Featured Post

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

മണ്‍രസതന്ത്രം: കുമ്മായം മണ്ണിന് കരുത്തും കാതലും ‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സ...

Saturday, July 25, 2015

പാഷന്‍ഫ്രൂട്ടിന്റെ(Passion Fruit)ഗുണങ്ങള്‍

മറ്റു പഴങ്ങള്‍ക്കൊപ്പം പ്രാധാന്യം ലഭിക്കാത്ത പാഷന്‍ഫ്രൂട്ട് ഗുണമേന്മയും ഔഷധമൂല്യവും നിറഞ്ഞതാണ്. പാഷന്‍ഫ്രൂട്ടിന്റെ ഫലമജ്ജയില്‍ 76.3 ശതമാനവും ജലാംശമാണ്. ബാക്കിയുള്ളതില്‍ 12.4 ശതമാനം അന്നജവും 9.6 ശതമാനം നാരുകളുമുണ്ട്. ജീവകം സിയും ജീവകം - എയും കരോട്ടിന്‍, പൊട്ടാസ്യം, കാത്സ്യം, സോഡിയം ഫോസ്ഫറസ്, മാംസ്യം, ഇരുമ്പ് തുടങ്ങിയവയും ഫലമജ്ജയില്‍ കാണപ്പെടുന്നു. ശരീരകോശങ്ങള്‍ക്ക് ഓജസ്സുപകരുന്ന നിരോക്സീകാരികളുടെ നല്ലൊരു ശേഖരമാണ് പാഷന്‍ഫ്രൂട്ട്. രോഗപ്രതിരോധ ശേഷിക്കും ഇതു സഹായകമാകുന്നു. പാഷന്‍ഫ്രൂട്ടിലെ അന്നജത്തിന്റെ അധികഭാഗവും ആമെവോപ്രോക്ടിനാണ്.

മഞ്ഞയും വയലറ്റും നിറങ്ങളില്‍ കായ്കളുള്ള രണ്ട് ഇനങ്ങളാണ് പ്രധാനമായിട്ടുള്ളത്. വലിയ കായ്കളുള്ളതും കൂടുതല്‍ കായ്ക്കുന്നതും മഞ്ഞയിനമാണ്. വയലറ്റ് കായ്കള്‍ക്ക് മഞ്ഞ കായ്കളെക്കാ‍ള്‍ പുളിപ്പ് കുറവാണ്.

കേരളത്തിലെ സമതലങ്ങളില്‍ മഞ്ഞയിനവും തണുപ്പുള്ള മലയോരപ്രദേശങ്ങളില്‍ വയലറ്റ് ഇനവുമാണ് നന്നായി വളരുക. ഗോള്‍ഡന്‍ ജെയന്റ്, പനാമ, യീ സെലക്ഷന്‍, നോയല്‍സ് സ്പെഷ്യല്‍, ബ്രസീലിയന്‍ ഗോള്‍ഡന്‍ എന്നിവയാണ് പ്രധാന മഞ്ഞയിനങ്ങള്‍. ഓസ്ട്രേലിയന്‍ പര്‍പ്പിള്‍, കോമണ്‍ പര്‍പ്പിള്‍, പര്‍പ്പിള്‍ ജെയന്റ്, റെഡ് റോവര്‍, ഫ്രെഡറിക് എന്നിവയാണ് പ്രധാന വയലറ്റ് ഇനങ്ങള്‍. കാവേരി, സൂപ്പര്‍ സ്വീറ്റ്, ലെയ്സി, പര്‍പ്പിള്‍ ഗോള്‍ഡ് എന്നിവ മഞ്ഞയുടെയും വയലറ്റിന്റെയും സങ്കരയിനങ്ങളാണ്.

സങ്കീര്‍ണ അന്നജമായ ഇത് മറ്റു പഞ്ചസാരകളുടെയത്രയും അപകടകാരിയല്ല.

അതുകൊണ്ടു തന്നെ പ്രമേഹ രോഗികള്‍ക്കും പാഷന്‍ഫ്രൂട്ട് കഴിക്കാവുന്നതാണ്.

ബുദ്ധിവികാസത്തിനും രക്തശുദ്ധിക്കും പാഷന്‍ഫ്രൂട്ടുകള്‍ ഉത്തമമാണ്.

ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ഇവയുടെ പൂക്കളും ഫലപ്രദങ്ങളാണ്.

വായ്പുണ്ണിന് പാഷന്‍ഫ്രൂട്ട് ഫലപ്രദമായ ചികിത്സയാണെന്ന് പഴമക്കാര്‍ പറയുന്നു.

മാനസിക സംഘര്‍ഷങ്ങള്‍ കുറക്കുവാനും ഈ ഫലങ്ങള്‍ ഉത്തമമാണ്.

സ്ക്വാഷ്, ജ്യൂസ്, ഐസ്ക്രീം, സര്‍ബത്ത്, ജാം, ജെല്ലി, സിറപ്പ് തുടങ്ങിയ സ്വാദിഷ്ടമായ വിഭവങ്ങള്‍ക്കുവേണ്ടി പാഷന്‍ഫ്രൂട്ട് ഉപയോഗിക്കാം.

പാഷന്‍ഫ്രൂട്ടിന്റെ രുചികരമായ നീരിനു മാത്രമല്ല മേന്മ. അതിന്റെ പുറംതോടില്‍ പത്തു ശതമാനത്തോളം മാംസ്യവും പെക്ടിനും അടങ്ങിയിട്ടുണ്ട്. പോഷക സമൃദ്ധമായ ഈ പുറം തോടുപയോഗിച്ചും ജാമും മറ്റു തയ്യാറാക്കാം.

ലവണ ജീവക സമൃദ്ധമായ പാഷന്‍ഫ്രൂട്ട് നമ്മുടെ പോഷക നിലവാരവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്ന അനുഗ്രഹമാണ്.

പഴങ്ങളുടെ തോടുപയോഗിച്ച് അച്ചാറുകളും ജെല്ലിയും ഉണ്ടാക്കാം. വിദേശരാജ്യങ്ങളായ ബ്രസീല്‍, ഫിജി എന്നിവിടങ്ങളില്‍ തോടില്‍ നിന്നും പെക്റ്റിന്‍ ഉത്പാദിപ്പിക്കുന്നു. കൂടാതെ കാലിത്തീറ്റയുടെ ഫില്ലറായും ഉപയോഗിക്കുന്നു.
ഇവയുടെ കുരുവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണ സൌന്ദര്യവര്‍ധക വസ്തുക്കളുടെ ഉത്പാദനത്തിനും ഉപയോഗിക്കുന്നു.

ഇതിന്റെ ഉള്ളിലെ ഭക്ഷ്യയോഗ്യമായ ഭാഗം ഉപയോഗപ്പെടുത്തി ദാഹശമനികള്‍ നിര്‍മ്മിക്കാം. അതിനാല്‍ സ്ക്വാഷ് നിര്‍മ്മാണ വ്യവസായങ്ങളില്‍ ഇതൊരു അമൂല്യമായ അസംസ്കൃത വസ്തുവാണ്.

മരങ്ങളില്‍ വള്ളിയായി പടര്‍ന്നു കയറുന്ന സസ്യമാണ് പാഷന്‍ഫ്രൂട്ട്. വളരെ വേഗം മൂപ്പെത്തുന്നുവെന്നതാണ് പാഷന്‍ഫ്രൂട്ടിന്റെ ഒരു പ്രധാന ഗുണം. കേരളത്തില്‍ കേസരിപ്പഴമെന്നാണ് ഈ ബ്രസീലിയന്‍ പഴത്തിന് നല്കിയിരിക്കുന്ന പേര്.

സാധാരണയായി വിത്തുകള്‍ പാകിയാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. വിത്തിലൂടെ ഉത്പാദിപ്പിച്ച തൈകള്‍ക്ക് ജനിതക വ്യതിയാനം കാണുമെന്നതിനാല്‍ വാണിജ്യാടിസ്ഥാനത്തിവുള്ള കൃഷിക്ക് വള്ളികള്‍ മുറിച്ച് നടുന്നതോ ഒട്ടുതൈകള്‍ ഉപയോഗിക്കുന്നതോ ആണ് ഉത്തമം.

പാഷന്‍ ഫ്രൂട്ട് കൊണ്ട് രുചികരമായ വൈന്‍ ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നമുക്ക് നോക്കാം

പാഷന്‍ ഫ്രൂട്ട് വൈന്‍

അവശ്യമായവ:
പാഷന്‍ ഫ്രൂട്ട് പള്‍പ്പ് -ഒരു കിലോ
പഞ്ചസാര- ഒന്ന്/ ഒന്നര കിലോ
വെള്ളം (തിളപ്പിച്ച് തണുപ്പിച്ചത്‌) --മൂന്നു കുപ്പികള്‍ (750 മില്ലിയുടെ)
യീസ്റ്റ്-ഒരു ടീസ്പൂണ്‍
മുട്ടയുടെ വെള്ളക്കരു (നന്നായി അടിച്ചത് )-1

പാചകരീതി:
പാഷന്‍ ഫ്രൂട്ട് പള്‍പ്പ്, പഞ്ചസാര, വെള്ളം , യീസ്റ്റ് ഇവ ഒരുമിച്ചു യോജിപ്പിക്കുക. നന്നായി അടിച്ച മുട്ടയുടെ വെള്ളക്കരു ഈ മിശ്രിതത്തില്‍ ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കുക , ഈ മിശ്രിതം നല്ല ഒരു കളിമണ്‍ ജാറില്‍(ഭരണിയില്‍ ) ഇട്ടു പാത്രത്തിന്റെ വായ് മസ്ലിന്‍ തുണി കൊണ്ട് മുറുക്കി കെട്ടുക.ഇങ്ങനെ ഈ ഭരണി /പാത്രം 21 ദിവസ്സം സൂക്ഷിച്ചു വെയ്ക്കേണ്ടതുണ്ട്. ആദ്യത്തെ പത്ത് ദിവസ്സം, ഇടവിട്ടുള്ള ദിവസ്സങ്ങളില്‍ ഭരണി തുറന്നു അതിലെ മിശ്രിതം നന്നായി കലക്കി വെയ്ക്കണം. 21 ദിവസ്സം കഴിയുമ്പോള്‍ വൈന്‍ മിശ്രിതം ഒരു കട്ടി കുറഞ്ഞ ശുദ്ധമായ തോര്‍ത്ത്‌ ഉപയോഗിച്ച് അരിച്ച് മറ്റൊരു വലിയ പാത്രത്തിലേക്ക് പകരുക. ഈ പാത്രം മസ്ലിന്‍ തുണിയോ തോര്‍ത്തോ ഉപയോഗിച്ച് മൂടിയ ശേഷം 6 മണിക്കൂര്‍ അനക്കാതെ വെയ്ക്കുക.(ഇത് വൈന്‍ മിശ്രിതത്തില്‍ വായു കടക്കാനാണ്, അല്ലെങ്കില്‍ വൈനിന് പുളി രസം ഉണ്ടാകും ). വൈന്‍ മിശ്രിതത്തിലെ മട്ടി അടിയുമ്പോള്‍ വീണ്ടു വൈന്‍ ഒന്ന് കൂടി അരിച്ചു നിറമുള്ള കുപ്പികളിലേക്കു പകര്‍ന്നു സൂക്ഷിക്കുക .

2 comments:

  1. ഇത് എങ്ങനെ നട്ട് പരിപാലിക്കണം ,എങ്ങനെ കൃഷി ചെയ്യണം എന്ന്‍ വിശദീകരിക്കുന്നില്ല

    ReplyDelete
  2. Pashion fruit can grow any soil condition. only need to make support stands and net for better harvesting. otherwise if it grow over a tree , that tree will get damaged

    ReplyDelete