Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Saturday, July 25, 2015

കുരുമുളക് തൈകള്‍ ഉണ്ടാക്കാം

കുരുമുളക് തൈകള്‍ ഉണ്ടാക്കാം

രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം കാരണം കുരുമുളക് കൃഷി കേരളത്തില്‍ കുറഞ്ഞുവരികയാണ്. അതേസമയം ഉത്പന്നത്തിന് വലിയ ഡിമാന്‍ഡും നല്ല വിപണിവിലയുമാണിപ്പോള്‍. കര്‍ഷകര്‍ വീണ്ടും കുരുമുളക് കൃഷിയിലേക്ക് ആകൃഷ്ടരാകുമ്പോഴും നല്ലയിനം നടീല്‍ വസ്തുക്കളുടെ ലഭ്യത കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. അല്പം ശ്രദ്ധിച്ചാല്‍ നമുക്കാവശ്യമുള്ള കുരുമുളക് തൈകള്‍ ഉത്പാദിപ്പിക്കാം.

നല്ല ഉത്പാദന ശേഷിയുള്ളതും സ്ഥിരമായി വിളവ് തരുന്നതുമായ പുഷ്ടിയോടെ വളരുന്ന നീളം കൂടിയ നല്ല തിരിപിടിത്തമുള്ള മണിപിടിത്തം കൂടുതലുള്ള രോഗപ്രതിരോധ ശേഷിയുള്ള വള്ളികളെയാണ് തിരഞ്ഞെടുക്കേണ്ടത്. മാതൃവള്ളികള്‍ 5 മുതല്‍ 12 വര്‍ഷം വരെ പ്രായമുള്ളവയാകണം. കുരുമുളക് കൊടിയുടെ ചുവട്ടില്‍ നിന്നുണ്ടാകുന്ന ചെന്തലകള്‍ വേര് വരാതിരിക്കാനും മണ്ണില്‍ പടരാതിരിക്കാനുമായി ചുറ്റിവെക്കണം.

ഇങ്ങനെ ചുറ്റിവെക്കുന്ന ചെന്തലകള്‍ ഫിബ്രവരി - മാര്‍ച്ച് മാസങ്ങളില്‍ മുറിച്ചെടുക്കാം. ഇളം തലപ്പു ഭാഗവും കൂടുതല്‍ മൂത്ത കട ഭാഗവും ഒഴിവാക്കണം. രണ്ടോ മൂന്നോ മുട്ടുകളുള്ള കഷണങ്ങളായി മുറിച്ച് ഇലഞെട്ടുകള്‍ തണ്ടില്‍ത്തന്നെ നില്‍ക്കുന്ന വിധത്തില്‍ ഇലകള്‍ മുറിച്ച് മാറ്റണം. ഇത്തരം തണ്ടുകളുടെ ചുവടുഭാഗം രണ്ടു സെന്റീമീറ്റര്‍ വരെ ഇഡോള്‍ ബ്യൂട്ടറിക്ക് ആസിഡ് ലായനിയില്‍ 45 സെക്കന്‍ഡ്‌വരെ മുക്കിയെടുത്ത് പോര്‍ട്ടിങ് മിക്‌സ്ചര്‍ നിറച്ച പോളിത്തീന്‍ ബാഗുകളില്‍ നടാം. ഐ.ബി.എ. ലായനി തയ്യാറാക്കുന്നതിന് 3-5 ഗ്രാം അലക്കുകാരം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് അതില്‍ ഒരു ഗ്രാം ഐ.ബി.എ. ലയിപ്പിച്ചെടുത്താല്‍ മതി. സെറാഡിക്‌സ് ബി.2 എന്ന റൂട്ട് ഹോര്‍മോണും ഇതിനുവേണ്ടി ഉപയോഗിക്കാം. ചെറിയതോതില്‍ നഴ്‌സറി തയ്യാറാക്കാന്‍ സെറാഡിക്‌സ് ബി2 ആണ് നല്ലത്.

രണ്ടുഭാഗം ഫലപുഷ്ടിയുള്ള മേല്‍മണ്ണും ഒരു ഭാഗം പൂഴിയും ഒരു ഭാഗം ചാണകപ്പൊടിയും ചേര്‍ന്നതാണ് പോര്‍ട്ടിങ് മിശ്രിതം. ഒരു കി. ഗ്രാം പോര്‍ട്ടിങ് മിശ്രിതത്തിന് മൈക്കോറൈസ 100 സി.സി. എന്ന തോതിലും ട്രൈക്കോഡര്‍മ ഒരു ഗ്രാം എന്ന തോതിലും ചേര്‍ത്ത് കൊടുക്കണം. പോര്‍ട്ടിങ് മിശ്രിതം നിറച്ച പോളിത്തീന്‍ ബാഗുകളില്‍ അഞ്ച് തണ്ട് വീതം നടണം.

പോളിത്തീന്‍ കൂടകള്‍ക്ക് തണല്‍ നല്‍കണം. രണ്ടാഴ്ചയിലൊരിക്കല്‍ ബോര്‍ഡോ മിശ്രിതം തളിക്കുന്നത് രോഗ പ്രതിരോധത്തിന് സഹായിക്കും. മഴതുടങ്ങുന്നതോടെ തണല്‍ മാറ്റിക്കൊടുക്കണം. ഇങ്ങനെ തയ്യാറാക്കിയ തൈകള്‍ ജൂണ്‍, ജൂലായ് മാസങ്ങളില്‍ പ്രധാന കൃഷിയിടങ്ങളിലേക്ക് മാറ്റി നടാം.

No comments:

Post a Comment