് പഴുത്ത തക്കാളി പഴം നെടുകെ ചേദിച്ചു വിത്ത് കഴുകി എടുക്കുക. ഇത് നാലോ അഞ്ചോ ദിവസം വെയിലില്‍ ഉണക്കിയതിനു ശേഷം പാകുക. ചാണക പൊടി മിക്സ് ചെയ്ത മേല്‍ മണ്ണാണ് പാകാന്‍ നല്ലത്. രണ്ടു നേരം വെള്ളം കുടഞ്ഞു നനക്കുക. 3 - 4 ദിവസത്തിനകം മുള പൊട്ടും. ഇലവന്നു തുടങ്ങിയാല്‍ ആരോഗ്യമുള്ള ചെടികള്‍ തിരഞ്ഞെടുത്തതിനു ശേഷം ഗ്രോ ബാഗിലേക്കു
മാറ്റി നടാം. മാറ്റി നടുമ്പോള്‍ ചെടി നിന്ന മണ്ണോടു കൂടി നടാന്‍ ശ്രദ്ധിക്കണം. മണലും കളിമണ്ണും കലര്‍ന്ന പശിമരാശി മണ്ണാണ് തക്കാളി നടാന്‍ ഉത്തമം. പുളിപ്പ് കലര്‍ന്ന മണ്ണ് ഒട്ടും അനുകൂലമല്ല. മണ്ണില്‍ ചാണക പൊടി / മണ്ണിര കമ്പോസ്റ്റ് മിക്സ് ചെയ്തതിനു ശേഷം ഗ്രോ ബാഗിന്റെ പകുതിയോളം
നിറക്കുക. മണ്ണ് നന്നായി ഇരുത്തിയതിനു ശേഷം നടുക്ക് ചെറിയ കുഴി എടുത്തു അതിലേക്കു തൈ ഇറക്കി വെക്കുക. ചെടി വളരുന്നതിന് അനുസരിച്ച് ഗ്രോ ബാഗില്‍ പിന്നീട് മണ്ണ് നിറച്ചു കൊടുത്താല്‍ മതി. ചെടി കടപുഴകി വീഴാതിരിക്കാനാണിത്. നല്ല വെയിലും, നനയും അത്യാവശ്യമാണ്. വെള്ളം ഒരിക്കലും കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത് . ചെടി നട്ടതിനു ശേഷം 30/40 ദിവസത്തിനുള്ളില്‍ പൂവിടും. ഈ സമയം കടല പിണ്ണാക്കും പച്ച ചാണകവും പുളിപ്പിച്ച് നേര്‍പ്പിച്ച ലായനി ഒഴിച്ച് കൊടുക്കുന്നത് ചെടിയുടെ ആരോഗ്യത്തിനും, കൂടുതല്‍ വിളവിനും ഗുണം ചെയ്യും. തക്കാളി ചെടിയുടെ ശാഖകള്‍ക്ക് താരതമേന്യ ബലം
കുറവായതിനാല്‍ ഒടിഞ്ഞു പോകാന്‍ സാധ്യത കൂടുതലാണ്. അപ്പോള്‍ ചെടി കമ്പ് കൂട്ടി കെട്ടി താങ്ങ് കൊടുക്കേണ്ടതാണ്. ഒപ്പം തല നുള്ളുകയും വേണം. ചെടിയുടെ ഉയരം നീയന്ത്രിക്കാനും ശിഖരങ്ങള്‍ പൊട്ടി കൂടുതല്‍ മുഴുത്ത പഴങ്ങള്‍ ഉണ്ടാവാനും ഇത് സഹായിക്കും. പഴം നന്നായി മൂത്തതിനു ശേഷം പറിച്ചെടുക്കാം
ഇലയുടെ പ്രതലത്തില്‍ കോറി വരയ്ക്കുന്ന ഒരു തരം ചിത്ര കീടങ്ങള്‍, ഇലയും, പഴവും തിന്നു തീര്‍ക്കുന്ന പുഴുക്കള്‍/കായ തുരപ്പന്‍ ഇവയാണ് തക്കാളിയെ ബാധിക്കുന്ന പ്രധാന കീട ബാധ. ജൈവ കീട നാശിനികളായ പുകയില കഷായം/ വെളുത്തുള്ളി ലായനി / മണ്ണെണ്ണ കുഴമ്പ് ഇവ ഇതിനെതിരെ ഫലപ്രധമാണ്. ഇലകള്‍ക്കുണ്ടാവുന്ന വാട്ടം / ചുരുള്‍ ആണ് മറ്റൊരു രോഗ ബാധ. കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത അനഘ, ശക്തി, മുക്തി എന്നീ ഇനങ്ങളാണ് തക്കാളി കൃഷിക്ക്
ഉത്തമം. ഇതില്‍ ശക്തി എന്ന ഇനം വാട്ട രോഗത്തെ ചെറുക്കാന്‍ കെല്‍പ്പുള്ളവയാണ്. പുളിപ്പ് കലര്‍ന്ന മണ്ണില്‍ വളരുന്ന തക്കാളി ചെടിയുടെ ഇലകള്‍ക്കാണ് വാട്ട രോഗം കൂടുതലും കാണപ്പെടുന്നത് . ഇത്തരം മണ്ണില്‍, ചെടി നടുന്നതിന് മുമ്പ് അല്‍പ്പം കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍
ഇത് അത്ര ഫലപ്രദമായി കാണുന്നില്ല. വിത്ത് പാകുന്നതിനു മുമ്പ് വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി അര മണിക്കൂര്‍ സ്യുടോമോണസ് ലായനിയില്‍ ( 20 ശതമാനം വീര്യം ) മുക്കി വെക്കുന്നത് വാട്ട രോഗത്തെ ചെറുക്കാന്‍ ഫലപ്രധമാണെന്ന് കണ്ടെത്തിയിട്ടുണ്ട് . ചെടിയുടെ ചുവടു
നനക്കുന്നതോടൊപ്പം ഇലകളിലും വെള്ളം സ്പ്രേ ചെയ്യുന്നത്
നല്ലതാണ്.

1 comment:

  1. എന്റെ തക്കാളിയിലെ കായ്കളുടെ അടിയിൽ വട്ടത്തിൽ കറുത്ത് അഴുകുന്നു . എന്താ പ്രതിവിധി.

    ReplyDelete